‘അല്‍പം മര്യാദയാവാം’; ടിക് ടോകിന്റെ സന്ദേശം
തെരഞ്ഞെടുപ്പ് ജ്വരം ഒടുവിൽ ആപ്പിലേക്കും കൂടി വ്യാപിച്ചതോടെ, അൽപം ഉത്തരവാദിതത്തോടെ ടിക് ടോക് ഉപയോഗിക്കണമെന്നാണ് ചെെനീസ് ടെക് ഭീമൻ ആവശ്യപ്പെട്ടിരിക്കുന്നത്

ഇന്ന് ഏറ്റവുമധികം പ്രചാരത്തിലിരിക്കുന്ന സോഷ്യൽ മീഡിയ എന്റർടെെനിംഗ് നെറ്റ്‍വർക്കാണ് ടിക്-ടോക്. ലിപ് സിങ്കിംഗ്, വീഡിയോ ഷെയറിംഗിലൂടെ ടെക് ലോകം അടക്കി വാഴുന്ന ടിക് ടോക്, ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ അതിന്റെ യൂസേഴ്സിനോട് പ്രത്യേക അപേക്ഷയുമായാണിപ്പോൾ എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ജ്വരം ഒടുവിൽ ആപ്പിലേക്കും കൂടി വ്യാപിച്ചതോടെ, അൽപം ഉത്തരവാദിതത്തോടെ ടിക് ടോക് ഉപയോഗിക്കണമെന്നാണ് ചെെനീസ് ടെക് ഭീമൻ ആവശ്യപ്പെട്ടിരിക്കുന്നത്. ടിക് ടോക് തന്നെ പുറത്തിറക്കിയ പബ്ലിക് സർവീസ് അനൗൺസ്മെന്റിലാണ് കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സമയത്ത് ഇരു രാജ്യങ്ങളില്‍ നിന്നും പരസ്പരം വെല്ലുവിളികളും വിദ്വേഷവും പരത്തുന്ന ടിക് ടോക് വീഡിയോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായിരുന്നു.
തെരഞ്ഞടുപ്പ് കാലമായതോടെ ടിക് ടോകിന്റേതായി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഹാഷ്ടാഗുകളിൽ ബി.ജെ.പി, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, ആർ.എസ്.എസ് എന്നിങ്ങനെയുള്ള വാക്കുകൾ കൂടുതലായി കാണപ്പെടുകയുണ്ടായി. നിയമ വിരുദ്ധമായ ഉള്ളടക്കമുള്ള വീഡിയോകൾ അപ്‍ലോഡ് ചെയ്യാതിരിക്കാനും, വ്യാജ വാർത്തകൾ പരത്തുന്ന വീഡിയോകൾ ഷെയർ ചെയ്യാതിരിക്കാനും ഉപയോക്താക്കൾ ശ്രദ്ധ പുലർത്തണമെന്നും, ടിക് ടോക് ഉത്തരവാദിത്ത ബോധത്തോടെ കെെകാര്യം ചെയ്യണമെന്നുമാണ് ആപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെെറ്റ് സന്ദർശിക്കാനും, കമ്മീഷന്റെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ മനസ്സിലാക്കാനും സന്ദേശത്തിൽ പറയുന്നുണ്ട്.
ആപ്പിന്റെ ദുരുപയോഗം തടയുന്നതിനായി ബഹുമുഖ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയതായി ടിക് ടോക് അധികൃതർ പറഞ്ഞു. യൂസേഴ്സിൽ ആപ്പിന്റെ വഴിവിട്ട ഉപയോഗം തടയുന്നതിനും, ബോധവത്കരണം നടത്തുന്നതിനും വേണ്ട നടപടികൾ കെെെകൊണ്ടതായും ടിക് ടോക് അറിയിച്ചു. നേരത്തെ, ആപ്പിനെതിരെ അശ്ലീലത പ്രോത്സാഹിപ്പിക്കുന്നെന്ന വിമർശനം വ്യാപകമായി ഉയർന്നിരിന്നു.
Adjust Story Font
16

