‘ബാഹുബലി’ റോക്കറ്റില്‍ ചാന്ദ്രയാന്‍ 2 അടുത്തയാഴ്ച്ച കുതിക്കും, ചിത്രങ്ങള്‍ പുറത്ത്
വിക്രമിന്റേയും പ്രഗ്യാന്റേയും അടക്കം ചിത്രങ്ങളാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2വിന്റെ ചിത്രങ്ങളും ടീസര്‍ വീഡിയോയും പുറത്തുവിട്ടു. ജൂലൈ 15നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും ചാന്ദ്രയാന്‍ 2 'ബാഹുബലി' എന്ന് വിളിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റില്‍ കുതിച്ചുയരുക. 1000 കോടി രൂപചിലവ് വരുന്ന ചാന്ദ്രയാന്‍ 2 ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും കടുപ്പമേറിയ ദൗത്യമായാണ് വിലയിരുത്തപ്പെടുന്നത്.
ചന്ദ്രന് ചുറ്റും കറങ്ങുന്ന വിക്രം എന്ന ലാന്‍ഡറും ചന്ദ്രനിലിറങ്ങുന്ന പ്രഗ്യാന്‍ എന്ന പേടകവും അടങ്ങുന്നതാണ് ചാന്ദ്രയാന്‍ 2 ദൗത്യം. ആറ് ചക്രങ്ങളുള്ള പ്രഗ്യാന്‍ ചന്ദ്രന്റെ ദക്ഷിണാര്‍ധഗോളത്തിലാണ് ഇറങ്ങുക. 27 കിലോഗ്രാമാണ് ഭാരം. ഇസ്‌റോയുടെ മനുഷ്യ ദൗത്യത്തിന് മുന്നോടിയായുള്ള ചാന്ദ്രയാന്‍ 2 മനുഷ്യരില്ലാത്ത റോബോട്ടിക് ദൗത്യമാണ്.
വിക്രമിന്റേയും പ്രഗ്യാന്റേയും അടക്കം ചിത്രങ്ങളാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിരിക്കുന്നത്. വിക്ഷേപണ സമയത്തെ ഉയര്‍ന്ന ഊഷ്മാവിനെ പ്രതിരോധിക്കുന്നതിന് സ്വര്‍ണ നിറമുള്ള കടലാസുകൊണ്ട് പൊതിഞ്ഞ നിലയിലുള്ള ചാന്ദ്രയാന്‍ 2വിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രനിലിറങ്ങുന്ന വിക്രമെന്ന പേടകത്തിന് ഒരു വര്‍ഷത്തെ ആയുസാണ് ഇസ്‌റോ നല്‍കിയിരിക്കുന്നത്.
ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി 14 പരീക്ഷണങ്ങളാണ് നടക്കുക. ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങളും ചാന്ദ്രയാന്‍ 2 ഭൂമിയിലേക്കയക്കും. കൂട്ടത്തില്‍ ചന്ദ്രന്റെ ഉപരിതലത്തിലെ ധാതുക്കളുടെ സാന്നിധ്യത്തെക്കുറിച്ചും പഠനം നടക്കും. ചന്ദ്രനിലുണ്ടാകുന്ന കുലുക്കങ്ങളേയും ഊഷ്മാവിനേയും ചാന്ദ്രയാന്‍ 2 രേഖപ്പെടുത്തും.
ഇന്ത്യ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും കരുത്തേറിയ റോക്കറ്റെന്നതാണ് ജി.എസ്.എല്‍.വി മാര്‍ക് 3ക്ക് ബാഹുബലി എന്ന പേര് സമ്മാനിച്ചത്. ജി.എസ്.എല്‍.വി മാര്‍ക് 3യാണ് ചാന്ദ്രയാന്‍ 2 വിനെ ബഹിരാകാശത്തെത്തിക്കുക. 640 ടണ്‍ ഭാരവും 44 മീറ്റര്‍ ഉയരവുമുണ്ട് ജി.എസ്.എല്‍.വി മാര്‍ക് 3ക്ക്. ജൂലൈ 15ന് പുലര്‍ച്ചെ 02.51ന് ആരംഭിക്കുന്ന യാത്ര 3.84 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ജി.എസ്.എല്‍.വി മാര്‍ക് 3 അവസാനിപ്പിക്കുക.
Adjust Story Font
16

