സൂപ്പര്‍ മാരിയോയെ ഓര്‍മ്മയില്ലേ ? ഈ ഗെയിമിന്റെ സൃഷ്ടി ഇങ്ങനെയായിരുന്നു...
തിരിച്ചൊരു പണി കൊടുക്കണമെന്നായി മിനോരു അരകാവയുടെ ചിന്ത. തന്റെ ഗെയിമിലെ ജംപ്മാന്‍ എന്ന കഥാപാത്രത്തിന് മാരിയോ എന്ന് പേര് നല്‍കി.

ഒരു കാലത്ത് കുട്ടികളുടെ ഇഷ്ട വീഡിയോ ഗെയിം ആയിരുന്നു സൂപ്പര്‍ മാരിയോ. ലോകത്ത് ഏറ്റവും അധികം വിറ്റഴിച്ച സൂപ്പര്‍ മാരിയോ ഗെയിം സീരീസ് പിറവിയെടുത്തത് ഈ ദിവസമാണ്.
പീച്ച് രാജകുമാരിയെ രക്ഷിക്കാനാണ് മാരിയോയുടെ ഓട്ടം. കൂണ്‍ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയന്‍ പ്ലംബര്‍ ആണ് മാരിയോ. ഈ ഓട്ടം തുടങ്ങിയത് 1985 സെപ്തംബര്‍ 13നാണ്. 1980കളിലാണ് മാരിയോയുടെ സൃഷ്ടിയുടെ തുടക്കം. ജപ്പാനിലെ പ്രമുഖ വീഡിയോ ഗെയിം നിര്‍മാതാക്കളായ നിന്‍ടെന്‍ഡോ കന്പനി തങ്ങളുടെ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗെയിം നിര്‍മാണത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത്. കന്പനി ഷിഗേരു മിയാമോട്ടോ എന്ന ആര്‍ട്ടിസ്റ്റിനെ സമീപിച്ചു. മിയാമോട്ടോ ചിന്തകളില്‍ നിന്നാണ് 1981ല്‍ ഡോങ്കി കോങ് എന്ന ഗെയിം രൂപം കൊള്ളുന്നത്. ഒരു മനുഷ്യനും അയാളുടെ പെണ്‍സുഹൃത്തും അയാള്‍ വളര്‍ത്തുന്ന ഗൊറില്ലയും തമ്മിലുള്ള ത്രികോണ പ്രണയമായിരുന്നു ഗെയിമിന്റെ ഉള്ളടക്കം. ഓടാനും ചാടാനും കഴിവുള്ള അയാളെ ജംപ്മാന്‍ എന്നാണ് വിളിച്ചിരുന്നത്.
പെട്ടെന്നാണ് കഥയിലൊരു ട്വിസ്റ്റ് വരുന്നത്. ഗെയിമിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് നൈന്‍ടെന്‍ഡോ കന്പനി പ്രവൃത്തിച്ചിരുന്ന വാടകക്കെട്ടിടത്തിലേക്ക് വാടക ആവശ്യപ്പെട്ട് കെട്ടിട ഉടമ വരുന്നു. അദ്ദേഹത്തിന്റെ പേരാണ് മാരിയോ സെഗാലി. വാടക നല്‍കാത്തതിന് കന്പനിയുടെ അമേരിക്കന്‍ ആസ്ഥാനത്തിന്റെ മേധാവി മിനോരു അരകാവയെ കണക്കറ്റ് ശകാരിച്ചു. അതും തൊഴിലാളികളുടെ മുന്നില്‍ വെച്ച്. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. തിരിച്ചൊരു പണി കൊടുക്കണമെന്നായി മിനോരു അരകാവയുടെ ചിന്ത. തന്റെ ഗെയിമിലെ ജംപ്മാന്‍ എന്ന കഥാപാത്രത്തിന് മാരിയോ എന്ന് പേര് നല്‍കി. പിന്നീട് പുറത്തിറങ്ങിയ ഗെയിമിന്റെ പേര് മാരിയോ ബ്രോസ് എന്നായിരുന്നു. അതിന്റെ കൂടുതല്‍ പരിഷ്കരിച്ച പതിപ്പാണ് 1985ല്‍ പുറത്തിറങ്ങുന്ന സൂപ്പര്‍ മാരിയോ ബ്രോസ്.
വീഡിയോ ഗെയിമുകളുടെ ലോകം പിടിച്ചടക്കാന്‍ മാരിയോക്ക് സാധിച്ചു. ഗെയിമിലെ കഥാപാത്രത്തിന്റെ പേരിന്റെ പിന്നിലെ കഥ നിന്‍ടെന്‍ഡോ കന്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മാരിയോ സെഗാലി ഇതേകുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ പേര് ഉപയോഗിച്ച വകയിലുള്ള റോയല്‍റ്റി ചെക്കിന് വേണ്ടി ഇപ്പോഴും താന്‍ കാത്തിരിക്കുകയാണെന്ന് ഒരു അഭിമുഖ സംഭാഷണത്തിനിടെ തമാശരൂപേണ സെഗാലി പറയുകയുണ്ടായി. ഉടമയെ കളിയാക്കി പണികൊടുത്തതാണെങ്കിലും പിന്നീട് മാരിയോ പേര് അനശ്വരമായി മാറുകയായിരുന്നു. എക്കാലത്തേയും വിജയകരമായി കണക്കാക്കുന്ന വീഡിയോ ഗെയിമാണ് സൂപ്പര്‍ മാരിയോ സീരീസ്.
Adjust Story Font
16

