സ്റ്റീവ് ജോബ്സ് എന്ന ഡിജിറ്റല്‍ വിപ്ലവകാരി
ഐഫോണിലെയും ഐപാഡിലെയും മാസ്മരിക ലോകം പോലെ സുന്ദരമായിരുന്നില്ല സ്റ്റീവിന്റെ ജീവിതം.

ആപ്പിള്‍ കന്പനിയുടെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ സ്റ്റീവ് ജോബ്സ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം. കന്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജിയില്‍ വിപ്ലവപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ക്രാന്തദര്‍ശിയായിരുന്നു സ്റ്റീവ് ജോബ്സ്.
2011 ഒക്ടോബര്‍ അഞ്ച്... പുതുസാങ്കേതിക രംഗത്തെ വിപ്ലവ നക്ഷത്രം സ്റ്റീവന്‍ പോള്‍ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ് ഈ ലോകത്തോട് വിടപറഞ്ഞ ദിനം. കന്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യാ രംഗത്തെ പുത്തന്‍ ചുവടുകള്‍ കൊണ്ട് ലോകത്തെ മാറ്റിമറിച്ച, വിസ്മയിപ്പിച്ച താരോദയമായിരുന്നു സ്റ്റീവ് ജോബ്സ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മാന്ത്രിക വടി കൊണ്ട് സ്റ്റീവ് തൊട്ടപ്പോള്‍ ലോകത്തിന്റെ കണ്ണും കാതും എഴുത്തും വായനയും ജീവിതം തന്നെയും മറ്റൊന്നായി. ലോകത്തെ അടിമുടി നവീകരിച്ച മാറ്റത്തിന് ചുക്കാന്‍ പിടിച്ച ഡിജിറ്റല്‍ വിപ്ലവകാരിയായിരുന്നു സ്റ്റീവ് ജോബ്സ്.
ഐഫോണിലെയും ഐപാഡിലെയും മാസ്മരിക ലോകം പോലെ സുന്ദരമായിരുന്നില്ല സ്റ്റീവിന്റെ ജീവിതം. സാൻഫ്രാൻസിസ്കോയിൽ 1955 ഫെബ്രുവരി 24-നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം. സ്റ്റീവിനെ വളര്‍ത്താന്‍ സാന്പത്തിക ശേഷിയില്ലാതിരുന്ന അമ്മ ജോആന്‍ കുഞ്ഞിനെ കാലിഫോര്‍ണിയയിലെ ദന്പതികള്‍ക്ക് നല്‍കി. കോളജ് പഠനകാലത്ത് വീട്ടിലെ സാന്പത്തിക പ്രയാസം മനസ്സിലാക്കി സ്റ്റീവ് പഠനം നിര്‍ത്തി. 1976 ൽ സ്റ്റീവ് വോസ്നിയാക്കിനും റൊണാൾഡ് വെയിനുമൊപ്പം ആപ്പിൾ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടു. 1985 ൽ ആപ്പിളിൽ കന്പനിയിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് സ്റ്റീവിനെ കന്പനി പുറത്താക്കി. എന്നാൽ ജോബ്സ് നിരാശനായില്ല. അദ്ദേഹം നെക്സ്റ്റ് കമ്പുറ്റെസ് എന്ന കമ്പനി തുടങ്ങി. 1986 ൽ ജോബ്സ് പിക്സാർ എന്ന കമ്പനിക്കും തുടക്കമിട്ടു. 1996 ൽ ആപ്പിൾ നെക്സ്റ്റ്നെ വാങ്ങിയപ്പോൾ ജോബ്സ് ആപ്പിളിൽ തിരിച്ചെത്തി. 2001 ൽ ആപ്പിൾ ഐപോഡ് അവതരിപിച്ചു. 2007 ൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ചതോടെ സ്റ്റീവ് അജയ്യനായി മാറി.
2011 ആഗസ്റ്റില്‍ ആരോഗ്യം വെല്ലുവിളിയായപ്പോള്‍ ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനം ടിം കുക്കിന് നല്‍കി. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2011 സ്റ്റീവ് ജോബ്സ് മരിക്കുന്പോള്‍ 35,000 കോടി ഡോളറായിരുന്നു ആപ്പിളിന്റെ വിപണിമൂല്യം. ഒരു മനുഷ്യായുസ്സിന്റെ കര്‍മസാധ്യതകളത്രയും തെളിയിച്ചാണ് 56ാം വയസ്സില്‍ സ്റ്റീവ് കണ്ണടച്ചത്. ഇന്നും ആപ്പിള്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്പോള്‍ ലോകത്തിന് മുന്നില്‍ തെളിയുന്നത് സ്റ്റീവ് ജോബ്സ് എന്ന ഡിജിറ്റല്‍ വിപ്ലവകാരിയാണ്.
Adjust Story Font
16

