റിയല്‍മി സി.ഇ.ഒ ‘ഉപയോഗിക്കുന്നത്’ ഐഫോണ്‍; സ്വന്തം കുഞ്ഞിനെ ഇഷ്ടമല്ലേയെന്ന് സോഷ്യല്‍മീഡിയ
പക്ഷേ ഒരു സ്മാർട്ട്‌ഫോൺ കമ്പനിയുടെ സി.ഇ.ഒ ഐഫോൺ ഉപയോഗിക്കുക എന്നത് അത്ര സ്വാഭാവികമല്ല.

വിവിധ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസഡർമാർ ഐഫോണുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴൊക്കെ വാര്‍ത്തയായിട്ടുണ്ട്. പക്ഷേ അതില്‍ അത്ര ആശ്ചര്യപ്പെടാനൊന്നുമില്ല.
റഷ്യയിലെ സാംസങ്ങിന്റെ മുൻ ബ്രാൻഡ് അംബാസഡർ ക്സെനിയ സോബ്‌ചാക്ക്, ടെന്നീസ് താരം ഡേവിഡ് ഫെറർ എന്നിവരൊക്കെ ഐഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ചവരാണ്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഐഫോൺ എക്സ് ഉപയോഗിച്ചതിന് ക്സീനിയയ്‌ക്കെതിരെ സാംസങ് നടപടി എടുത്തിരുന്നു. അതൊക്കെ സ്വാഭാവികം. പക്ഷേ ഒരു സ്മാർട്ട്‌ഫോൺ കമ്പനിയുടെ സി.ഇ.ഒ ഐഫോൺ ഉപയോഗിക്കുക എന്നത് അത്ര സ്വാഭാവികമല്ല. റിയൽമി ഇന്ത്യ സി.ഇ.ഒ മാധവ് ഷെത്താണ് ഐഫോൺ ഉപയോഗിച്ചതിന് ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങുന്നത്. മാധവിന്റെ ട്വീറ്റാണ് പുലിവാലായത്.
നവംബർ 16 ന് റിയൽമി 3, 3 ഐ എന്നിവയ്‌ക്കായുള്ള പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് മാധവ് ട്വീറ്റ് ചെയ്തിരുന്നു. ഇത് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ്, ട്വീറ്റിന്റെ ചുവടെ വലതുവശത്ത് "ഐഫോണില്‍ നിന്നുള്ള ട്വിറ്റർ" എന്ന കുറിപ്പ് കാണുന്നത്. സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ മാധവ് ട്വീറ്റ് പിന്‍വലിച്ചു. ഏതായാലും മാധവിന്റെ ട്വീറ്റ് ചര്‍ച്ചയായതോടെ ഇതില്‍ വേറൊരു വശം ചികഞ്ഞെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ നിരീക്ഷകര്‍. പല ഉന്നതരുടെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് പബ്ലിസിറ്റി ടീം ആയിരിക്കും. ഈ സംഘത്തിലെ ആരെങ്കിലുമായിരിക്കും ഐഫോണില്‍ നിന്ന് മാധവിന്റെ അക്കൌണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തത്. ഇത് സത്യമാണെങ്കില്‍ കൂടി മറ്റൊരു ബ്രാന്‍ഡിന്റെ ഔദ്യോഗിക പദവി വഹിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടവരുടെ പട്ടികയിലേക്ക് മാധവ് കൂടി എത്തും.
Adjust Story Font
16

