Quantcast

മാനുഷിക സഹായ രം​ഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തമാക്കാൻ യു.എന്നിൽ സൗദി അറേബ്യ

സൗദിയാണ് സഹായത്തിൽ ലോകത്ത് രണ്ടാമതും അറബ് ലോകത്ത് ഒന്നാമതും

MediaOne Logo

Web Desk

  • Updated:

    2026-06-18 12:30:08

Published:

18 Jun 2026 5:51 PM IST

The Kingdom affirms the importance of strengthening international cooperation to address humanitarian challenges.
X

റിയാദ്: വർധിച്ചുവരുന്ന ആഗോള മാനുഷിക വെല്ലുവിളികളെ നേരിടുന്നതിനും പ്രതിസന്ധികളിൽ അകപ്പെട്ട രാജ്യങ്ങളെ പുനരധിവാസത്തിലേക്ക് നയിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവുമായി യുഎന്നിൽ സൗദി അറേബ്യ. ആഗോളതലത്തിൽ നിലനിൽക്കുന്ന ആവശ്യങ്ങളും ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് രാജ്യം ഓർമിപ്പിച്ചു. സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിലാണ് രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ന്യൂയോർക്കിൽ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗൺസിലിന്റെ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിൽ ആഗോളതലത്തിൽ സൗദി അറേബ്യ കൈവരിച്ച വലിയ നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി. ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ നൽകുന്നതിൽ സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്. മുൻവർഷങ്ങളിലെ കണക്കുകളുടെ തുടർച്ചയായി 2025-ലും രാജ്യം ഈ മുൻനിര സ്ഥാനം നിലനിർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും യുദ്ധക്കെടുതിയും അനുഭവിക്കുന്ന ജനതയ്ക്ക് തണലാകാൻ സൗദിക്ക് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ മാനുഷിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ ദൗർലഭ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കൂടുതൽ സുസ്ഥിരവും ലളിതവുമായ ധനസഹായ രീതികൾ രൂപപ്പെടുത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. ഇതിനായി പുതിയ ദാതാക്കളെ കണ്ടെത്തേണ്ടതുണ്ടെന്നും, സ്വകാര്യ-ലാഭരഹിത മേഖലകളുമായി കൂടുതൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കണമെന്നും വാസിൽ നിർദേശിച്ചു. പ്രതിസന്ധികളിൽ തകർന്ന സമൂഹങ്ങളുടെ സുസ്ഥിരമായ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നിക്ഷേപമായാണ് സൗദി അറേബ്യ മാനുഷിക പ്രവർത്തനങ്ങളെ കാണുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ആ സമൂഹങ്ങളുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായുള്ള പിന്തുണയും രാജ്യം വരും നാളുകളിലും തുടരുമെന്ന് യു.എന്നിലെ സ്ഥിരം പ്രതിനിധി വ്യക്തമാക്കി.

TAGS :

Next Story