Quantcast

ഗസ്സ പുനർനിർമാണം: അറബ് പദ്ധതി അമേരിക്കൻ പ്രതിനിധിക്ക് സമർപ്പിച്ചു

അമേരിക്കൻ പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് മുമ്പാകെയാണ് പദ്ധതി അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-03-14 01:28:28.0

Published:

13 March 2025 10:01 PM IST

Arab plan for Gaza reconstruction submitted to US envoy
X

ദോഹ: അറബ് രാജ്യങ്ങൾ തയ്യാറാക്കിയ ഗസ്സ പുനർനിർമാണ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് മുമ്പാകെ അവതരിപ്പിച്ചു. ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗസ്സ പുനർനിർമാണ പദ്ധതി വിശദീകരിച്ചത്.

ഈ മാസം നാലിന് ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന ഉച്ചകോടിയിലാണ് ഫലസ്തീനികളെ സ്വന്തം മണ്ണിൽ തന്നെ നിലനിർത്തിക്കൊണ്ടുള്ള പുനർനിർമാണ പദ്ധതി അറബ് രാജ്യങ്ങൾ തയ്യാറാക്കിയത്. പദ്ധതി സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര വിദേശകാര്യമന്ത്രിമാരുടെ സംഘവും ധാരണയിലെത്തി. ഖത്തർ പ്രധാനമന്ത്രിക്കു പുറമെ, ജോർദാൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ വിദേശകാര്യമന്ത്രിമാരും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിനും സ്വതന്ത്ര ഫലസ്തീൻ എന്ന പരിഹാരത്തിലൂടെ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും അറബ് രാഷ്ട്ര മേധാവികൾ ആവശ്യപ്പെട്ടു.

അറബ് രാജ്യങ്ങളുടെ ഗസ്സ പുനർനിർമാണ പദ്ധതിക്ക് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 5300 കോടിയോളം ഡോളർ ചെലവുവരുന്ന പദ്ധതിയെ ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്.

ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച് ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് ബദലായാണ് ഈജിപ്തിന്റെ നേതൃത്വത്തിൽ ഗസ്സ പുനർനിർമാണ പദ്ധതി തയാറാക്കിയത്. പദ്ധതിയെ ഹമാസും സ്വാഗതം ചെയ്തിട്ടുണ്ട്.

അതേസമയം അമേരിക്കൻ സാന്നിധ്യത്തിൽ ഹമാസ്-ഇസ്രായേൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുരോഗമിക്കുകയാണ്. ഒന്നാംഘട്ട വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചതായാണ് വിവരം.

TAGS :

Next Story