Quantcast

സ്‌പെയിൻ, മൊറൊക്കോ, പോർച്ചുഗൽ... 2030 ലെ ഫിഫ ലോകകപ്പ് ആറു രാജ്യങ്ങളിൽ

2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താത്പര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-05 06:56:34.0

Published:

5 Oct 2023 6:55 AM GMT

സ്‌പെയിൻ, മൊറൊക്കോ, പോർച്ചുഗൽ... 2030 ലെ ഫിഫ ലോകകപ്പ് ആറു രാജ്യങ്ങളിൽ
X

സൂറിച്ച്: 2030ലെ ഫിഫ ഫുട്‌ബോൾ ലോകകപ്പിന് മൂന്നു ഭൂഖണ്ഡങ്ങളിലായി ആറു രാഷ്ട്രങ്ങൾ വേദിയാകും. യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക ഭൂഖണ്ഡങ്ങളിൽ സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ, യുറഗ്വായ്, അർജന്റീന, പരാഗ്വെ രാഷ്ട്രങ്ങളാണ് കാൽപ്പന്തു മാമാങ്കത്തിന് ആതിഥ്യമരുളുക. സ്‌പെയിൻ, പോര്‍ച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലാണ് മത്സരങ്ങളുടെ സിംഹഭാഗവും. ലോകകപ്പിന്റെ ശതാബ്ദി ആഘോഷം പ്രമാണിച്ച് ആദ്യ മൂന്നു മത്സരങ്ങൾക്കാണ് സൗത്ത് അമേരിക്ക വേദിയാകുക.

ആദ്യ ലോകകപ്പ് ഫൈനലിന് വേദിയായ യുറഗ്വായിലെ ചരിത്രപ്രസിദ്ധമായ സെന്റനാരിയോ സ്‌റ്റേഡിയത്തിലാകും ഉദ്ഘാടന മത്സരം. ലോകകപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കാനും വേദി മാറ്റാനുമുള്ള ഫിഫ കൗൺസിൽ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് പ്രസിഡണ്ട് ജിയാനി ഇൻഫാന്റിയോ പറഞ്ഞു. ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകൾ 104 മത്സരങ്ങളിൽ മാറ്റുരയ്ക്കും.



2022 ലെ ലോകകപ്പിന് വേദിയായത് ഖത്തറാണ്. അർജന്റീനയായിരുന്നു ചാമ്പ്യന്മാർ. ഖത്തറിന് ശേഷം ലോകകപ്പിന് വേദിയാകുന്ന രണ്ടാമത്തെ അറബ് രാജ്യമാകും മൊറോക്കോ. കഴിഞ്ഞ ലോകകപ്പില്‍ സ്വപ്‌നതുല്യമായ പ്രകടനം നടത്തിയ മൊറോക്കോ സെമിയിലാണ് പുറത്തായത്. 2026 ലെ ലോകകപ്പിന് വേദിയാകുന്നത് യുഎസ്, കാനഡ, മെക്‌സിക്കോ രാഷ്ട്രങ്ങളാണ്. 2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താത്പര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചിട്ടുണ്ട്.



അതിനിടെ, മത്സരം ആറു രാഷ്ട്രങ്ങളിൽ നടത്താനുള്ള ഫിഫ തീരുമാനത്തിൽ വിമർശനമുയരുന്നുണ്ട്. കളിക്കാർക്കും ആരാധകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്നാണ് സ്‌കോട്ടിഷ് ഫുട്‌ബോൾ കമന്റേറ്റർ ഡെറക് റേ അഭിപ്രായപ്പെട്ടത്.



നൂറാം വാർഷികമെന്ന നിലയിൽ സൗത്ത് അമേരിക്കയിലായിരുന്നു ലോകകപ്പ് വേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story