Quantcast

പാകിസ്താനി ചായക്കടയിലെ ആ പ്രോഗ്രസ് റിപ്പോർട്ട്...!

കൊതിപ്പിക്കാനല്ല ഈ കുറിപ്പ്, മൂന്ന് വർഷം മുമ്പത്തെ ഒരു അനുഭവം പങ്കുവെക്കാനാണ്...

MediaOne Logo

  • Published:

    7 March 2021 9:47 PM IST

പാകിസ്താനി ചായക്കടയിലെ ആ പ്രോഗ്രസ് റിപ്പോർട്ട്...!
X

നമ്മുടെ ചോറും സാമ്പാറുമല്ലാതെ ഒന്നും മനസിന് പിടിക്കില്ല എന്ന എന്‍റെ ധാരണകളെ മാറ്റി മറിച്ചത് ഗൾഫ് ജീവിതമാണ്. പുഴുക്കല്ലരി കൊണ്ടുള്ള നമ്മുടെ ചോറിനെ 'മോട്ട സെറ്റ്’ എന്നും, നേരിയ അരിയുടെ ചോറിനെ ‘ബാരിക്ക് സെറ്റ്' എന്നുമാണ് വിളിക്കേണ്ടത് എന്ന് പഠിപ്പിച്ചതും പ്രവാസമാണ്.

പരീക്ഷിച്ച് നോക്കാൻ മടിച്ചു നിന്നിരുന്ന പാക്സ്താനി, ഹൈദരബാദി, മുഗളായ്, അറബി വിഭവങ്ങൾക്ക് അസാമാന്യ സ്വാദാണെന്ന് തിരിച്ചറിവുണ്ടാക്കിയതും ഗൾഫാണ്.

ദുബൈയിലെ 'കറാച്ചി ദർബാർ', ബർഷയിലെ 'മുഹമ്മദ് ഇഖ്ബാൽ, രവി എന്ന് ആദ്യം വായിച്ചുപോയ 'റാവി റെസ്റ്റോറന്‍റ്', മുഹൈസിനയിലെ 'മുംതാസ് ദർബാർ', മുവൈലയിലെ 'ദൈറ റെസ്റ്റോറന്റ്' എന്നിവിടങ്ങളിലേക്ക് വിശന്ന് പൊരിഞ്ഞ് കയറി ചെന്നാൽ വയറും മനസും നിറയാതെ തിരിച്ചിറങ്ങിയിട്ടില്ല. രാത്രി വൈകി അവസാനിക്കുന്ന ഷൂട്ട് കഴിഞ്ഞാൽ എവിടെ നിന്ന് ഭക്ഷണം കഴിക്കുമെന്ന ചർച്ച പലപ്പോഴും അവസാനിക്കുക 24 മണിക്കൂറും തുറക്കുന്ന ഏതെങ്കിലും പാകിസ്താനി റെസ്റ്റോറന്റിലായിരിക്കും.

ടാക്സി ഡ്രൈവർമാർ പൊതിഞ്ഞു നിൽക്കുന്ന ഏതെങ്കിലും പാക്സാതാനി റെസ്റ്ററന്റ് കണ്ടാൽ പിന്നെ സംശയിക്കാനൊന്നുമില്ല. കീശ കാലിയാക്കാതെ നല്ല ഭക്ഷണം കിട്ടും. മസ്കത്തിലായിരുന്നപ്പോൾ റൂവിയിലെ ഹൈദരബാദി റെസ്റ്റോറന്‍റുകളോടായിരുന്നു പ്രണയം.

പെഷവാരി മട്ടൻ കടായി, ചിക്കൻ അഫ്ഗാനി, വെള്ള നിറമുള്ള ബട്ടൻ ചിക്കൻ, ചപ്ലി കബാബ്, ഹൈദരബാദി ബിരിയാണി അങ്ങനെ ഇനിയും മടുക്കാത്ത കുറേ വിഭവങ്ങളുണ്ട്.
ഇതൊക്കെ പറഞ്ഞ് കൊതിപ്പിക്കാനല്ല ഈ കുറിപ്പ്. മൂന്ന് വർഷം മുമ്പത്തെ ഒരു അനുഭവം പങ്കുവെക്കാനാണ്.


2016 ൽ മാധ്യമപ്രവർത്തനം മസ്കത്തിൽ നിന്ന് വീണ്ടും ദുബൈയിലേക്ക് മാറിയെങ്കിലും ഭാര്യയും മക്കളും ഇപ്പോഴും ഒമാനിലാണ്. മസ്കത്തിൽ നിന്ന് ഏകദേശം 180 കിലോ മീറ്റർ അകലെ ഇബ്ര എന്ന കൊച്ചുപട്ടണത്തിൽ. ഭാര്യ അവിടെ കോളജ് അധ്യാപികയായതിനാൽ ദുബൈയിലേക്ക് മാറാൻ കഴിഞ്ഞിരുന്നില്ല. മാസത്തിലൊരുക്കലോ, രണ്ട് മാസം കൂടുമ്പോഴോ ദുബൈയിൽ നിന്ന് ഏകദേശം ആറ് മണിക്കൂർ ഡ്രൈവ് ചെയ്താണ് അവരുടെ അടുത്ത് എത്താറ്.

(കോവിഡ് നിയന്ത്രണം വന്നപ്പോൾ ആ കൂടിക്കാഴ്ച ഒരുവർഷവും മൂന്ന് മാസവും വൈകി. അവരെ കാണാൻ ഒമാനിലെത്തി ഹോട്ടലിൽ ക്വാറന്റൈൻ ഇരിക്കുമ്പോഴാണ് ഈ ഓർമ പങ്കുവെക്കുന്നത്.)

രാത്രിയിൽ ഒറ്റക്കായിരിക്കും പലപ്പോഴും യാത്ര. രാത്രി പത്തോടെ ദുബൈയിൽ നിന്ന് ഡ്രൈവിങ് തുടങ്ങും. റോഡ് തിരക്ക് കുറയുന്ന സമയം ആയതിനാൽ ഉച്ചത്തിൽ പാട്ടുവെച്ച് ഒപ്പം പാടിയും ഒരു 130 കിലോമീറ്റർ സ്പീഡിൽ ക്രൂയിസും സെറ്റ് ചെയ്ത പറപ്പിച്ചാൽ അതിർത്തിയിലെ നടപടികളൊക്കെ കഴിഞ്ഞ് ഒമാനിലെ ഇബ്രയിലെത്തുമ്പോഴേക്ക് നേരം പുലർന്ന് തുടങ്ങിയിരിക്കും.
മൂന്നുവർഷം മുമ്പത്തെ അത്തരമൊരു യാത്ര, നല്ല വിശപ്പ്. സമയം രാത്രി ഒരു മണി ആയിട്ടുണ്ട്. പാതിരാവിൽ റോഡിൽ നിറയുന്ന ട്രക്ക് ഡ്രൈവർമാരെ പ്രതീക്ഷിച്ച് തുറന്നിരിക്കുന്ന കടകളിലാണ് നമ്മുടെ വയറിന്റെ പ്രതീക്ഷ. ഒമാനിലെ ഖദറ എന്ന സ്ഥലത്തു ഹൈവേക്ക് അരികിൽ വെളിച്ചം കണ്ട ഒരു റെസ്റ്റോറന്റിന് അരികിൽ വണ്ടി നിർത്തി. തെറ്റിയില്ല ഒരു പാകിസ്താനി റെസ്റ്റോറന്റാണ്. ഒന്നോ രണ്ടോ പേർ ആ നേരത്തും ഭക്ഷണം കഴിക്കാനുണ്ട്. നല്ല ബട്ടർ നാനും ചിക്കൻ കടായിയും കിട്ടി. വിശപ്പ് അടങ്ങി. പണം നൽകാനായി കാഷ്യറുടെ അരികിലെത്തിയപ്പോളാണ് ശ്രദ്ധിച്ചത്.

റെസ്റ്റോറന്റിന്റെ ചുമരിൽ ഒരു പ്രോഗ്രസ് കാർഡ്. ഒരു മെഡലും. സാധാരണ മുനിസിപ്പാലിറ്റിയുടെ ലൈസൻസും മറ്റ് സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിക്കുന്ന സ്ഥലത്ത് അവയുടെ കൂട്ടത്തിൽ ഈ സ്കൂൾ പ്രോഗ്രസ് റിപ്പോർട്ടിന് എന്ത് സ്ഥാനം ? ഇനി കാഷ്യറുടെ സ്കൂൾ പഠനകാലത്തെ പ്രോഗ്രസ് കാർഡായിരിക്കുമോ?
അല്ല, സൂക്ഷിച്ച് നോക്കിയപ്പോൾസീബ് പാക്സ്താനി സ്കൂളിലെ ഒരു അഞ്ചാം ക്ലാസുകാരന്റെ പ്രോഗസ് കാർഡാണ്. 2015 ലേതാണ്. എന്തായാലും ക്യാഷറുടേതാകാൻ വഴിയില്ല. ബാക്കി തുക വാങ്ങുന്നതിനിടയിൽ ഞാൻ ചോദിച്ചു.

ഇതാരുടേതാണ് ഈ പ്രോഗ്രസ് കാർഡ് ?


'വോ മേരാ ബേട്ടാക്കാ കാർഡ് ഹേ..ഭായ്’

മറുപടി കേട്ട് എനിക്ക് ചിരിപൊട്ടി. മകന്‍റെ അഞ്ചാംക്ലാസിലെ പ്രോഗ്രസ് കാർഡ് ഇങ്ങനെ ചില്ലിട്ട് വെക്കുന്നത് അൽപത്തരമല്ലേ എന്ന മട്ടിലായിരുന്നു എന്റെ ചിരി. ഇത് എന്തിനാ ഇവിടെ ഇങ്ങനെ എന്ന ചോദ്യം മുഴുവനാക്കും മുമ്പ് അയാൾ പറഞ്ഞു.


'വോ അഭി ഹമാരാ പാസ് നഹി ഹേ ഭായ് സാബ്’


എന്‍റെ ചിരി നിലച്ചു. എന്റെ മുഖത്തുണ്ടായിരുന്ന പുച്ഛഭാവത്തിൽ ആ മനുഷ്യൻ നോവിന്റെ കനൽ കോരിയിട്ടിരിക്കുന്നു. അവൻ, ആ മകൻ ഇപ്പോൾ നമുക്കൊപ്പമില്ല, മരിച്ചു പോയിരിക്കുന്നു.


ഇനി എന്ത് പറയണെന്ന് അറിയാതെ ഇടറി നിന്ന എന്നോട് ചെറിയ ഗദ്ഗദത്തോടെ അയാൾ ചിലത് പറഞ്ഞു.
വാഹനാപകടമായിരുന്നു. പിന്നോട്ടെടുത്ത സ്കൂൾബസ് തട്ടിയോ മറ്റോ, അപകടം എങ്ങനെ സംഭവിച്ചു എന്ന് അദ്ദേഹം വിശദീകരിച്ചതൊന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. എന്റെ ചിരി അയാളെ വേദനിപ്പിച്ചിട്ടുണ്ടാകില്ലേ, എങ്ങനെ ആ മനുഷ്യനോട് സമാധാനിപ്പിക്കുന്ന ഒരു നല്ലവാക്ക് പറഞ്ഞ് ഇറങ്ങും എന്നതായിരുന്നു മനസിൽ.


വിഷമിക്കരുത്, നാളെ നിങ്ങളെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യാൻ അവനുണ്ടാകും. പ്രാർഥിക്കാം എന്നൊക്കെ പറഞ്ഞ് ഒപ്പിച്ച് ഇറങ്ങുമ്പോൾ പ്രോഗ്രസ്കാർഡ് കണ്ട് ചിരിച്ചുപോയ നിമിഷം എന്നെ വല്ലാതെ അസ്വസ്ഥമാക്കി. പെട്ടെന്ന്, ഞാൻ തിരിച്ചു നടന്നു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അതിനെന്താ എന്ന മട്ടിൽ അദ്ദേഹം ആ പ്രോഗ്രസ് കാർഡിന് മുന്നിൽ ഫോട്ടോക്കായി നിന്ന് തന്നു. ഇദ്ദേഹത്തെ കുറിച്ച് എന്നെങ്കിലും ഒരിക്കൽ എഴുതണം എന്ന ചിന്തയിലാണ് ഫോട്ടോ എടുത്തുവെച്ചത്.


റെസ്റ്റോറന്റിൽ നിന്നിറങ്ങി വാഹനമോടിക്കുമ്പോൾ അയാളും ആ പ്രോഗ്രസ് റിപ്പോർട്ടുമായി വീട്ടിലേക്ക് വരുന്ന മകനുമായിരുന്നു മനസ് നിറയെ. വണ്ടിയിൽ പിന്നെ പാട്ട് വെക്കാൻ തോന്നിയില്ല.


അബ്ദുൽ അഹദ് എന്നായിരുന്നു ആ അഞ്ചാം ക്ലാസുകാരന്റെ പേര്. 2015 അവസാനത്തിലായിരുന്നു അപകടം. അതേ വർഷത്തേതാണ് ആ ചുമരിലെ പ്രോഗ്രസ് കാർഡ്. ഒരു പക്ഷേ, ഒപ്പിട്ട് നൽകാനായി അവൻ അവസാനമായി ഉപ്പയെ കാണിച്ച റിപ്പോർട്ടായിരിക്കും അത്. അന്ന് പ്രോഗ്രസ് കാർഡുമായി വന്നപ്പോൾ എന്തായിരിക്കും ആ ഉപ്പ പറഞ്ഞത് ? മാർക്ക് കുറഞ്ഞതിന് ശാസിച്ചിട്ടുണ്ടാകുമോ ? ഇല്ലായിരിക്കും.
എന്തുകൊണ്ടായിരിക്കും മകന്റെ മനോഹരമായ ഫോട്ടോക്ക് പകരം അദ്ദേഹം ആ പ്രോഗ്രസ് കാർഡ് ചില്ലിട്ട് വെച്ചത് ? ഇനിയും താണ്ടേണ്ട നൂറുകണക്കിന് കിലോമീറ്ററിലും ഇത്തരം ചോദ്യങ്ങളിങ്ങനെ മനസിലെത്തി. ഒരുതരത്തിൽ അവന്റെ ചിത്രമില്ലാതിരുന്നത് നന്നായി. കാരണം, ആ യാത്ര അവസാനിക്കുന്നത് വരെ, വർഷങ്ങൾക്ക് ശേഷം ഇപ്പോഴും അബ്ദുൽ അഹദ് എന്ന അഞ്ചാംക്ലാസുകാരന് എന്റെ മകന്റെ അതേ മുഖമാണ്.

TAGS :

Next Story