Quantcast

കയ്യെത്തും ദൂരത്തായി കാട്ടാനകളും മാനുകളും; യാത്രാപ്രേമികള്‍ ഒരിക്കലെങ്കിലും കയറണം ഈ ജംഗിള്‍ സഫാരിയില്‍: സമയം, ടിക്കറ്റ്, ബുക്കിങ് വിവരങ്ങളറിയാം...

നാട് മുഴുവൻ ചുറ്റിക്കറങ്ങാറുള്ളതുപോലെ കാട്ടിനകത്തെ ചലനങ്ങളറിയാനും മനോഹരകാഴ്ചകൾ കാണാനും സ്വപ്നം കണ്ടവരുണ്ടാകില്ലേ? ദുധ്വ ദേശീയ പാർക്കിലെത്തിയാൽ ആ സ്വപ്നങ്ങൾക്ക് ജീവൻ തുടിച്ചുതുടങ്ങും

MediaOne Logo
കയ്യെത്തും ദൂരത്തായി കാട്ടാനകളും മാനുകളും; യാത്രാപ്രേമികള്‍ ഒരിക്കലെങ്കിലും കയറണം ഈ ജംഗിള്‍ സഫാരിയില്‍: സമയം, ടിക്കറ്റ്, ബുക്കിങ് വിവരങ്ങളറിയാം...
X

പ്രതീകാത്മക ചിത്രം

വിൻഡോയിലൂടെ കാട്ടാനകളും മാനും ജിറാഫും സൂര്യപ്രകാശത്തിന്‍റെ പൊൻകിരണങ്ങളും എത്തിനോക്കുന്ന കാഴ്ചയെക്കുറിച്ച് എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? നാട് മുഴുവൻ ചുറ്റിക്കറങ്ങാറുള്ളതുപോലെ കാട്ടിനകത്തെ ചലനങ്ങളറിയാനും മനോഹരകാഴ്ചകൾ കാണാനും സ്വപ്നം കണ്ടവരുണ്ടാകില്ലേ? ഉത്തർപ്രദേശിലെ ദുധ്വ ദേശീയ പാർക്കിലെത്തിയാൽ ആ സ്വപ്നങ്ങൾക്ക് ജീവൻ തുടിച്ചുതുടങ്ങും. വൈൽഡ് ലൈഫ് കാഴ്ചകൾ ഇഷ്ടപ്പെടുന്നവരും ആസ്വദിക്കുന്നവരുമായ യാത്രികർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും ഇവിടെത്തെ ജംഗിൾ സഫാരിയെന്നാണ് ഒരുതവണ സന്ദർശിച്ചവരുടെ ഉറപ്പ്.

വടക്കേ ഇന്ത്യയിലെ മിലാനിയിൽ നിന്ന് ആരംഭിച്ച് ബിച്ചിയയിൽ അവസാനിക്കുന്ന ഈ ജംഗിൾ സഫാരിയിൽ കാടിനകത്തെ വിവിധ കാഴ്ചകൾ യാത്രക്കാരെ കാത്തിരിപ്പുണ്ടാകും. കംഫർട്ടബിൾ ആയിട്ടുള്ള സീറ്റിങ്ങും പുറത്തെ കാഴ്ചകളെല്ലാം കാണാനും ഒപ്പിയെടുക്കാനും പാകത്തിലുള്ള ഈ യാത്ര തികച്ചും ബഡ്ജറ്റ് ഫ്രണ്ട്ലിയാണെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കൊടുങ്കാട്ടിലെ കാഴ്ചകൾ ഇഷ്ടപ്പെടുന്ന യാത്രാപ്രേമികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടുന്ന ജംഗിൾ ട്രെയിൻ യാത്രയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാം.

ജീപ്പിലോ ട്രെക്കിങ് സംവിധാനങ്ങളിലോ നടത്തുന്ന പരമ്പരാഗത ജംഗിൾ സഫാരിയിൽ നിന്ന് വ്യത്യസ്തമായി, ഈ പ്രത്യേക സർവീസ് യാത്രക്കാർക്ക് തങ്ങളുടെ സീറ്റിലിരുന്ന് തന്നെ കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നു. മിലാനി-ബിച്ചിയ-മിലാനി റൂട്ടിലൂടെ ഓടുന്ന ഈ ട്രെയിൻ ദുധ്വ നാഷണൽ പാർക്ക് മേഖലയ്ക്ക് തൊട്ടടുത്തുകൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിസ്നേഹികൾക്കും, വന്യജീവി ആരാധകർക്കും, ഫോട്ടോഗ്രാഫർമാർക്കും, മഴക്കാല യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഇതൊരു മികച്ച ചോയ്‌സ് തന്നെയായിരിക്കും. യാത്രയിലുടനീളം ഇടതൂർന്ന പച്ചപ്പും ദേശീയ പാർക്കിന്‍റെ പ്രകൃതിഭംഗിയും അടുത്തറിയാൻ സാധിക്കുമെന്നതിനാൽ തന്നെ ലക്ഷ്യസ്ഥാനമെന്നത് പോലെ മനോഹരമായിരിക്കും യാത്രയുമെന്ന് ചുരുക്കം.

സമയക്രമം എങ്ങനെ?

ശനി, ഞായർ ദിവസങ്ങളിലാണ് ടൂറിസ്റ്റ് ട്രെയിൻ സർവീസ് നടത്തുന്നത്. മിലാനി ജംഗ്ഷനിൽ നിന്ന് രാവിലെ 6:05 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10:30 ആകുമ്പോഴേക്കും ബിച്ചിയയിൽ എത്തിച്ചേരും. തുടർന്ന് 11:45ന് തിരിച്ചുമടങ്ങുന്ന ട്രെയിന് വൈകിട്ട് 4:10 ആകുമ്പോഴേക്കും മിലാനിയിൽ തിരിച്ചെത്തിയിരിക്കും.

സ്റ്റോപ്പുകൾ ഇങ്ങനെ;

  • ഭീരാ ഖേരി
  • പാലിയാ കലാൻ
  • ദുധ്വ
  • ബെൽരായൻ
  • ടികൂനിയ
  • ഖൈരാതിയ ബാന്ധ് റോഡ് ഹാൾട്ട്
  • മഞ്ഝര പൂരബ്

വിനോദസഞ്ചാരികൾക്കായി പ്രത്യേകം തയ്യാറാക്കിയ, 60 സീറ്റുകളുള്ള എസി ചെയർ കാർ രൂപത്തിലാണ് ട്രെയിനിന്‍റെ ക്രമീകരണം. സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി വലിയ വിൻഡോകളുള്ളതിനാൽ തന്നെ യാത്രികർക്ക് ബുദ്ധിമുട്ടില്ലാതെ യഥേഷ്ടം പുറംകാഴ്ചകളിലേക്ക് കണ്ണുകൾ പായിക്കാം.

പാർക്കിലെ വിസ്റ്റഡോം ജംഗിൾ സഫാരി ട്രെയിൻ ടിക്കറ്റ് ഒരാൾക്ക് ഏകദേശം 265 മുതൽ 275 രൂപ വരെയാണ് നിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ പാസഞ്ചേഴ്സ് റിസർവേഷൻ(പിആർഎസ്), ഐആർസിടിസി വെബ്സൈറ്റുകൾ സന്ദർശിക്കാം.

ഇക്കോ ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയും ഉത്തർപ്രദേശ് സർക്കാരും ചേർന്ന് വിസ്റ്റാഡോം, എസി ചെയർ കാർ സംവിധാനങ്ങൾക്ക് തുടക്കംകുറിച്ചത്. യാത്രക്കാർക്ക് പ്രകൃതിയെ അടുത്ത് നിന്ന് അനുഭവിക്കാനും ഉത്തർപ്രദേശിന്‍റെ മനോഹാരിതയെ ആസ്വദിക്കാനും അനുവദിക്കുന്നതിനാൽ തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെന്നുസന്ദർശിക്കേണ്ട സ്ഥലമാണെന്നാണ് യാത്രാപ്രേമികളുടെ പക്ഷം.

TAGS :

Next Story