ഒരു മഴയാത്ര പോയാലോ...ഈ മൺസൂണിൽ കണ്ടിരിക്കേണ്ട 7 സ്ഥലങ്ങൾ
അകലങ്ങളിൽ പെയ്യുന്ന മഴ കണ്ടും ആസ്വദിച്ചും പോയി വരാം

കാലവർഷം ദേ എത്തിക്കഴിഞ്ഞു. മഴക്കാലത്ത് യാത്രചെയ്യാൻ ഇഷ്ടമാണെങ്കിലും സുരക്ഷയെക്കുറിച്ചോർത്തുള്ള ഭയം പലപ്പോഴും ആളുകളെ പിന്തിരിപ്പിക്കുകയാണ് പതിവ്. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് മനോഹരമായ വേഷപകർച്ച നൽകിയാണ് ഓരോ കാലവർഷവുമെത്താറ്. മൂടൽമഞ്ഞു പുതച്ച മലയോരങ്ങളും, നയന മനോഹരമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിയെ മുമ്പെങ്ങുമില്ലാത്ത വിധം ഒരുക്കി നിർത്തുമ്പോൾ ആർക്കാണ് കാണാതിരിക്കാൻ തോന്നുക.
പ്രളയ ഭീതിയും, മണ്ണിടിച്ചിലും, അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥാ മാറ്റങ്ങളും യാത്ര പലപ്പോഴും ദുരിതമാക്കുന്നുവെന്നത് മൺസൂണിന്റെ പ്രശ്നമാണ്. അതുകൊണ്ടാണ് യാത്രയുടെ ലക്ഷ്യം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് പറയാൻ കാരണം. കാലാവസ്ഥയ്ക്ക് അനുയോജ്യമായതും സുരക്ഷിതവുമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ കാലവർഷത്തിന്റെ സൗന്ദര്യമാസ്വദിച്ച് യാത്രകൾ ചെയ്യാം. അങ്ങനെയുള്ള ചില സ്ഥലങ്ങളാണ് ഇവയെല്ലാം...
ബാക്ക് പാക്കും കുടയുമെടുത്തോളു... ഒരു യാത്ര പോയി വരാം...
കൂർഗ് - കർണാടക
മഴക്കാലത്ത് യാത്ര ചെയ്യാൻ ഏറെ അനുയോജ്യമായ സ്ഥലമാണ് കൂർഗ്. കാപ്പിത്തോട്ടങ്ങളും മൂടൽമഞ്ഞു മൂടിയ മലനിരകളും നയന മനോഹരമായ വെള്ളച്ചാട്ടങ്ങളും കൂർഗിനെ മഴക്കാലത്തെ ഇഷ്ട കേന്ദ്രമാക്കുന്നു. ആബേ വെള്ളച്ചാട്ടവും, ഇരുപ്പു വെള്ളച്ചാട്ടവും മഴക്കാലത്ത് തൂവെള്ള നിറത്തിൽ നിറഞ്ഞൊഴുകുന്ന കാഴ്ച സഞ്ചാരികളുടെ മനം നിറക്കും. റോഡുകൾ യാത്രയെ എളുപ്പമാക്കുന്നു. കൂർഗിന്റെ സ്വന്തം വിഭവങ്ങളും ഹോംസ്റ്റേകളും യാത്രയെ മറക്കാനാവാത്ത അനുഭവമായി നിലനിർത്തും.
ഉദയ്പൂർ, രാജസ്ഥാൻ
തടാകങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഉദയ്പൂർ മൺസൂണിൽ അതിമനോഹരിയായി ഒരുങ്ങി നിൽക്കാറുണ്ട് തന്നെ കാണാനെത്തുന്നവർക്കു വേണ്ടി. ചുറ്റിലുമുള്ള കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും പ്രതിഫലിപ്പിച്ച് നിറഞ്ഞൊഴുകുന്ന തടാകങ്ങൾ ഉദയ്പൂരിന്റെ മാത്രം പ്രത്യേകതയാണ്. രാജസ്ഥാനിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നേരിയ മഴ മാത്രമേ ഉദയ്പൂരിൽ ഉള്ളൂവെന്നതിനാൽ സുരക്ഷിതമായ യാത്ര ഉറപ്പു നൽകാം. പാരമ്പര്യത്തിന്റേയും, പ്രകൃതി ഭംഗിയുടേയും, ചരിത്രത്തിന്റേയും മികച്ചൊരു കൂടിച്ചേരൽ ഉദയ്പൂരിലെ യാത്രയിൽ നിങ്ങൾക്ക് ലഭിക്കുമെന്നുറപ്പ്.
ലോണാവാല, മഹാരാഷ്ട്ര
മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മണിക്കൂറുകൾ മാത്രം ദൂരമുള്ള ലോണാവാല മഴക്കാലത്തെ മികച്ചൊരു ഒളിച്ചോട്ടമായിരിക്കും. വിവിധങ്ങളായ വെള്ളച്ചാട്ടങ്ങളും, പച്ചവിരിച്ച താഴ്വാരങ്ങളും പ്രസന്നമായ കാലാവസ്ഥയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മഴക്കാലം ആസ്വദിക്കാൻ ധാരാളം റിസോർട്ടുകളും ഭക്ഷണശാലകളും ലഭ്യമാണെന്നതും യാത്രക്കാർക്ക് സുരക്ഷ ഉറപ്പു നൽകുന്നതും ലോണാവാലയെ പ്രിയപ്പെട്ടതാക്കുന്നു.
കൊടൈക്കനാൽ, തമിഴ്നാട്
കീശ കാലിയാക്കാതെ പോയി വരാൻ പറ്റുന്ന മികച്ചൊരു ലക്ഷ്യസ്ഥാനമാണ് കൊടൈക്കനാൽ. ഒറ്റയ്ക്കോ, കുടുംബത്തിനൊപ്പമോ, പങ്കാളിക്കൊപ്പമോ പോയി സമാധാനത്തിൽ ആസ്വദിക്കാൻ പറ്റുന്ന തണുത്ത, പൈൻ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം. മൂടൽമഞ്ഞിൽ പുതഞ്ഞൊഴുകുന്ന തടാകങ്ങളും ശാന്തവും ഉന്മേഷദായകവുമായ അന്തരീക്ഷം ആരെയും കൊതിപ്പിക്കും.
സ്പിതി വാലി, ഹിമാചൽ പ്രദേശ്
മഴ നിഴൽ പ്രദേശമായതിനാൽ മൺസൂൺ കാലത്ത് നനവെത്താത്ത പ്രദേശമാണ് സ്പിതി വാലി. ഈ പ്രത്യേകത തന്നെയാണ് സ്പിതിയെ മൺസൂണിലെ പ്രധാന ആകർഷ കേന്ദ്രമാക്കാനുള്ള കാരണവും. സാഹസികത ആഗ്രഹിക്കുന്നവർക്ക് മറ്റൊന്നും ചിന്തിക്കാതെ ഇങ്ങോട്ട് പോരാം. പരുക്കൻ ഭൂപ്രകൃതിയും, പുരാതനമായ ആശ്രമങ്ങളും, തെളിഞ്ഞ ആകാശവുമായി സ്പിതി നിങ്ങളെ സ്വാഗതം ചെയ്യും. കനത്ത മഴയിൽ നിന്നും ചെറിയൊരാശ്വാസത്തിന് സ്പിതിയോളം മികച്ചൊരു ലക്ഷ്യമില്ല.
ലഡാക്
സാഹസികതയും പ്രകൃതി സൗന്ദര്യാസ്വാദനവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ മറ്റൊരു മഴ നിഴൽ പ്രദേശമാണ് വടക്കേ ഇന്ത്യയിലെ ലഡാക്ക്. ഭീമാകാരങ്ങളായ പർവ്വതങ്ങളും തെളിഞ്ഞ തടാകങ്ങളും ആശ്രമങ്ങളും ലഡാക്ക് യാത്രക്കാർക്കു വേണ്ടി ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളും കനത്ത മഴ അനുഭവിക്കുമ്പോൾ ലഡാക്കിലെ തെളിഞ്ഞ ആകാശവും ഗാംഭീര്യമുള്ള പർവ്വതങ്ങളും മാടിവിളിക്കുകയാണ് ഓരോ യാത്രാ പ്രേമിയേയും.
ചിറാപുഞ്ചിയും മൗസിൻറാമും, മേഘാലയ
ലോകത്തിലെ തന്നെ ഏറ്റവും നനവുള്ള പ്രദേശമെന്നറിയപ്പെടുന്ന സ്ഥലങ്ങളാണ് ചിറാപുഞ്ചിയും മൗസിൻറാമും. കാലവർഷത്തിന്റെ സവിശേഷമായ അനുഭവം സഞ്ചാരികൾക്ക് പ്രദാനം ചെയ്യുന്ന ഈ സ്ഥലങ്ങൾ നിങ്ങളെ ഒരിക്കലും മടുപ്പിക്കില്ല. കനത്ത മഴയുണ്ടാവുമെങ്കിലും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകി നിർമിച്ച റോഡുകൾ മേഘാലയയുടെ പ്രത്യേകതയാണ്. പച്ച പുതച്ച മലനിരകളും, കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളുമാണ് ചിറാപുഞ്ചിയുടേയും മൗസിൻറാമിന്റേയും ജീവനാഡികൾ.
Adjust Story Font
16

