Quantcast

9-ടു-5 ഡ്യൂട്ടി, സ്വന്തം കാര്യങ്ങൾക്ക് സമയം കിട്ടുന്നില്ലേ? വൈറലായ ഈ ട്രാവൽ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ!

യാത്ര പോകണമെന്ന് ആഗ്രഹം എല്ലാവരിലുമുണ്ടാകും, എന്നാൽ അതിനുള്ള സാഹചര്യവും സന്ദർഭവും പലരിലും വ്യത്യസ്തമായിരിക്കും; ജോലിത്തിരക്കിനിടയിലും യാത്രകളെ പ്രണയിക്കുന്നവർക്കായി ഇതാ ചില പുതിയ വഴികൾ

MediaOne Logo

Web Desk

  • Published:

    9 July 2026 6:48 PM IST

9-ടു-5 ഡ്യൂട്ടി, സ്വന്തം കാര്യങ്ങൾക്ക് സമയം കിട്ടുന്നില്ലേ? വൈറലായ ഈ ട്രാവൽ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ!
X

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ദിവസവും കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾക്കപ്പുറം പുതുമയുള്ള നാടുകൾ, വീടുകൾ, ആളുകൾ, സംസ്കാരങ്ങൾ, ഓർമകൾ എന്നിവയെല്ലാം അനുഭവിച്ചറിയണമെന്നുണ്ടെങ്കിൽ പുതിയ സ്ഥലങ്ങൾ തേടി യാത്ര പോവുക തന്നെവേണം. എന്നാൽ, യാത്ര പോവാൻ എല്ലാവർക്കും ഒരുപോലെ സമയം ലഭിച്ചോളണമെന്നില്ല. ജോലിത്തിരക്ക്, വീട്ടുകാര്യങ്ങൾ തുടങ്ങിയവ കാരണം എന്നെങ്കിലുമൊരിക്കൽ ചെന്നുകാണണമെന്ന് ആഗ്രഹിച്ച സ്ഥലങ്ങളെല്ലാം ആഗ്രഹങ്ങൾ മാത്രമായി അവശേഷിക്കുന്നവരും നമുക്കിടയിലുണ്ടാകും.

എന്നാൽ, ഇപ്പോഴിതാ, ജോലിസമയങ്ങളെയും തിരക്കുകളെയും ബാധിക്കാതെ യാത്ര പോകാനാകുമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കണ്ടന്‍റ് ക്രിയേറ്റർ. അതിന് ആഴമേറിയ പ്ലാനിങ്ങുകൾക്ക് പുറമെ, സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ ഡീൽ ചെയ്യാനുള്ള കഴിവും കയ്യിലുള്ള സമയത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള മനോഭാവവുമാണ് വേണ്ടതെന്നും അവർ പറയുന്നു. ജീവിതശൈലിയെ കുറിച്ചും യാത്രകളെ കുറിച്ചുമുള്ള കണ്ടന്‍റുകൾ പതിവായി സമൂഹമാധ്യമങ്ങൾ പങ്കുവെക്കാറുള്ള ആന്നി ശർമയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ ട്രാവൽ ടിപുമായി രംഗത്തുവന്നിരിക്കുന്നത്.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള ഡ്യൂട്ടിയാണ് തനിക്ക് അധികസമയവും ലഭിക്കാറുള്ളതെന്നും എന്നിട്ടും താനെങ്ങനെയാണ് യാത്രകൾക്കായി സമയം കണ്ടെത്തുന്നതെന്നും വിഡിയോയിൽ അവർ വിശദീകരിക്കുന്നുണ്ട്. ജോലിയും പാഷനും ഒരുപോലെ കൊണ്ടുപോകാനുതകുന്ന ടിപ്സുകളും വിഡിയോയിൽ അവർ പങ്കുവെക്കുന്നുണ്ട്. ഇതിനോടകം നിരവധി പേരിലേക്കെത്തിയ വിഡിയോ അവർ അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞുവെച്ചുകൊണ്ടാണ്, 'പാഷൻ പിന്തുടരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളൊരിക്കലും ജോലി ഒഴിവാക്കരുത്.'

നേരത്തെ, മുൻകൂട്ടി നടത്തുന്ന പ്ലാനുകളാണ് യാത്രകളുടെ പ്രധാന ഘടകമെന്ന് അവർ പറയുന്നു. തന്‍റെ യാത്രകളോരോന്നും രണ്ട് മാസങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്യാറുണ്ടെന്നും അവർ വ്യക്തമാക്കി.

'എടുത്തുചാടിയുള്ള യാത്രകളെ കുറിച്ച് സാധാരണ ചിന്തിക്കാറില്ല. ചില സമയങ്ങളിൽ ഒറ്റമൈൻഡിൽ യാത്ര ചെയ്യാറുണ്ടെങ്കിലും അതത്ര ശരിയായ സമീപനമായി തോന്നാറില്ല. അങ്ങനെയുള്ള യാത്രകൾ അവിചാരിതമായ സമയനഷ്ടവും പണം നഷ്ടപ്പെടുത്തുകയും ചെയ്യും. അടുത്തടുത്ത ആഴ്ചകളിലെ അവധികളെ ഒരുമിച്ചെടുക്കാനുള്ള സംവിധാനം തരപ്പെടുത്തിയെടുക്കണമെങ്കിൽ കാലേക്കൂട്ടിയുള്ള ആസൂത്രണങ്ങൾ അനിവാര്യമാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീക്ക് എൻഡുകളിൽ കൂടുതൽ സ്ഥലങ്ങൾ കാണാനാകും. തിരികെ ജോലിയിലെത്തുമ്പോൾ സ്വസ്ഥമായി പണിയെടുക്കാനും സാധിക്കും. എല്ലാം ഒത്തുവന്നാൽ സ്വന്തം കാര്യങ്ങളിൽ കൂടുതൽ മനസ്സാന്നിധ്യം അനുഭവിക്കുകയും ചെയ്യാം.' അവർ വിശദീകരിച്ചു.

തനിക്ക് ലഭിച്ച റിമോട്ട് ജോബ്(ഓഫീസിൽ പോകാതെ ജോലി ചെയ്യാവുന്ന രീതി) ഇത്തരത്തിൽ ആസൂത്രിതമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ആന്നി പറഞ്ഞു. തന്‍റെ മുഴുസമയ ജോലിക്കൊപ്പം സോഷ്യൽ മീഡിയ കണ്ടന്‍റുകൾ, മറ്റ് പരസ്യചിത്രങ്ങൾ, പരസ്യയാത്രകൾ, എന്നിവയിലൂടെയും അവർ വരുമാനം കണ്ടെത്തുന്നുണ്ട്. ഇത് യാത്രാച്ചെലവുകൾ ഒരു പരിധിവരെ വഹിക്കാൻ സഹായകമായിരിക്കും.

സോഷ്യൽ മീഡിയയിൽ സാധാരണയായി കണ്ടുവരാറുള്ള ഒരു സന്ദേശത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അവർ വിഡിയോ അവസാനിപ്പിക്കുന്നത്. 'പറഞ്ഞുവരുന്നത് ഇത്രമാത്രം, നിങ്ങളുടെ പാഷൻ പിന്തുടരാനായി ഒരു കാരണവശാലും ജോലി ഉപേക്ഷിക്കണമെന്നില്ല. സോഷ്യൽ മീഡിയയിലുള്ളവർ അങ്ങനെ പലതും പറയും. ജോലി ഉപേക്ഷിച്ചില്ലെങ്കിൽ മറ്റൊരു പരിപാടിയും നടക്കില്ലെന്നൊക്കെ പറയും. പക്ഷെ, യാഥാർത്ഥ്യം അങ്ങനെയല്ല. ഇപ്പോഴുള്ളതിനേക്കാൾ നല്ല രീതിയിൽ ആസൂത്രണം ചെയ്താൽ മാത്രം മതിയാകും. എല്ലാം നടക്കും.' അവർ കൂട്ടിച്ചേർത്തു.

യാത്രകൾക്കും സ്വന്തം കാര്യങ്ങൾക്കുമായി ജോലി വിട്ടെറിഞ്ഞുപോകുന്നവരെ കുറിച്ചുള്ള കഥകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ, അത്തരമൊരു സാഹസികകൃത്യത്തിന് മുതിരാതെ തന്നെ ബദൽ മാർഗ്ഗം കാണണമെന്നാണ് ആന്നിയുടെ പക്ഷം. കൃത്യമായ പ്ലാനിങ്ങും റിമോർട്ട് വർക്ക് സംവിധാനവും, കൃത്യതയും വ്യക്തതയുമുള്ള ബജറ്റിങ്ങുമുണ്ടേൽ ജോലി ഉപേക്ഷിക്കാതെ തന്നെ യാത്രകളോടുള്ള അഭിനിവേശം നിലനിർത്താനാകുമെന്നതാണ് ഇവരുടെ വിലയിരുത്തൽ. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story