Quantcast

'എല്ലാവരും കുറ്റപ്പെടുത്തി, ചെയ്യുന്നത് അബദ്ധമാണെന്ന് പറഞ്ഞു'; 50 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കണ്ടൻ്റ് ക്രിയേഷനിലേക്ക് ഇറങ്ങിയ അനുഭവം പങ്കുവെച്ച് യുവതി

ജോലി ഉപേക്ഷിച്ചപ്പോള്‍ സുരക്ഷിതമായ ഒരു ജീവിതം കൂടിയാണ് ഉപേക്ഷിച്ചതെന്ന് സാന്യ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-05 06:46:14.0

Published:

5 April 2026 12:14 PM IST

Woman On Leaving Rs 50 Lakh Job For Content Creation
X

50 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേഷന് വേണ്ടി ഇറങ്ങുകയാണെന്ന് സാന്യ ബത്ര എന്ന കോര്‍പറേറ്റ് ജീവനക്കാരി പ്രഖ്യാപിച്ചപ്പോള്‍ കേട്ടവരെല്ലാം മൂക്കത്ത് വിരലുവെച്ചു. ചെയ്യുന്നത് അബദ്ധമാകുമെന്ന് പലരും ഉപദേശിച്ചു. എന്നാല്‍, കോര്‍പറേറ്റ് ലോകത്തില്‍ നിന്നും അകന്ന് തനിക്ക് ഏറെ ഇഷ്ടമുള്ള മേഖലയിലേക്ക് തിരിയാനായിരുന്നു സാന്യയുടെ താല്‍പര്യം. ഒട്ടും എളുപ്പമായിരുന്നില്ല ആ മാറ്റം. ഒട്ടേറെ പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നു. പലപ്പോഴും തളര്‍ന്നു. സ്വന്തം തീരുമാനം തെറ്റാവുകയാണോ എന്നുവരെ തോന്നി. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പ്രയത്‌നിച്ചു, ഒടുവില്‍ ആഗ്രഹിച്ച ജീവിതം സ്വന്തമാക്കി. ഇന്‍സ്റ്റഗ്രാം ലൈവില്‍ സാന്യ ബത്ര പങ്കുവെച്ച വിഡിയോ ഇപ്പോള്‍ വൈറലാണ്.

കോര്‍പറേറ്റ് സ്ഥാപനത്തിലെ ഉന്നത പദവി രാജിവെക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ ശരിക്കും വിറച്ചുപോയെന്ന് സാന്യ പറയുന്നു. മുന്നില്‍ ഇനി വരാനുള്ളത് എന്താണെന്ന് ഒരു ഊഹവുമില്ല. കണ്ടന്റ് ക്രിയേഷന്‍ ഒരു ജോലിയല്ലെന്നും സ്ഥിരവരുമാനമുണ്ടാകില്ലെന്നും പലരും ഉപദേശിച്ചു. കണ്ടന്റ് ക്രിയേഷനില്‍ വിജയിക്കാനായില്ലെങ്കില്‍ എന്താകും ഭാവിയെന്ന് പലരും ചോദിച്ചു. അതേ ചോദ്യമായിരുന്നു തന്റെ ഉള്ളിലുമുണ്ടായിരുന്നതെന്ന് സാന്യ പറയുന്നു.

ജോലി ഉപേക്ഷിച്ചപ്പോള്‍ സുരക്ഷിതമായ ഒരു ജീവിതം കൂടിയാണ് ഉപേക്ഷിച്ചതെന്ന് സാന്യ ചൂണ്ടിക്കാട്ടുന്നു. ഉന്നത പദവി, വലിയ ശമ്പളം, മെച്ചപ്പെട്ട ജീവിതം, സ്ഥിരത, എല്ലാം ഉപേക്ഷിക്കണം. എന്നിട്ട് പൂജ്യത്തില്‍ നിന്ന് വേണമായിരുന്നു തുടങ്ങാന്‍. എല്ലാ ആശങ്കകളും തന്റെ മനസിലുണ്ടായിരുന്നെങ്കിലും ആഗ്രഹിച്ച ഒരു ജീവിതത്തിലേക്ക് പോകാം എന്ന് ഉള്ളില്‍ നിന്നാരോ പറയുന്നുണ്ടായിരുന്നു. കൂടുതല്‍ യാത്ര ചെയ്യാനും കണ്ടെത്താനും അനുഭവങ്ങളും അറിവും നേടാനുമുള്ള ആഗ്രഹവും ഉള്ളിലുണ്ടായിരുന്നു. തന്റെ മാറ്റം വലിയ വെല്ലുവിളിയാണ് തുടക്കത്തില്‍ നല്‍കിയതെന്ന് ഇവര്‍ പറയുന്നു. കൃത്യമായ വരുമാനമുണ്ടായിരുന്നുല്ല. ജീവിതത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്നത് ഒരു ഫോണും, ഒരു സ്വപ്‌നവും, ആത്മവിശ്വാസവും മാത്രം.


തന്റെ തീരുമാനം തെറ്റിപ്പോയോ എന്ന് സംശയിക്കുന്ന ചില സമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സാന്യ പറയുന്നു. എന്നാല്‍, കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ അഭിനിവേശം ഒട്ടും കുറയാതെ തുടര്‍ന്നു. പതുക്കെ പതുക്കെ തന്റെ പ്രയത്‌നത്തിനുള്ള ഫലം ലഭിച്ചു തുടങ്ങി. കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു തുടങ്ങി. ഇന്ന് 170k ഫോളോവേഴ്‌സുള്ള ട്രാവലറാണ് സാന്യ. 'ചിലപ്പോള്‍ ഏറ്റവും പേടിയോടെ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളെ നിങ്ങള്‍ എത്തേണ്ട സ്ഥാനത്ത് എത്തിക്കും. നിങ്ങള്‍ ഒരു വലിയ തീരുമാനത്തിന്റെ വക്കിലാണ് നില്‍ക്കുന്നതെങ്കില്‍. അത് നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കൂടുതല്‍ വിശ്വാസമുള്ളതിന്റെ സൂചനയുമായിരിക്കാം. എന്റെ ഈ യാത്രയുടെ ഭാഗമായതിന് നന്ദി' -സാന്യ ബത്ര ഇന്‍സ്റ്റ പോസ്റ്റില്‍ പറഞ്ഞു.

TAGS :

Next Story