Quantcast

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 171 പേർക്കായി തെരച്ചില്‍ തുടരുന്നു

തപോവൻ ടണലില്‍ കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനായിട്ടില്ല

MediaOne Logo

  • Published:

    9 Feb 2021 7:12 AM IST

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 171 പേർക്കായി തെരച്ചില്‍ തുടരുന്നു
X

ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ കാണാതായ 171 പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ തുടരുന്നു. തപോവൻ ടണലില്‍ കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനായിട്ടില്ല. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു.

ഐടിബിറ്റി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് മൂന്നാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നത്. രണ്ടര കിലോമീറ്റർ നീണ്ട തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്തിട്ടുണ്ട്.

കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണ് എന്നാണ് റിപ്പോർട്ട്. ഋഷിഗംഗ, എന്‍റ്റിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപം കാണാതായവർക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്.

വൈദ്യുത പ്ലാന്‍റിന് സമീപമുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. അളകനന്ദ, ദൌലി ഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട 13 ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും വ്യോമ മാർഗം എത്തിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനം വിലയിരുത്താന്‍ തപോവനിലെത്തിയ മുഖ്യമന്ത്രി ടി.എസ് റാവത്തിന്‍റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേർന്നു. അപകടകാരണം കണ്ടെത്താന്‍ ചമോലിയില്‍ എത്തിയ ഡിആര്‍ഡിഒ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. ഇന്നലെ സംഘം വ്യോമനിരീക്ഷണം നടത്തി. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

TAGS :

Next Story