Quantcast

മാർക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത കേക്കും ആഘോഷവും; 55 ശതമാനം മാർക്ക് കിട്ടിയ മകന് സർപ്രൈസ് ഒരുക്കി കുടുംബം, കണ്ടു പഠിക്കണമെന്ന് സോഷ്യൽ മീഡിയ, വീഡിയോ

മാർക്കിനേക്കാൾ പ്രധാനം മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനമാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടത്

MediaOne Logo
മാർക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത കേക്കും ആഘോഷവും; 55 ശതമാനം മാർക്ക് കിട്ടിയ മകന് സർപ്രൈസ് ഒരുക്കി കുടുംബം, കണ്ടു പഠിക്കണമെന്ന് സോഷ്യൽ മീഡിയ, വീഡിയോ
X

പരീക്ഷയ്ക്ക് തോറ്റുപോയതിൻ്റെ പേരിലും മാർക്ക് കുറഞ്ഞതിൻ്റെ പേരിലും കുട്ടികളെ അടിക്കുകയും വഴക്ക് പറയുകയും ചെയ്യുന്നവരാണ് പലരും. പലപ്പോഴും ഇതവരെ മാനസികമായി തളർത്തുകയും ജീവനൊടുക്കാൻ തന്നെ പ്രേരിപ്പിക്കുകയും ചെയ്യും. അമിത സമ്മർദ്ദവും താരതമ്യങ്ങളും പ്രതീക്ഷകളും ഉൾപ്പെടെ പറഞ്ഞ് കുട്ടികളെ തളർത്തുന്ന രക്ഷിതാക്കൾക്കിടയിൽ വ്യത്യസ്തരാവുകയാണ് മുംബൈയിലെ ഒരു കുടുംബം. പത്താം ക്ലാസ് പരീക്ഷയിൽ 55% മാർക്ക് വാങ്ങിയ മകന് സർപ്രൈസ് പാർട്ടി ഒരുക്കി മാതൃകയായിരിക്കുകയാണ് ഇവർ. ഇതിൻ്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിലുടനീളം പ്രചരിച്ചു.

ബോർഡ് പരീക്ഷയിൽ 55 ശതമാനം മാർക്കാണ് മുഹമ്മദ് സെയ്ദിന് ലഭിച്ചത്. എന്നാൽ മകനെ വഴക്കുപറയുകയോ കുറ്റപ്പെടുത്താനോ അവർ മുതിർന്നില്ല, പകരം ആഘോഷമാക്കി. മാർക്ക്‌ഷീറ്റിന്റെ മാതൃകയിലുള്ള ഒരു കേക്ക് പോലും ഇതിനായി പ്രത്യേകം തയാറാക്കി. രുഖ്‌സാർ പട്ടേൽ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേക്ക് ബോക്സ് തുറക്കുമ്പോൾ കുട്ടിയുടെ മാർക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത കേക്കും തുടക്കത്തിൽ തന്നെ കാണാം.

കേക്കിൽ സെയ്ദിന്റെ പേര്, മാതാപിതാക്കളുടെ പേരുകൾ, റോൾ നമ്പർ, കൂടാതെ ഓരോ വിഷയത്തിലും അവന് ലഭിച്ച മാർക്കുകൾ എന്നിവ ഉണ്ടായിരുന്നു. ഇംഗ്ലീഷിന് 57, മറാത്തിക്ക് 44, ഹിന്ദിക്ക് 56, മാത്സിന് 59, സയൻസിന് 55, സോഷ്യൽ സയൻസിന് 44 എന്നിങ്ങനെയായിരുന്നു മാർക്കുകൾ. മൊത്തത്തിൽ, 500ൽ 276 മാർക്കാണ് നേടിയത്.

കേക്ക് മുറിക്കുന്നതിനായി കൈയടികൾക്കിടയിലൂടെ സെയ്ദ് പുഞ്ചിരിയോടെ നടന്നു വരുമ്പോൾ കുടുംബാംഗങ്ങൾ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കൈയടികൾക്ക് ഇടയിലാണ് ഈ വിദ്യാർഥി ആവേശപൂർവം കേക്ക് മുറിക്കുന്നു. രുഖ്‌സാർ പട്ടേൽ ഈ ആഘോഷത്തിന് പിന്നിലെ കാരണവും വ്യക്തമാക്കി. "എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുട്ടിയുടെ 55 മാർക്ക് എന്നത് 95നേക്കാളും 85നേക്കാളും വലുതാണ്. അവനെ വഴക്കുപറയുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നതിന് പകരം, അവൻ മറ്റാരെക്കാളും പിന്നിലാണെന്ന് ഒരിയ്ക്കലും തോന്നാതിരിക്കാൻ അവനെ സന്തോഷത്തോടെ നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞതിനെ തുടർന്ന് തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട നിരവധി മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്." അദ്ദേഹം പറഞ്ഞു.

മാർക്കിനേക്കാൾ പ്രധാനം മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനമാണെന്നാണ് ഇതിനോട് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടത്. പല ഉപയോക്താക്കളും ഈ കുടുംബത്തിന്റെ ഹൃദയസ്പർശിയായ ആഘോഷത്തെ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പറയുന്നു. കൂടുതൽ മാർക്ക് വാങ്ങിയിട്ടുപോലും തങ്ങളുടെ ശ്രമങ്ങളെ ഒരിക്കൽപ്പോലും ആരും അഭിനന്ദിച്ചിട്ടില്ലാത്ത അനുഭവവും ചിലർ പങ്കുവെച്ചു.

TAGS :

Next Story