'പൈപ്പിലെ ചെറിയൊരു ചോർച്ച മാറ്റാൻ 21,000 രൂപയായി; അവിടെയായിരുന്നെങ്കിൽ 1000 രൂപയ്ക്കുള്ളിൽ തീരുമായിരുന്നു'; വൈറലായി യുവതിയുടെ വെളിപ്പെടുത്തൽ
സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി

- Published:
14 May 2026 7:55 PM IST

വീടിനുള്ളിലെ ചെറിയ അറ്റകുറ്റപ്പണികളെപറ്റി അത്ര ഗൗരവമായി ചിന്തിക്കാത്തവരാണ് നമ്മൾ. അങ്ങനെയാണെങ്കിലും ഒരു ചെറിയ പണിക്ക് നമ്മൾ പ്രതീക്ഷിച്ചതിലും വലിയൊരു ബില്ല് വന്നാൽ എങ്ങനെയുണ്ടാകും?
വിദേശത്ത് താമസിക്കുന്ന പല ഇന്ത്യക്കാർക്കും ഇത്തരം സാധാരണ സേവനങ്ങൾക്ക് പോലും വലിയ തുകയാണ് നൽകേണ്ടി വരുന്നത്. ഒരു രാജ്യത്ത് സാധാരണമായി തോന്നുന്ന ദൈനംദിന ചെലവുകൾ മറ്റൊരു രാജ്യത്ത് എത്തുമ്പോൾ തികച്ചും വ്യത്യസ്തമായും അനുഭവപ്പെടാം. അതിൻ്റെ കണക്ക് ചിലപ്പോൾ നമ്മളെ ഞെട്ടിക്കുകയും ചെയ്യാം.
അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിത തന്റെ വീട്ടിലെ ചെറിയൊരു അറ്റകുറ്റപ്പണിക്ക് വലിയൊരു തുക നൽകേണ്ടി വന്ന അനുഭവം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അമൃത സിങ് എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ തന്റെ വീട്ടിലെ ചെറിയൊരു ജലചോർച്ച പരിഹരിക്കാൻ 250 ഡോളർ (ഏകദേശം 21,000 മുതൽ 23,000 വരെ ഇന്ത്യൻ രൂപ) നൽകേണ്ടി വന്നുവെന്നാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കിടയിൽ ഈ വീഡിയോ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
"ഒരു ചെറിയ ചോർച്ച ശരിയാക്കാൻ ഇന്ന് ഞങ്ങൾ 250 ഡോളർ നൽകി. അമേരിക്കയിൽ വീട്ടിൽ ചെറിയൊരു പണി വരികയാണെങ്കിൽ തന്നെ 100 അല്ലെങ്കിൽ 200 ഡോളർ സുഖമായി ചിലവാകും. ഇവിടെ ഓരോ ചെറിയ കാര്യത്തിനും ലേബർ കോസ്റ്റ് (തൊഴിൽ കൂലി) വളരെ കൂടുതലാണ്."
"ഒരു ചെറിയ ചോർച്ചയും 21,000 രൂപയുടെ റിയാലിറ്റി ചെക്കും" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സേവന നിരക്കുകളിലെ വലിയ വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. "ഇന്ത്യയിലാണെങ്കിൽ ഒരുപക്ഷേ 500 മുതൽ 1000 രൂപയ്ക്കുള്ളിൽ ഇത് തീരുമായിരുന്നു... ഇവിടെയിത് 250 ഡോളർ," അവർ അടിക്കുറിപ്പിൽ എഴുതുന്നു.
സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. അമേരിക്കയിൽ വരുമാനം കൂടുതലായതിനാലാണ് ജോലി കൂലിയും വർധിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ അവിടെ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് 250 ഡോളർ സമ്പാദിക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരു അഭിപ്രായം.ല ഒരു ലക്ഷം ഡോളർ ശമ്പളമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഈ തുക വളരെ കുറവാണ് എന്നാണ് മറ്റൊരാളുടെ കമന്റ്.
Adjust Story Font
16
