'അവരെന്നെ ഭ്രാന്തനെന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു, കാര്യമാക്കിയില്ല'; രണ്ട് മാസത്തെ പരിശ്രമത്തിനൊടുവിൽ അജ്നാർ നദിക്ക് പുതുജീവനേകി 20കാരൻ
ബിട്ടുവിന്‍റെ സന്നദ്ധതയും കഠിനാധ്വാനവും പ്രശംസിക്കുന്നതിനോടൊപ്പം, ജലാശയങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് നേരെ കണ്ണടക്കുന്ന ഭരണസംവിധാനങ്ങളെ കുറ്റപ്പെടുത്തുകയുമാണ് സോഷ്യൽ മീഡിയ

ഭോപാൽ: മധ്യപ്രദേശിൽ മാലിന്യക്കൂമ്പാരങ്ങൾ വ്യാപകമായി കെട്ടിക്കിടന്നിരുന്ന അജ്നാർ നദി സ്വന്തം കൈകൊണ്ട് വൃത്തിയാക്കി 20കാരൻ. ഭോപാൽ സ്വദേശിയായ ബിട്ടു തബാഹിയെന്ന ബിട്ടുവാണ് രണ്ട് മാസത്തിലേറെ നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ നദി പൂർണമായും മാലിന്യമുക്തമാക്കിയത്. വൃത്തിയാക്കുന്നതിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബിട്ടു തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ജലാശയം പൂർണമായും മാലിന്യമുക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്തുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വന്തം ചിലവിലാണ് ബിട്ടു എടുത്തുമാറ്റിയത്. ഏറെക്കാലമായി മാലിന്യങ്ങളുടെ കൂമ്പാരമാണ് നദിയിലും പരിസരങ്ങളിലും. ഇനിയും അധികാരികളെയോ സന്നദ്ധ സംഘടനകളെയോ കാത്തിരിക്കാൻ കൂട്ടാക്കാതെ, സ്വന്തം നിലയിൽ സംവിധാനങ്ങൾ കണ്ടെത്തിയാണ് ബിട്ടു പണിക്കിറങ്ങിയത്.
ബിട്ടുവിന്‍റെ നല്ല മനസ്സിനും പരിശ്രമങ്ങൾക്കും കയ്യടിച്ചുകൊണ്ട് നിരവധി പേരാണ് അഭിനന്ദനപ്രവാഹവുമായി സോഷ്യൽ മീഡിയയിൽ കമന്‍റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് ചെയ്തതെന്നും നദി നേരാംവണ്ണം വൃത്തിയാക്കിയിട്ടില്ലെന്നും നിരവധി പേർ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം മൂന്ന് മാസമെടുത്ത് എങ്ങനെയാണ് താൻ നദി വൃത്തിയാക്കിയതെന്നതിന്‍റെ വീഡികൾ പങ്കുവെച്ചുകൊണ്ടാണ് ബിട്ടു ആരോപണങ്ങളെ നേരിട്ടത്.
'ഒരുപാട് പേര് ഭ്രാന്തനെന്നും മറ്റും വിളിക്കുന്നുണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. ഒരുപക്ഷേ, നദി വൃത്തിയാക്കുന്നതിന്‍റെ വീഡിയോ കുറവായിരിക്കും. കാരണം, എനിക്ക് കുറച്ചധികം ഒറ്റക്ക് പണിയെടുക്കാനുണ്ടായിരുന്നു'. ബിട്ടു വീഡിയോയിൽ വ്യക്തമാക്കി. ബിട്ടുവിന്‍റെ സന്നദ്ധതയും കഠിനാധ്വാനവും പ്രശംസിക്കുന്നതിനോടൊപ്പം, ജലാശയങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് നേരെ കണ്ണടക്കുന്ന ഭരണസംവിധാനങ്ങളെ കുറ്റപ്പെടുത്തുകയുമാണ് സോഷ്യൽ മീഡിയ.
Adjust Story Font
16

