Quantcast

'എല്ലാ കാര്യങ്ങളും എഐയോട് ചോദിക്കും, അനുഭവിക്കുന്നത് മുഴുവൻ ഞങ്ങളും...'; എഐ ചാറ്റ്ബോട്ടിന്‍റെ അടിമയായ ബോസിനെ കുറിച്ച് ജീവനക്കാരൻ, വൈറലായി കുറിപ്പ്

സങ്കീർണമായ പല പ്രശ്നങ്ങളിലും ചാറ്റ്ബോട്ടിന്‍റെ പരിഹാരങ്ങൾക്കാണ് ബോസ് കാതോർക്കാറുള്ളതെന്നും, എങ്ങാനും ചാറ്റ്ബോട്ടിന് പിഴവ് സംഭവിച്ചെങ്കിൽ പോലും അത് ജീവനക്കാരായ തങ്ങളുടെ കുഴപ്പമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുമെന്ന് കുറിപ്പിൽ

MediaOne Logo

Web Desk

  • Updated:

    2026-07-01 14:00:44

Published:

1 July 2026 7:27 PM IST

എല്ലാ കാര്യങ്ങളും എഐയോട് ചോദിക്കും, അനുഭവിക്കുന്നത് മുഴുവൻ ഞങ്ങളും...; എഐ ചാറ്റ്ബോട്ടിന്‍റെ അടിമയായ ബോസിനെ കുറിച്ച് ജീവനക്കാരൻ, വൈറലായി കുറിപ്പ്
X

Representative image

ജോലി സ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമടക്കം സർവമേഖലകളിലും അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ ജോലി എളുപ്പമാക്കാനും കമ്പനിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കാനും എഐ ഒരുപരിധിവരെ ആളുകളെ സഹായിക്കുന്നുമുണ്ട്. എന്നാൽ, അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം എഐയെ ആശ്രയിക്കേണ്ടുന്നതിന് പകരം, തൊട്ടതിനും പിടിച്ചതിനുമെല്ലാം എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്ന ബോസിനെ കുറിച്ചും, ഇതുവഴി ഓഫീസിൽ തങ്ങൾക്ക് നേരിടേണ്ടിവന്ന പ്രതികൂലസാഹചര്യങ്ങളെ കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഒരു ജീവനക്കാരൻ.

കമ്പനിക്കകത്തെ സ്വന്തം ടീമിനേക്കാളും എഐ ചാറ്റ്ബോട്ടായ ക്ലൗഡിനെയാണ് ബോസിന് വിശ്വാസമെന്നാണ് കുറിപ്പിലുള്ളത്. ഓഫീസിലെ സങ്കീർണമായ പല പ്രശ്നങ്ങളിലും ചാറ്റ്ബോട്ടിന്‍റെ പരിഹാരങ്ങൾക്കാണ് ബോസ് കാതോർക്കാറുള്ളതെന്നും, എങ്ങാനും ചാറ്റ്ബോട്ടിന് പിഴവ് സംഭവിച്ചെങ്കിൽ പോലും അത് ജീവനക്കാരായ തങ്ങളുടെ കുഴപ്പമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുമെന്ന് കുറിപ്പിൽ പറയുന്നു. കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

'ടീം മീറ്റിങ് വിളിച്ചാലും ക്ലൗഡുമായാണ് ബോസ് കാര്യങ്ങളെല്ലാം ചർച്ച ചെയ്യാറുള്ളത്. അദ്ദേഹത്തിന്‍റെ പ്രോംപ്റ്റനുസരിച്ച് ക്ലൗഡ് പറയുന്ന കാര്യങ്ങളാണ് ഞങ്ങളുടെ കമ്പനിയുടെയും പ്രോംപ്റ്റ്. ചാറ്റ്ബോട്ടിന്‍റെ പ്രെഡിക്ഷനുകളാണ് ബോസ് ഞങ്ങൾക്ക് നൽകുന്ന നിർദേശം'. ജീവനക്കാരൻ കുറിച്ചു. എന്നാൽ കമ്പനിയുടെ ആവശ്യങ്ങളെ കുറിച്ചോ ബിസിനസ് രീതിശാസ്ത്രത്തെ കുറിച്ചോ ക്ലൗഡിന് ആധികാരികമായ വിവരങ്ങളൊന്നും അറിയില്ലെന്നും ഇത് തങ്ങളുടെ ജോലി കഠിനമാക്കുകയാണെന്നും ജീവനക്കാരൻ കുറിപ്പിൽ പരാതിപ്പെട്ടു.

'ഞങ്ങളുടെ ക്ലയന്‍റുകളെ കുറിച്ചോ അവരുടെ ആവശ്യങ്ങളെ കുറിച്ചോ ക്ലൗഡിന് എന്തറിയാം? കമ്പനിയുടെ മുന്നോട്ടുപോക്കിന് എല്ലായ്പ്പോഴും ഈ പ്രോംപ്റ്റുകൾ മതിയായെന്ന് വരില്ല. ചാറ്റ്ബോട്ടിന്‍റെ നിർദേശങ്ങൾ വർക്ക് ചെയ്യില്ലെന്നറിയാമായിരുന്നിട്ടും വീണ്ടും വീണ്ടും അദ്ദേഹം എഐയെ ആശ്രയിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ക്ലൗഡിനോട് ചോദിക്കും. എന്നാൽ, പരിഹാരമില്ലാതെ പ്രശ്നം അതേപടി തുടരുക തന്നെ ചെയ്യും'. ജീവനക്കാരൻ വ്യക്തമാക്കി.

സഹപ്രവർത്തകരുടെ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ബോസിന്‍റെ ഈ പെരുമാറ്റം തങ്ങളുടെ വർക്ക് ഫ്ലോയെ പ്രതികൂലമായി ബാധിക്കുന്നെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു. 'ഞാൻ അദ്ദേഹത്തെ പലപ്പോഴായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജീവനക്കാരനെന്ന നിലയിൽ അനുദിനം എന്നെ വല്ലാതെ നിരാശപ്പെടുത്തുകയാണ് ബോസിന്‍റെ പെരുമാറ്റം. എഐയെ അമിതമായി ആശ്രയിക്കുന്നത് അദ്ദേഹത്തിന്‍റെ മാനസികാരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് മാത്രമല്ല, ഇത്തരം ശീലങ്ങൾ ആർക്കും ഗുണം ചെയ്യില്ല'. അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലിസ്ഥലങ്ങളിൽ സമാനമായ അനുഭവങ്ങൾ തങ്ങൾക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന തരത്തിൽ നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

TAGS :
Next Story