വർക്ക് ഫ്രം ഹോം നൽകി കമ്പനി; പക്ഷേ വീട്ടിലേക്ക് പോകാൻ കഴിയില്ല, നിരീക്ഷിക്കാൻ ജിപിഎസ്; കുറിപ്പുമായി ജീവനക്കാരൻ
സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണത്തിന് കാരണമായി

- Updated:
2026-06-11 10:41:04

കോർപ്പറേറ്റ് ലോകത്ത് കോവിഡ് കാലത്ത് ശക്തമായ വാക്കാണ് വർക്ക് ഫ്രം ഹോം എന്നത്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനോടൊപ്പം കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാം എന്നതാണ് ഇതിൻ്റെ ഗുണം. ഒപ്പം ചെലവും കുറവാണ്.
കമ്പനിയുടെ പുതിയ വർക്ക് ഫ്രം ഹോം പോളിസിയെക്കുറിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ മാസം കമ്പനിയിൽ വലിയ തോതിൽ പിരിച്ചുവിടൽ നടന്നിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് പുതിയ WFH നിയമം കൊണ്ടുവന്നതെന്നും ജീവനക്കാരൻ പറയുന്നു.
പുതിയ നിയമപ്രകാരം, ജീവനക്കാർ സ്വന്തം നാട്ടിലേക്ക് പോകാൻ പാടില്ല. അവർ ജോലി ചെയ്യുന്നത് എവിടെയിരുന്നാണെന്ന് ഉറപ്പുവരുത്താൻ ജിപിഎസ് വഴി കമ്പനി ലൊക്കേഷൻ നിരീക്ഷിക്കുകയും ചെയ്യും. പിരിച്ചുവിടലിന് ശേഷം കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 40-ൽ നിന്ന് 15 ആയി കുറഞ്ഞു. ഇതോടെ ആറാം നിലയിലുണ്ടായിരുന്ന ഓഫീസ് ഒഴിഞ്ഞ തൊട്ടുതാഴത്തെ നിലയിലെ ചെറിയൊരു മുറിയിലേക്ക് കമ്പനി മാറുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
"അഞ്ചാം നിലയിൽ എല്ലാവർക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാലാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചത്. അഞ്ചാം നിലയിൽ ഞങ്ങൾക്ക് ആകെ 4 സീറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്, അതിനാൽ ബാക്കിയുള്ളവർ മാറിമാറി വീട്ടിലിരുന്ന് ജോലി ചെയ്യണം," റെഡ്ഡിറ്റിൽ അദ്ദേഹം എഴുതി.
"കുറച്ചു ആഴ്ചകൾക്ക് ശേഷം, ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഓഫീസിലേക്ക് വരികയും, ഓഫീസിലുള്ളവർ വീട്ടിലേക്ക് മാറുകയും വേണം." ആദ്യം ഈ പുതിയ തീരുമാനത്തിൽ സന്തോഷം തോന്നിയെങ്കിലും, ജിപിഎസ് നിരീക്ഷണത്തെക്കുറിച്ച് അറിഞ്ഞതോടെ ജീവനക്കാരൻ്റെ സന്തോഷം നിരാശയ്ക്ക് വഴിമാറി.
"ഒടുവിൽ എനിക്ക് എൻ്റെ സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമല്ലോ എന്നോർത്ത് ഞാൻ ആദ്യം സന്തോഷിച്ചു. എന്നാൽ ഡൽഹി-എൻസിആർ (Delhi-NCR) പരിധിയിൽ ഇരുന്ന് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്ന് എൻ്റെ ബോസ് വ്യക്തമാക്കി. ഇത് ഉറപ്പാക്കാൻ ജിപിഎസ് വഴിയാണ് ഹാജർ രേഖപ്പെടുത്തുന്നത്. അതായത്, ഒരു ജീവനക്കാരൻ ഡൽഹി-എൻസിആറിൽ ഉണ്ടെങ്കിൽ മാത്രമേ സിസ്റ്റം ഹാജർ രേഖപ്പെടുത്തുകയുള്ളൂ," ജീവനക്കാരൻ പറഞ്ഞു.
"ബോസ് ഇതിനൊരു കാരണം പറഞ്ഞില്ലെങ്കിലും, ഓഫീസിൽ എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാൽ ജീവനക്കാരന് വേഗത്തിൽ എത്തിച്ചേരാൻ വേണ്ടിയായിരിക്കും എന്ന് കരുതുന്നു. കേട്ടപ്പോൾ വലിയ നിരാശ തോന്നി. വർക്ക് ഫ്രം ഹോം എന്ന് പറഞ്ഞാൽ ഇതാണോ ഉദ്ദേശിക്കുന്നത്?" അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് ശ്രദ്ധ നേടിയതോടെ, സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണത്തിന് കാരണമായി. WFH-ന്റെ കാര്യത്തിൽ പല കമ്പനികളും സമാനമായ പ്രക്രിയയാണ് പിന്തുടരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
Adjust Story Font
16
