'ദിവസം മുഴുവൻ ജോലി, വിചിത്രമായ നിയമങ്ങൾ, എന്നിട്ട് ലഭിക്കുന്നതോ..., ഇവിടേക്ക് നിങ്ങൾ ജോലിക്ക് വരരുത്'; യുവതിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
തനിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങളെ കുറിച്ചുള്ള യുവതിയുടെ വിഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടുതീർത്തത്. അപകടകരമായ ജോലികളിലേക്ക് എടുത്തുചാടാനൊരുങ്ങുന്നവർ ഇതൊരു മുന്നറിയിപ്പായി കാണണമെന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരുടെയും അഭിപ്രായം. എല്ലായിടങ്ങളിലും സമാനമായ സംഗതികളുണ്ടെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുന്നവരും കമന്‍റ് ബോക്സിൽ പൊങ്ങിക്കിടക്കുന്നുണ്ട്.

- Updated:
2026-06-03 16:55:50

മോഹിപ്പിക്കുന്ന സാലറി വാഗ്ദാനം ചെയ്താൽ കൂടെപ്പോകാൻ തയാറാണോ നിങ്ങൾ? ദിനചര്യയും ജോലിയുടെ സ്വഭാവത്തെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും പോകാൻ തയാറാണോ? പോകേണ്ടത് മറ്റൊരു രാജ്യത്തേക്കാണെങ്കിലോ? അൽപം പ്രയാസകരമെങ്കിൽ പോലും റിസ്കെടുക്കാൻ തയാറുള്ളവരായിരിക്കും പുതുതലമുറ. അത്തരത്തിലുള്ള വെല്ലുവിളികൾ ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്ത നിരവധി ചരിത്രങ്ങൾ നമുക്ക് മുൻപിലുണ്ട്താനും.
എന്നാൽ, ഇത്തരത്തിലുള്ള ജോലിസാഹചര്യങ്ങളിലേക്ക് മുന്നുംപിന്നും നോക്കാതെ എടുത്തുചാടുന്നതിലെ അപകടത്തെ കുറിച്ച് വല്ലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചില്ലെങ്കിൽ എടുത്തുചാടാൻ വരട്ടെ. അജ്ഞാതമായ ചില നിർദേശങ്ങളുടെ ബലത്തിൽ ദക്ഷിണ കൊറിയയിൽ ജോലിക്കായി എത്തിച്ചേരേണ്ടിവരികയും അവിടെ നേരിടേണ്ടിവന്ന പ്രയാസങ്ങളെയും കുറിച്ചുള്ള ഇന്ത്യൻ യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്താണിതിന് പിന്നിലെ സത്യാവസ്ഥയെന്ന് പരിശോധിക്കാം...
ദീർഘനേരമുള്ള ജോലി, തൊഴിലിടത്തിലെ പ്രതിസന്ധികൾ, പ്രതീക്ഷകളും പരീക്ഷണങ്ങളും എന്നിങ്ങനെ, ദക്ഷിണ കൊറിയയിലെ തൊഴിലിടത്ത് തനിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങളെ കുറിച്ചുള്ള യുവതിയുടെ വിഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടുതീർത്തത്. അപകടകരമായ ജോലികളിലേക്ക് എടുത്തുചാടാനൊരുങ്ങുന്നവർ ഇതൊരു മുന്നറിയിപ്പായി കാണണമെന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരുടെയും അഭിപ്രായം. എല്ലായിടങ്ങളിലും സമാനമായ സംഗതികളുണ്ടെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുന്നവരും കമന്‍റ് ബോക്സിൽ പൊങ്ങിക്കിടക്കുന്നുണ്ട്.
സ്വർണിം സിങ് എന്ന ഇന്ത്യൻ യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ദക്ഷിണ കൊറിയയിൽ അവർക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങളെ എടുത്തുപറയുന്ന സ്വർണിം, മിക്കവാറും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണിതെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
'ദക്ഷിണ കൊറിയയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യക്കാരനാണ് നിങ്ങളെങ്കിൽ ദയവ് ചെയ്ത് എന്നെ കേൾക്കണം. ഇവിടേക്ക് വരരുതെന്നാണ് അനുഭവത്തിന്‍റെ വെളിച്ചത്തിൽ പറയാനുള്ളത്. ഇവിടെ തൊഴിൽ മേഖലകളിൽ കടുത്ത മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോരാത്തത് ഇന്ത്യക്കാർക്ക് പരിമിതമായ അവസരങ്ങളും. ഇവിടേക്ക് വരികയാണെങ്കിൽ തന്നെ കോൺട്രാക്ട് തീരുന്നപക്ഷം തിരികെ പെട്ടിയും കിടക്കയുമായി പറക്കേണ്ടിവരും. ഇവിടേക്കെത്തുന്ന മിക്കവാറും വിദേശികളും അങ്ങനെയാണ് ചെയ്യുന്നത്. അല്ലെങ്കിലും, ചെയ്യുന്ന ജോലിയിലും പരിശ്രമത്തിലും സംതൃപ്തിയില്ലെങ്കിൽ പിന്നെങ്ങനെയാണ് ഒരാൾ ഇവിടെ തുടരുക?' സ്വർണിം സിങ് വിഡിയോയിൽ പറഞ്ഞു.
കൊറിയൻ സീരീസുകളും സിനിമകളും കണ്ട് ഇവിടെയെത്തുന്ന നിരവധി പേരുണ്ടെന്നും തൊഴിൽ യാഥാർത്ഥ്യവുമായി അതൊന്നും ചേർന്ന് പോകുകയില്ലെന്നും അവർ വ്യക്തമാക്കി. 'കെ-ഡ്രാമകൾ കണ്ട് ആകൃഷ്ടരായി മാത്രം ഇങ്ങോട്ട് കയറിവരുന്നവരുണ്ട്. യാഥാർത്ഥ്യമറിയാത്തത് കൊണ്ടാണത്. കൊറിയൻ കമ്പനിയിൽ ജോലി ചെയ്യണമെന്ന് ആത്മാർത്ഥമായി നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ഇവിടെത്തെ നിയമങ്ങളെയും ജോലി സാഹചര്യങ്ങളെയും കുറിച്ച് പഠിച്ചേ തീരൂ. സീരീസുകളിൽ കാണുന്നതല്ല കൊറിയ. യാഥാർത്ഥ്യം മറ്റൊന്നാണ്'. അവർ വ്യക്തമാക്കി.
'അജ്ഞാതമായ ഒട്ടനവധി നിയമങ്ങളാണ് ഇവിടുള്ളത്. കോൺട്രാക്ടിൽ പറഞ്ഞതിലും കൂടുതൽ മണിക്കൂറുകൾ ജോലിയെടുക്കേണ്ടിവരും. നിങ്ങളുടെ ബോസ് ഓഫീസ് വിട്ടിറങ്ങുന്നതിന് മുൻപേ ഇറങ്ങാമെന്ന് കരുതിയേക്കരുത്. അത് വലിയ പ്രശ്നമാകും. നിങ്ങൾ കഠിനാധ്വാനിയല്ലെന്നായിരിക്കും അതിലൂടെ അവർ വിലയിരുത്തുക. ഇതാണ് അവിടത്തെ സംസ്കാരം. ടീമിന്‍റെ ഡിന്നർ ക്ഷണം നിരസിച്ചാൽ അത് നമ്മെ കൂടുതൽ കുഴപ്പത്തിലാക്കും. നമുക്ക് ആരോരുമായും സോഷ്യലൈസ് ആകാൻ ആഗ്രഹമില്ലെന്നാണ് പിന്നീടവർ പറഞ്ഞുണ്ടാക്കുക'. സ്വർണിം വിശദമാക്കി.
'മുന്നിലുള്ളത് പുതുമുഖ ജീവനക്കാരനാണെങ്കിലും കൂടുതൽ ചോദ്യം പറച്ചിലുകളൊന്നുമുണ്ടാകില്ല. നിങ്ങൾ തയാറാണോ അല്ലയോ എന്നൊക്കെ ചോദിക്കും. അല്ലെന്ന് പറയാനാകില്ല. ടീം ഡിന്നറിന് പങ്കെടുക്കാനായി അതിപ്രധാനമായ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ചേ മതിയാകൂ. അനുഭവിച്ചറിയാത്ത ഒട്ടനവധി കെട്ടുകഥകളാണ് നിങ്ങളെയും കാത്ത് ഇവിടെയിരിക്കുന്നത്. അഥവാ, ഇപ്പോഴും ഇങ്ങോട്ട് വന്നേ മതിയാകൂവെന്നാണ് നിങ്ങളുടെ നിലപാടെങ്കിൽ, എന്തിനും തയാറായി വരൂവെന്ന് ചുരുക്കം'. അവർ കൂട്ടിച്ചേർത്തു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളുമായി കമന്‍റ് ബോക്സിൽ തടിച്ചുകൂടിയിരിക്കുന്നത്. വിഡിയോയിൽ പറഞ്ഞതിനോടെല്ലാം യോജിക്കുന്നെന്നും നന്നായി മുന്നൊരുക്കം നടത്തിയിട്ട് വേണം ഇറങ്ങിത്തിരിക്കാനെന്നുമാണ് അധികപേരുടെയും പ്രതികരണം. 'പഠനാവശ്യങ്ങൾക്ക് പറ്റിയ മികച്ച രാജ്യമാണ് കൊറിയ. എന്നാൽ, ജോലിക്ക് വേണ്ടി മറ്റേതെങ്കിലും രാജ്യം നോക്കേണ്ടിയിരിക്കുന്നു. മുന്നിലുള്ളതെത്ര മണിക്കൂറുകളെന്നറിയാതെ എത്ര നേരം ജോലി ചെയ്യാനാകും.?' ഒരാൾ കുറിച്ചു. തന്‍റെ മുൻകാല അനുഭവം പങ്കുവെച്ചുകൊണ്ടാണ് മറ്റൊരാൾ കമന്‍റ് ചെയ്തത്. 'സാലറിയില്ലാതെ ആഴ്ചകളോളം ജോലി. അതിന് പുറമെ, കൊറിയക്കാരായ സഹപ്രവർത്തകരിൽ നിന്നുള്ള ആട്ടും തുപ്പും. ഇതാണ് യഥാർത്ഥത്തിൽ കൊറിയൻ ജീവിതം ദുസ്സഹമാക്കുന്നത്. വീണുകിട്ടിയ ആദ്യ അവസരത്തിൽ ഇറങ്ങിപ്പോരാനായതിൽ സന്തോഷം'. അയാൾ കുറിച്ചു.
Adjust Story Font
16
