Quantcast

'ഉറക്കമുണർന്നത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന മെയിൽ കണ്ടുകൊണ്ട്; 39 വർഷം ജോലിചെയ്ത സ്ഥാപനത്തിൽ നിന്ന് ഇതിലും നന്നായി ഇറങ്ങണമെന്നായിരുന്നു ആഗ്രഹം': ചർച്ചയായി യുവാവിന്‍റെ കുറിപ്പ്

ഒരു ഫോൺ കോളിലൂടെയോ വ്യക്തിപരമായി സംസാരിക്കുകയോ ചെയ്യാതെയാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും ആഡം വ്യക്തമാക്കി. തന്നെ പിരിച്ചുവിട്ട സീനിയർ ചീഫിനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോഴുണ്ടായ പ്രയാസകരമായ അനുഭവവും പങ്കുവെച്ചുകൊണ്ടാണ്കുറിപ്പ്

MediaOne Logo

Web Desk

  • Published:

    21 Jun 2026 1:28 PM IST

ഉറക്കമുണർന്നത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന മെയിൽ കണ്ടുകൊണ്ട്; 39 വർഷം ജോലിചെയ്ത സ്ഥാപനത്തിൽ നിന്ന് ഇതിലും നന്നായി ഇറങ്ങണമെന്നായിരുന്നു ആഗ്രഹം: ചർച്ചയായി യുവാവിന്‍റെ കുറിപ്പ്
X

ദീർഘകാലം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുകയെന്നത് അത്ര ലളിതമായ ചടങ്ങൊന്നുമായിരിക്കില്ല പലർക്കും. ഉയർന്ന വരുമാന സാധ്യതകൾ മുന്നിൽക്കണ്ട് നീങ്ങുകയാണെങ്കിൽ പോലും കാലമത്രയും സമ്പാദിച്ച ബന്ധങ്ങളെയും കൂട്ടുകാരെയും ഓഫീസിനെയും വിട്ടെറിഞ്ഞ് പോകുകയെന്നത് പലർക്കും വിഷമകരമായിരിക്കും. അതേസമയം, വർഷങ്ങളോളം ജോലി ചെയ്ത് പരിചയസമ്പത്തുണ്ടായിട്ടും, മാന്യമായൊരു വാക്ക് പോലും പറയാതെ, പെട്ടെന്നൊരു ദിനം നിങ്ങളെ പിരിച്ചുവിടുകയാണെന്ന് പറഞ്ഞാലോ?

അധികപേർക്കും അങ്ങനെയൊരു സാഹചര്യം ചിന്തിക്കാൻ പോലും പ്രയാസകരമായിരിക്കും. എന്നാലിതാ, 39 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് പെട്ടെന്നൊരു നാൾ തന്നെ പിരിച്ചുവിട്ട അനുഭവം ഓർത്തെടുക്കുകയാണ് ആഡം ബെർണാർഡെന്ന യുവാവ്. ഒരു ദിവസം ഉറക്കമുണർന്നപ്പോൾ കാണുന്നത് തന്നെ പിരിച്ചുവിട്ടെന്ന കമ്പനിയുടെ മെയിൽ സന്ദേശമാണെന്നും വല്ലാതെ നിരാശനായിപ്പോയെന്നും ആദം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചു. ഒരു ഫോൺ കോളിലൂടെയോ വ്യക്തിപരമായി സംസാരിക്കുകയോ ചെയ്യാതെയാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും ആഡം വ്യക്തമാക്കി. തന്നെ പിരിച്ചുവിട്ട സീനിയർ ചീഫിനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോഴുണ്ടായ പ്രയാസകരമായ അനുഭവവും പങ്കുവെച്ചുകൊണ്ടാണ് ഇയാളുടെ കുറിപ്പ്.

'പുലർച്ചെ 5:07ന് വന്ന ഇമെയിൽ സന്ദേശം സന്ദേശം ഇങ്ങനെ; നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു.' ആഡം തന്‍റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി. തന്നെ പിരിച്ചുവിട്ട ചീഫിനെ വർഷങ്ങൾക്ക് ശേഷം മറ്റൊരു പരിപാടിയിൽ വെച്ച് കണ്ടുമുട്ടിയെങ്കിലും പിരിച്ചുവിട്ടതിനെ കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ നൽകാനോ അയാൾ കൂട്ടാക്കിയില്ലെന്നും ആദം പറഞ്ഞു.

'രണ്ട് ദിവസത്തെ ഒരു ബിസിനസ് പ്രോഗ്രാമിലായിരുന്നു ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയത്. ആദ്യമൊന്നും അദ്ദേഹം എന്നെ കണ്ട ഭാവം പോലും നടിച്ചിരുന്നില്ല. കണ്ട് സംസാരിക്കണമെന്ന ഉദ്ദേശത്തോടെ മുന്നിലേക്ക് ചെന്നെങ്കിലും എന്നെ കാണാത്ത ഭാവത്തിൽ അദ്ദേഹം മാറിപ്പോകുകയാണ് ചെയ്തത്. എന്നാൽ, അടുത്ത ദിവസം സാഹചര്യങ്ങൾ മാറി. അദ്ദേഹം എന്‍റടുക്കലേക്ക് വന്ന് കൂടെയുള്ളവർക്ക് പരിചയപ്പെടുത്തി' ഇതെന്‍റെ പഴയൊരു സുഹൃത്താണെന്ന്'. എന്നാൽ, കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളൊന്ന് നേരാംവണ്ണം സംസാരിക്കുകപോലും ചെയ്തിട്ടില്ല'. ആഡം കുറിച്ചു. ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം സംസാരം പൂർത്തിയാക്കുകയും വളരെ വേഗത്തിൽ തന്‍റെയടുക്കൽ നിന്ന് നടന്ന് നീങ്ങുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ ഞൊടിയിടയിൽ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നത് ബിസിനസ് തന്ത്രമായിരുന്നെങ്കിലും നേരത്തെ സൂചന നൽകുന്നതായിരുന്നില്ലേ മാന്യതയെന്നും ആഡം കുറിപ്പിലൂടെ ചോദിക്കുന്നു. ജീവനക്കാരെ വെറും പദവികളായി മാത്രം കാണുകയും, വ്യക്തിപരമായി അവഗണിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും നല്ല ലീഡറാകാൻ സാധിക്കില്ലെന്നും ബിസിനസ് വിജയിപ്പിക്കാനാകില്ലെന്നും അദ്ദേഹത്തിന്‍റെ കുറിപ്പിലുണ്ട്. ഒരു ഫോൺ കോളോ സൂചനയോ നൽകുന്നതിന് മുന്നേ പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശം ലഭിച്ചത് പ്രൊഫഷണൽ ജീവിതത്തിൽ തന്നെ വല്ലാതെ പിടിച്ചുലച്ചുവെന്നും എന്നാൽ, അന്നുണ്ടായിരുന്നതിനേക്കാൾ മികച്ച നിലയിലാണ് താൻ നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡമിന്‍റെ പോസ്റ്റിന് താഴെ വിവിധ അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേരാണ് ലിങ്ക്ഡ്ഇൻ കമന്‍റ് ബോക്സിൽ ഒത്തുകൂടിയിരിക്കുന്നത്. തങ്ങൾക്കും സമാനമായ രീതിയിലുള്ള അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ പകച്ചുനിൽക്കുന്നതിന് പകരം കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകണമെന്നുമായിരുന്നു നിരവധി പേരുടെ അഭിപ്രായം. തൊഴിലിടങ്ങളിലെ ജീവനക്കാരെയും ഉപകരണങ്ങളെയുമെല്ലാം ലാഭം കൊയ്യാനുള്ള ഉപാധിയായി കാണാതെ, അനുതാപപൂർവം പെരുമാറേണ്ടുന്നതിന്‍റെ അനിവാര്യതയെ കുറിച്ചും ചിലർ അഭിപ്രായപ്പെടുകയുണ്ടായി.

TAGS :

Next Story