'എന്റെ പഴയ പാസ്‌പോർട്ടിൽ ഈ ചിഹ്നം ഇല്ലായിരുന്നു; ഇത് സൂചിപ്പിക്കുന്നത് അതാണോ': പുതുക്കിയ പാസ്‌പോർട്ടിൽ സംശയവുമായി യുവതി
മുൻപത്തെ പാസ്‌പോർട്ടിൽ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് കണ്ണിൽ പെട്ടുവെന്നും അവർ വിശദീകരിച്ചു

- Published:
25 Jun 2026 5:14 PM IST

പഴയ പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി പുതുക്കിയ പാസ്‌പോർട്ടിൽ കണ്ട ചെറിയൊരു മാറ്റത്തെ കുറിച്ച് ഒരു യുവതി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പഴയ പാസ്‌പോർട്ടിൽ ഇല്ലാതിരുന്ന, എന്നാൽ പുതുക്കിയ പാസ്‌പോർട്ടിന്റെ താഴെ ഭാഗത്തായി കണ്ട ഒരു ചെറിയ ചതുര ചിഹ്നം കണ്ട് താൻ ആശയക്കുഴപ്പത്തിലായതായി എക്സിൽ പങ്കുവെച്ചപോസ്റ്റിൽ ഉപയോക്താവ് പറഞ്ഞു. ഇത് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, നിരവധി ആളുകൾ ആ ചതുര ചിഹ്നത്തിൻ്റെ ഉദ്ദേശ്യം എന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തുകയും ചെയ്തു.
പൂജ എന്ന എക്സ് ഉപയോക്താവാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. തന്റെ പുതുക്കിയ പാസ്‌പോർട്ടിലെ ചെറിയൊരു ചിഹ്നം തന്നിൽ വലിയ അത്ഭുതമുണ്ടാക്കിയെന്ന് അവർ സമ്മതിക്കുന്നു.
"എന്റെ പാസ്‌പോർട്ട് പുതുക്കി വാങ്ങിയതേയുള്ളൂ, അപ്പോഴാണ് ഇതിന്റെ താഴെ ഭാഗത്തായി വിചിത്രമായ ഒരു ചെറിയ ചതുര ചിഹ്നം ശ്രദ്ധയിൽപ്പെട്ടത്. എന്തായിരിക്കാം ഇതെന്നോർത്ത് ഞാൻ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിയിരുന്നു." അവർ എഴുതി. തന്റെ മുൻപത്തെ പാസ്‌പോർട്ടിൽ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് കണ്ണിൽ പെട്ടുവെന്നും അവർ വിശദീകരിച്ചു.
ഇത് പുതിയ സുരക്ഷാ ഫീച്ചർ ആയിരിക്കുമോ, എന്തെങ്കിലും തരത്തിലുള്ള ഒളിഞ്ഞിരിക്കുന്ന ട്രാക്കിംഗ് കോഡ് ആണോ, അതും അല്ലെങ്കിൽ പാസ്‌പോർട്ട് വെരിഫിക്കേഷനും തിരിച്ചറിയലുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണോ എന്നും പോസ്റ്റിൽ പൂജ സംശയം പ്രകടിപ്പിക്കുന്നു. "കണ്ടയുടൻ തന്നെ ആർക്കും ജിജ്ഞാസ തോന്നുന്ന തരത്തിലുള്ള ഒന്നാണിത്" എന്നും അവർ കുറിച്ചു. തുടർന്ന് ഇത് എന്താണെന്നുള്ളതിൻ്റെ മറുപടിക്കായി അവർ മറ്റ് ഉപയോക്താക്കളിലേക്കും തിരിഞ്ഞു. " പാസ്‌പോർട്ടിന്റെ താഴെയുള്ള ഈ ചതുര ചിഹ്നം യഥാർത്ഥത്തിൽ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?" അവർ ചോദിച്ചു.
വിവധ ഉപയോക്താക്കളിൽ നിന്ന് വളരെ പെട്ടെന്നാണ് ഈ പോസ്റ്റിന് മറുപടികൾ ലഭിച്ചത്. "പുതിയ ഇന്ത്യൻ പാസ്‌പോർട്ട് കവറിലെ ആ കുത്തോ അല്ലെങ്കിൽ ചെറിയ സ്വർണ്ണ ചതുര ചിഹ്നമോ അർത്ഥമാക്കുന്നത് അത് ഒരു ആർഎഫ്ഐഡി ചിപ്പ് അടങ്ങിയിട്ടുള്ള ഒരു ഇ-പാസ്‌പോർട്ട് (e-Passport) ആണെന്നാണ്. മുൻ കവറിന്റെ താഴെയായി അച്ചടിച്ചിരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ബയോമെട്രിക് ചിഹ്നമാണിത്." ഒരു ഉപഭോക്താവ് എഴുതി.
ലോകമെമ്പാടും ഇ-പാസ്‌പോർട്ടുകളുടെ ഉപയോഗം വർധിദ്ധിച്ചുവരുന്നതിനെക്കുറിച്ചും നിരവധി ആളുകൾ പ്രതികരിച്ചു. "ഇതൊരു ഇ-പാസ്‌പോർട്ട് ആണ്. വളരെ കുറച്ച് ഇന്ത്യക്കാർക്ക് മാത്രമേ നിലവിൽ ഇത് ലഭിച്ചിട്ടുള്ളൂ. പഴയ പാസ്‌പോർട്ടുകൾ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഘട്ടഘട്ടമായി നിർത്തലാക്കും" മറ്റൊ ഒരാൾ അവകാശപ്പെട്ടു.
ചിലർ ഈ ഫീച്ചറിന് പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിച്ചു. "പുതിയ പാസ്‌പോർട്ടിൽ ഒരു ഇൻബിൽറ്റ് ചിപ്പ് ഉണ്ട്, ഒരു പ്രത്യേക ആപ്പ് ഉപയോഗിച്ച് ഇതിലൂടെ പാസ്‌പോർട്ടിന്റെ എല്ലാ വിവരങ്ങളും സ്കാൻ ചെയ്യാനും പരിശോധിക്കാനും കഴിയും," ഒരു ഉപയോക്താവ് എഴുതി. സമാനമായ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തിൽ ഇതിനകം തന്നെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
Adjust Story Font
16
