'വർക്ക് ഫ്രം ഹോം ചോദിച്ചു, പക്ഷെ മറുപടി എന്നെ ഞെട്ടിച്ചു; ഇതിൻ്റെ പേരിൽ അയോഗ്യയാക്കുകയാണെങ്കിൽ എനിക്ക് വിഷമമില്ല': വൈകാരിക വീഡിയോയുമായി യുവതി
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്

- Published:
24 April 2026 7:38 PM IST

ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അമിത ജോലിഭാരത്തെെ കുറിച്ചുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത് സാധാരണമാണ്. അമിത ജോലി സംസ്കാരത്തെ മഹത്വവൽക്കരിക്കുന്ന രീതിയെ വിമർശിച്ചുകൊണ്ട് ഉദിത എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുവതിയുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
"ശനിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം ചോദിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടി കമ്പനിക്ക് സിഇഒ ലെവൽ മനോഭാവമുള്ളവരെ വേണമെന്നാണ്. അതിർവരമ്പുകൾ നിശ്ചയിക്കുന്നത് എന്നെ അയോഗ്യയാക്കുന്നുണ്ടെങ്കിൽ ആ അവസരം നഷ്ടപ്പെടുന്നതിൽ എനിക്ക് വിഷമമില്ല. കാരണം യഥാർഥ നേതൃഗുണമെന്നത് അമിതമായി ജോലി ചെയ്യുന്നതല്ല, മറിച്ച് സ്വന്തം മൂല്യം തിരിച്ചറിയുന്നതാണ്," എന്ന അടിക്കുറിപ്പോടെയാണ് ഉദിത വീഡിയോ പങ്കുവെച്ചത്.
വൈറലായ വീഡിയോയിലൂടെ ഉദിത അടുത്തിടെ നടന്ന ഒരു ജോലിയുടെ അഭിമുഖ അനുഭവം വിവരിക്കുകയായിരുന്നു. ഫോൺ വഴിയായിരുന്നു ഉദിതയുടെ ഇന്റർവ്യൂ നടന്നത്. പ്രാരംഭ സംഭാഷണത്തിലുടനീളം എല്ലാം സുഗമമായി പുരോഗമിക്കുന്നതായി തോന്നി. ആഴ്ചയിൽ എത്ര ദിവസം ജോലി ചെയ്യണമെന്ന് ഉദിത ചോദിച്ചപ്പോൾ ആറ് ദിവസമാണെന്ന് എച്ച്ആർ മറുപടി നൽകി. ശനിയാഴ്ചകളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ക്രമീകരണത്തിന് എന്തെങ്കിലും സാധ്യതയുണ്ടോ ചോദിച്ചു. "കമ്പനിക്ക് വേണ്ടത് സിഇഒ ലെവൽ ആറ്റിറ്റ്യൂഡ് ഉള്ള ആളുകളെയാണ്" എന്നായിരുന്നു എച്ച്ആറിന്റെ വിചിത്രമായ പ്രതികരണം.
എന്നാൽ ഇതിൽ നിരാശ തോന്നിയ ഉദിത, താൻ അഭിമുഖം നടത്തുന്ന സ്ഥാനം യഥാർഥത്തിൽ സിഇഒയ്ക്ക് വേണ്ടിയുള്ളതാണോ എന്ന് ചോദിച്ചുകൊണ്ട് തിരിച്ചടിച്ചു. ഉത്തരം നൽകുന്നതിനുപകരം, എച്ച്ആർ ഫോൺ കട്ട് ചെയ്തുവെന്നാണ് ആരോപണം.
എന്തുകൊണ്ടാണ് അമിതമായി ജോലി ചെയ്യുന്നത് ഒരു മഹത്തായ ഗുണമായി കണക്കാക്കപ്പെടുന്നതെന്ന ചോദ്യമാണ് പിന്നാലെ സോഷ്യൽ മീഡിയ ഉയർത്തിയത്. ജോലിക്ക് പുറമെ വ്യക്തിജീവിതത്തിന് സമയം കണ്ടെത്തുന്നത് ഒരു പരാജയമായി കാണുന്നത് എന്തുകൊണ്ടാണെന്നും, ജോലിസ്ഥലത്ത് വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് ജോലി ലഭിക്കാനുള്ള അയോഗ്യതയായി മാറുന്നത് എങ്ങനെയെന്നും ഉദിത വീഡിയോയിലൂടെ ചോദിക്കുന്നു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ തങ്ങളുടെ സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
Adjust Story Font
16
