'എന്റെ ഭർത്താവ് പൊലീസിലാണ്, നീയാണ് നടുറോഡിലൂടെ നടന്നത്': കാൽനടയാത്രക്കാരനെ കാറിടിച്ച ശേഷം ഭീഷണിയുമായി യുവതി, വ്യാപക വിമർശനം
ഭർത്താവിന്റെ തൊഴിലിനെക്കുറിച്ച് അവിടെ പറയേണ്ട കാര്യമെന്തായിരുന്നുവെന്ന് പലരും ചോദ്യം ചെയ്തു

- Published:
11 Jun 2026 1:31 PM IST

ഹരിയാനയിലെ ഗുഡ്ഗാവിൽ സെക്ടർ 62-ൽ ഒരു സ്ത്രീയും പുരുഷനും തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. എക്സിൽ പങ്കുവെച്ച വീഡിയോയിൽ, സ്ത്രീ കാർ തന്റെ കാലിലൂടെ കയറ്റി ഇറക്കിയതായി അയാൾ ആരോപിക്കുന്നു. തന്നോട് ക്ഷമ ചോദിക്കുന്നതിന് പകരം, ഭർത്താവിന് പൊലീസിലുള്ള പദവി പറഞ്ഞ് സ്ത്രീ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
താൻ റോഡരികിലൂടെ നടന്നുപോകുമ്പോൾ സ്ത്രീ കാറിടിച്ച് തന്റെ കാലിൽ പരിക്കേൽപ്പിച്ചതായി അയാൾ ആരോപിക്കുന്നു. സംഭവങ്ങൾ നടക്കുമ്പോൾ കാറിനുള്ളിലിരുന്ന സ്ത്രീ കാൽനടയാത്രക്കാരനായ അദ്ദേഹവുമായി തർക്കിക്കുന്നതും കാണാം. അയാൾ സംഭവങ്ങളെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തു. ഹരിയാന രജിസ്ട്രേഷനിലുള്ളതാണ് വാഹനം എന്ന് വ്യക്തമാക്കുന്ന കാറിന്റെ നമ്പർ പ്ലേറ്റും വീഡിയോയിൽ കാണിച്ചു.
സ്ത്രീ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ പെട്ടെന്ന് വഷളായി. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ, കാറിന്റെ ഡോർ തുറന്ന സ്തീ തന്റെ ഭർത്താവ് പൊലീസിലാണ് ജോലി ചെയ്യുന്നതെന്ന് മറുപടി നൽകി. “നീ നടുറോഡിലൂടെ നടന്നതുകൊണ്ടാണ് തട്ടിയത്,” എന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, കാൽനടയാത്രക്കാരൻ അവരുടെ കാർ റോഡിലല്ല മറിച്ച് ഒരു വശത്തേക്ക് ചരിഞ്ഞാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് കാണിച്ചു. കാർ റോഡിന്റെ നടുവിലാണോ നിർത്തിയിട്ടിരിക്കുന്നതെന്നും അത് ഒരു വശത്താണ് കിടക്കുന്നതെന്ന് കാണാൻ കഴിയുന്നില്ലേയെന്ന് യുവതിയോട് അയാൾ ചോദിക്കുന്നതും കേൾക്കാം.
സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമായി. സ്വന്തം ഭർത്താവിന്റെ തൊഴിലിനെക്കുറിച്ച് അവിടെ പറയേണ്ട കാര്യമെന്തായിരുന്നുവെന്ന് പലരും ചോദ്യം ചെയ്തു.
"ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഒരാളുടെ കാലിൽ കാറിടിച്ചിട്ട്, അടിസ്ഥാനപരമായ മര്യാദ കാണിക്കുന്നതിന് പകരം വ്യാജ പൊലീസ് അധികാരം കാണിച്ച് ഭീഷണിപ്പെടുത്തുന്നു. ഇന്ത്യൻ റോഡുകളിൽ ഉത്തരവാദിത്തബോധം ഒട്ടുമില്ലാത്തതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ആ വ്യക്തിക്ക് നീതി ലഭിക്കുമെന്നും അവളുടെ കാർ കെട്ടിവലിച്ചു കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു. തെറ്റായ കാരണങ്ങളാൽ ഗുഡ്ഗാവ് ട്രാഫിക് നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല," മറ്റൊരാൾ കുറിച്ചു.
Adjust Story Font
16
