Quantcast

'നിശബ്ദ അട്ടിമറി'; ഇന്ത്യയിലെ ഡീപ് സ്റ്റേറ്റിന്റെ ചരിത്രവും വർത്തമാനവും

കാലങ്ങൾക്ക് അനുസരിച്ച് നവീകരണങ്ങൾക്ക് വിധേയമായില്ലെങ്കിൽ എല്ലാത്തിനെയും പോലെ ജനാധിപത്യവും നാശം വിതക്കും. ജനങ്ങളുടെ മേൽ ജനങ്ങളുടെ അധിപത്യമെന്നത് അധികാരമില്ലാത്ത ജനങ്ങളുടെ മേൽ അധികാരമുള്ള ജനങ്ങളുടെ ആധിപത്യമായി മാറും. ദുർബലരും ശക്തരും തമ്മിലുള്ള അന്തരം വർധിക്കും

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2025-12-03 08:40:15.0

Published:

3 Dec 2025 1:28 PM IST

നിശബ്ദ അട്ടിമറി; ഇന്ത്യയിലെ ഡീപ് സ്റ്റേറ്റിന്റെ ചരിത്രവും വർത്തമാനവും
X

'News is what someone wants suppressed. Everything else is just advertising' - James Bevan

കാലങ്ങൾക്ക് അനുസരിച്ച് നവീകരണങ്ങൾക്ക് വിധേയമായില്ലെങ്കിൽ എല്ലാത്തിനെയും പോലെ ജനാധിപത്യവും നാശം വിതക്കും. ജനങ്ങളുടെ മേൽ ജനങ്ങളുടെ അധിപത്യമെന്നത് അധികാരമില്ലാത്ത ജനങ്ങളുടെ മേൽ അധികാരമുള്ള ജനങ്ങളുടെ ആധിപത്യമായി മാറും. ദുർബലരും ശക്തരും തമ്മിലുള്ള അന്തരം വർധിക്കും. ആശ്രിതർക്കും അശരണർക്കും ഒരുപോലെ ബാധകമായ നിയമം, സർക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതകളെ നിയന്ത്രിക്കുന്നതിന് ശക്തമായ ഒരു പ്രതിപക്ഷം, സമത്വം നിഷേധിക്കപ്പെടുന്നിടത്ത് മറ്റെല്ലാം നിഷേധിക്കപ്പെടുന്നു എന്ന തത്വം എന്നിങ്ങനെയാണ് അംബേദ്‌കർ ജനാധിപത്യത്തെ വിഭാവന ചെയ്യുന്നത്. എന്നാൽ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ തകർത്ത് ഇവിടെ ചില പ്രത്യേക അധികാര കേന്ദ്രം പ്രവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം.

ഇന്ത്യയിലെ ഡീപ് സ്റ്റേറ്റ് എന്ന ആശയം ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് അപ്പുറം തെളിവുകൾ നിരത്താവുന്ന യാഥാർഥ്യമായി ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് അന്വേഷണാത്മക പത്രപ്രവർത്തകനായ ജോസി ജോസഫിന്റെ 'The Silent Coup: A History of India's Deep State' എന്ന പുസ്തകം. മാറി മാറി വരുന്ന സർക്കാരുകൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്വേഷണ/ജുഡീഷ്യറി/മാധ്യമ ഏജൻസികളെ വ്യാപകമായി ഉപയോഗിച്ചതിന്റെ ഫലമായി ഇന്ത്യയിലെ ജനാധിപത്യ അടിത്തറക്ക് വിള്ളൽ വീണിരിക്കുന്നു എന്ന വാദമാണ് ജോസി ജോസഫ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ അന്വേഷണ ഏജൻസികളായ സംസ്ഥന പൊലീസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങി രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജിൻസ് ബ്യുറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW) ഉൾപ്പെടെയുള്ള സംഘങ്ങളെ ഉപയോഗിച്ച് അധികാരം കൈയാളുന്ന സർക്കാർ, വിമർശകരെ നിശബ്ദരാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതെങ്ങനെയെന്ന് ജോസി ജോസഫ് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു.

The Silent Coup: A History of India's Deep State by Josy Joseph

ഇന്ത്യ ഭരിച്ച ഒരു സർക്കാരും ഇതിൽ നിന്ന് ഒഴിവാകുന്നിലെങ്കിലും നരേന്ദ്ര മോദി സർക്കാരിന്റെ വരവോടെ ഇതിന്റെ തീവ്രവും പൂർണവുമായ അട്ടിമറിയിലേക്ക് കടന്നു. അടിയന്തരാവസ്ഥക്കാലമാണ് രാഷ്ട്രീയ ഇന്ത്യയുടെ ഏറ്റവും ആപത്കരമായ കാലമായി നമ്മൾ വിലയിരുത്തിയതെങ്കിൽ നരേന്ദ്ര മോദി കാലത്ത് അതിനേക്കാൾ പരുഷമായ യാഥാർഥ്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എടുത്തെറിയപ്പെട്ടു. എന്നാൽ അതിനോടുള്ള പ്രതികരണമെന്ന നിലക്കുള്ള ഒരു ഞരക്കം പോലുമുണ്ടാക്കാൻ കഴിവില്ലാതായി പോവുകയാണ് രാജ്യത്തെ മാധ്യമങ്ങളെന്ന് കണ്മുന്നിൽ കാണേണ്ടിവന്നു.

മുംബൈയിലെ ട്രെയിൻ സ്ഫോടനങ്ങൾ, 26/11 ഭീകരാക്രമണം, കശ്മീർ പ്രശ്നം, വടക്കുകിഴക്കൻ മേഖലയിലെ പ്രക്ഷുബ്ധത, ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനയുടെ പരാജയങ്ങൾ, ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ 'ഗുജറാത്ത് മോഡൽ' എന്നിവ ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ജോസിയുടെ ക്യാൻവാസ്. ഇതിൽ തന്നെ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച 'ഗുജറാത്ത് മോഡൽ' ഇന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളെ വിലയിരുത്തുന്നതിൽ നിർണായകമാണ്. പുസ്തകത്തിന്റെ പ്രധാനഭാഗം മുംബൈയിലെ ഒരു സ്കൂൾ അധ്യാപകനായ വാഹിദ് ശൈഖ് എന്ന മുസ്‌ലിം യുവാവിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. 9/11 ആക്രമണത്തിന് ശേഷം അമേരിക്ക ആരംഭിച്ച 'ഭീകരക്കെതിരായ പോരാട്ടത്തിൽ' (War on Terror) 140 രാഷ്ട്രങ്ങളാണ് അണിനിരക്കുന്നത്. ഇതിന്റെ ഭാഗമായി നിരപരാധികളായ മുസ്‌ലിങ്ങളെ കുടുക്കാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉപയോഗിക്കപ്പെട്ടു എന്ന് ജോസി തുറന്നുകാട്ടുന്നു.

26/11 മുംബൈ ആക്രമണം

9/11 ആക്രമണത്തിന് തൊട്ടുപിന്നാലെ 2001 സെപ്റ്റംബർ 27ന് തീവ്രവാദ നിരോധന നിയമപ്രകാരം (POTA) സ്റ്റുഡന്റസ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന സംഘടനയെ 'നിയമവിരുദ്ധ സംഘടന' ആയി പ്രഖ്യാപിച്ച് നിരോധിച്ചു. തുടർന്ന് സിമി സംഘടനയുമായി ബന്ധമുണ്ട് എന്നാരോപിച്ചാണ് വാഹിദ് ഉൾപ്പെടെയുള്ള യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് തീവ്രവാദ ആക്രമണമോ ഭീഷണിയോ ഉണ്ടാകുമ്പോഴെല്ലാം പൊലീസ് വാഹിദിനെയും മറ്റ് മുസ്‌ലിംകളെയും പിടികൂടി മർദിക്കുകയും കസ്റ്റഡിയിൽ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇന്നും നമ്മുടെ കേരളത്തിൽ ഉൾപ്പെടെ പിന്തുടരുന്ന ഒരു രീതി കൂടിയാണിത്. മുംബൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വാഹിദ് ശൈഖ് കുടുംബത്തോടൊപ്പം വളരെ സാധാരണ ജീവിതം നയിക്കേണ്ടിയിരുന്ന ഒരാളായിരുന്നു. എന്നാൽ 2006ൽ 7/11 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ മറ്റ് 13 പേർക്കൊപ്പം പ്രതിചേർക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണമായി. നീണ്ട ഒൻപത് വർഷക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ തൻ്റെ നിരപരാധിത്വം തെളിയിച്ച് വാഹിദ് ജയിൽ മോചിതനായി. കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയ ശേഷം അന്യായമായി ജയിലിലടക്കപ്പെട്ട തൻ്റെ സുഹൃത്തുക്കൾക്കായി നിയമ പോരാട്ടത്തിനിറങ്ങി. ഒടുവിൽ 2025 ജൂലൈ 21ന് പോരാട്ടം ഫലം കണ്ടു. 7/11 മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളേയും കോടതി കുറ്റമുക്തരാക്കി.

വാഹിദ് ശൈഖ്

വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും കഴിവില്ലാതായി പോകുന്നത് കൊണ്ടും അന്വേഷണ, രഹസ്യാന്വേഷണ ഏജൻസികളിൽ മുസ്‌ലിം ഉദ്യോഗസ്ഥരുടെ ആനുപാതികമായ പ്രതിനിധ്യമില്ലാത്തത് മൂലമുള്ള മുസ്‌ലിം വിരുദ്ധ മുൻവിധി കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ജോസി വിശദീകരിക്കുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് സവിശേഷമായി മുസ്‌ലിംകളോട് അന്വേഷണ ഏജൻസികൾ വ്യവസ്ഥാപിതമായി അനീതിക്കാട്ടിയതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നമ്മുക്ക് കണ്ടെടുക്കാനാകും. ഇന്റലിജൻസ് ബ്യൂറോയുടെയും (ഐബി) സ്പെഷ്യൽ സെല്ലിന്റെയും മുൻ ഇൻഫോർമാർമാരായ ഇർഷാദ് അലിയുടെയും മൗറിഫ് ഖമറിന്റെയും ജീവിതം ഇതിന് ഉദാഹരണമാണ്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിലും ഇന്റലിജൻസ് ബ്യൂറോയിലും ഇൻഫോർമർമാരായി പ്രവർത്തിച്ചിരുന്ന ഇരുവരെയും അന്വേഷണ ഏജൻസിയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഭീകരവാദികളായി മുദ്രകുത്തി 'നിയമവിരുദ്ധ കസ്റ്റഡിയിൽ' പാർപ്പിച്ചു. 11 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിചാരണ കോടതി ഇരുവരെയും ഭീകരവാദ കുറ്റങ്ങളിൽ നിന്ന് കുറ്റമുക്തരാക്കി.

2001 മുതൽ 2006 വരെയാണ് ഇർഷാദ് അലി ഐബിയിലും സ്പെഷ്യൽ സെല്ലിലും ഇൻഫോമറായി ജോലി ചെയ്തത്. ഒരു ക്യാബ് ഡ്രൈവർ എന്ന നിലയിൽ തന്റെ വരുമാനം വർധിപ്പിക്കുന്നതിനായാണ് അദ്ദേഹം ഇത് ചെയ്തത്. എന്നാൽ ഒരു ഘട്ടത്തിൽ ജമ്മു കശ്മീരിലെ ഒരു തീവ്രവാദ ക്യാമ്പിൽ ചേരാൻ ഇർഷാദ് അലിയെ നിർബന്ധിക്കുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തതിനെ തുടർന്ന് വ്യാജ തെളിവുകളുണ്ടാക്കി തീവ്രവാദ മുദ്രകുത്തി ഐബി സ്പെഷ്യൽ സെല്ലിന് കൈമാറുകയായിരുന്നു. തുടർന്ന് 2005 ഡിസംബർ 19 മുതൽ 2006 ഫെബ്രുവരി 9 വരെ ഇർഷാദ് അലിയെ നിയമവിരുദ്ധമായി തടങ്കലിൽവെച്ചു. പിന്നീട് കേസ് സിബിഐ അന്വേഷിക്കുകയും ഇർഷാദ് നിരപരാധിയാണെന്ന് കണ്ടെത്തി കുറ്റമുക്തനാക്കുകയും ചെയ്തു. ഇത്തരത്തിൽ അനേകം ഇർഷാദ് അലിമാർ ജീവിച്ചിരിക്കുന്നതും സൃഷ്ടിക്കപ്പെടുന്നതുമായി ഈ കാലഘട്ടത്തിൽ അന്വേഷണ ഏജൻസിയുടെ കഴിവിലായ്മയും മുസ്‌ലിം വിരുദ്ധ മുൻവിധിയും മാത്രമാണ് ഇതിന് കാരണമെന്ന ജോസിയുടെ വാദങ്ങൾക്ക് പരിമിതിയുണ്ട്.

അന്വേഷണ ഏജൻസികളിലെ മാത്രമല്ല ഇന്ത്യയിലെ മൊത്തം സാമൂഹിക സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യ കുറവ് ഒരു സമുദായത്തോട് അനീതി കാട്ടുന്നതിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. സിമി നിരോധിക്കുന്ന സമയത്ത് മഹാരാഷ്ട്ര പൊലീസിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം ഒരു ശതമാനം മാത്രമായിരുന്നു. അതേസമയത്ത്, ഇന്ത്യൻ പൊലീസ് സേനയിലുള്ള മുസ്‌ലിം പ്രാതിനിധ്യം വെറും നാല് ശതമാനവുമാണ്. 2014ലെ ഒരു വിവരാവകാശ രേഖാപ്രകാരം ഉത്തർപ്രദേശിൽ സബ് ഇൻസ്‌പെക്ടർ റാങ്കിൽ 2.3 ശതമാനവും ഹെഡ് കോൺസ്റ്റബിൾ റാങ്കിൽ മൂന്ന് ശതമാനവും കോൺസ്റ്റബിൾ റാങ്കിൽ നാല് ശതമാനവും മുസ്‌ലിംകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും സ്ഥിതിയിൽ വലിയ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. മുസ്‌ലിംകൾ ഇരകളാക്കപ്പെടുന്ന ഇത്തരം കേസുകളിൽ പ്രതിനിധ്യവുമായി ബന്ധപ്പെട്ട കണക്കുകൾ കൂടി പ്രധാനമാണ് എന്നാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങളിൽ ഒന്ന്.

ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളും സൈനിക അട്ടിമറികൾ അഭിമുഖീകരിക്കുമ്പോൾ ഇന്ത്യ മാത്രം എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്നതും ശ്രദ്ധേയമാണ്. പല നാടുകളിലെയും ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്താൻ ഇത്തരം അട്ടിമറിക്കാൻ കൊണ്ട് സാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും സമീപത്തുള്ള ഉദാഹരണം മാത്രമാണ് പാകിസ്താൻ. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സൈനികേതര ശക്തികളായാണ് ഭരണവർഗത്തെയും അതിന് കീഴിലുള്ള അന്വേഷണ ഏജൻസികളെയും പുസ്തകം വിലയിരുത്തുന്നത്. സംസ്ഥാനത്തെ പോലീസ് സേനകൾ, രഹസ്യാന്വേഷണ ഏജൻസികൾ, ഫെഡറൽ അന്വേഷണ ഏജൻസികൾ, നികുതി വകുപ്പുകൾ തുടങ്ങിയവ, ഭരണവർഗത്തിന്റെ ഉപകരണങ്ങളായി മാറുന്നതിന്റെ ഉദാഹരണമായാണ് 1975നും 1977നും ഇടയിലുള്ള ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടപ്പിലാക്കിയ അടിയന്തരാവസ്ഥ കാലത്തെ സംഭവങ്ങളെ ജോസി ഉദ്ധരിക്കുന്നത്.

ഇന്ദിരാ ഗാന്ധി

1980കൾ മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏജൻസികൾ എങ്ങനെ ഒരു ‘സ്റ്റേറ്റ് വിതിൻ എ സ്റ്റേറ്റ്’ ആയി മാറി എന്നതാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം. ബോഫോഴ്സ് അഴിമതി അന്വേഷണം മുതൽ രാജീവ് ഗാന്ധി വധക്കേസ്, 2G സ്പെക്ട്രം അഴിമതി, റാഫേൽ ഇടപാട്, പെഗാസസ് സ്പൈവെയർ വിവാദം വരെ ഈ സംഭവങ്ങളിലെല്ലാം ഇന്റലിജൻസ് ഏജൻസികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പുസ്തകം ശ്രമിക്കുന്നു. 2014ന് ശേഷം ഏജൻസികൾ പൂർണമായും ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് ഈ കാലത്ത് തെളിവ് ശേഖരിക്കാൻ പ്രയാസമുണ്ടാകില്ല.

ഡീപ് സ്റ്റേറ്റിന്റെ നിയന്ത്രണം മോദി-ഷാ കൂട്ടുകെട്ടിലേക്ക്

2010ന് ശേഷം രൂപപ്പെട്ടുവന്ന പ്രത്യേക രാഷ്ട്രീയ/ സാമൂഹിക/ മാധ്യമ സാഹചര്യങ്ങൾ എങ്ങനെയാണ് നരേന്ദ്ര മോദിയെ 2014ൽ അധികാരത്തിലേക്കെത്തിച്ചത് എന്ന വിഷയം പുസ്തകത്തിൽ സവിശേഷമായി ചർച്ച ചെയ്യുന്നു. 2010 ന് ശേഷമുള്ള ഒരു ചെറിയ കാലയളവ് ഇന്ത്യൻ മാധ്യമങ്ങളുടെ ഒരു 'സുവർണകാലമായി' അടയാളപ്പെടുത്താവുന്നതാണ്. ഭരണകൂടത്തെ നിരന്തരം തുറന്ന് കാട്ടാനുള്ള അഴിമതികളെ ഏത് അറ്റം വരെയും ചെന്ന് പുറത്തുകൊണ്ടുവരാനുള്ള ഒരു സവിശേഷം അധികാരം അന്നത്തെ മാധ്യമങ്ങൾക്ക് എവിടെനിന്നോ ലഭിച്ചു. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ച അഴിമതികളുടെ കുത്തൊഴുക്കായിരുന്നു പുറത്തുവന്നത്. ടെലികമ്യുണിക്കേഷൻ, സ്‌പോർട്‌സ്, പ്രതിരോധം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ എല്ലാ മേഖലകളെയും അവ ബാധിച്ചിട്ടുണ്ട്. ഇത് ഉന്നതരുടെ അറസ്റ്റിനും രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾക്കും കാരണമായി. അന്വേഷണ ഉദ്യോഗസ്ഥർ ഇതിൽ പ്രത്യേക താല്പര്യം കാണിക്കുകയും സുപ്രിം കോടതി സവിശേഷമായി അവയെ പിന്തുണക്കുകയും ചെയ്തു.

ഇതിന് സമാനമായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഏറ്റവും കൂടുതൽ കാവിവൽക്കരിക്കപ്പെട്ട കാലഘട്ടവും കൂടിയായിരുന്നു ഇത്. കേവലം ഹിന്ദുത്വ പ്രചാരകനായിരുന്ന (Hindutwa Propagandist) നരേന്ദ്ര മോദി തന്റെ സകല പ്രചാരക ആയുധങ്ങളുമെടുത്ത് ഇന്ത്യൻ സാമൂഹികതയുടെ അടിത്തറയിളക്കുന്ന പ്രചാരണങ്ങൾക്ക് കോപ്പുകൂട്ടി. മാധ്യമങ്ങളെ വിലക്കെടുത്ത് തന്റെ പക്ഷത്താക്കി. ഇതിൽ നേരത്തെ തന്നെ ഭരണകൂടങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ അന്വേഷണ ഏജൻസികൾ വളരെ എളുപ്പത്തിൽ മെരുങ്ങി. ഇതിന്റെ ചുവടുപ്പിച്ചാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ ഗുജറാത്ത് കലാപത്തിന്റെ ഗൂഢാലോചനകൾ രൂപപ്പെടുന്നത്.

നരേന്ദ്ര മോദി, അമിത് ഷാ

2002ലെ ഗുജറാത്ത് കലാപകാലത്ത് തന്നെ സംസ്ഥാനത്തെ പൊലീസും ഇന്റലിജൻസ് വിഭാഗവും മോദിയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. കലാപാനന്തരം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന 'സെക്യുലർ' പോലീസ്-ബ്യൂറോക്രസി സംവിധാനം തകർന്നടിഞ്ഞു. പകരം ആർഎസ്എസ്-ബിജെപി അനുഭാവമുള്ള ഉദ്യോഗസ്ഥർ കയറിവന്നു. 2014ൽ മോദി പ്രധാനമന്ത്രിയായതോടെ ഈ മാതൃക ദേശീയതലത്തിലേക്ക് വ്യാപിച്ചു. തുടർന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങൾ മോദി-ഷാ കൂട്ടുകെട്ടിന്റെ കൈപ്പിടിയിലായി.

2014ന് മുമ്പ് ഇന്ത്യയിൽ ഒരു 'സെക്യുലർ-കോൺഗ്രസ് അനുകൂല' ഡീപ് സ്റ്റേറ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ 2014ന് ശേഷം ആ പഴയ ഘടന പൂർണമായും തകർക്കപ്പെട്ടു. പകരം വന്നത് ആർഎസ്എസ് ആശയധാരയിലധിഷ്ഠിതമായ മോദി- ഷാ നിയന്ത്രിതമായ ഒരു പുതിയ ഡീപ് സ്റ്റേറ്റായിരുന്നു. എന്നാൽ പുതിയതായി രൂപപ്പെട്ടുവന്ന ഡീപ് സ്റ്റേറ്റിന്റെ കീഴിൽ രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസികൾ മാത്രമായിരുന്നില്ല. മാധ്യമങ്ങളും (godi media), ജുഡീഷ്യറിയുടെ ഒരു വിഭാഗവും, തെരഞ്ഞെടുപ്പ് കമ്മീഷനും കൂടിയാണ്. ഇന്ത്യയിൽ സമീപകാലത്ത് പുറത്തുവന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട അട്ടിമറിയുടെ വാർത്തകൾ ഈ വാദത്തിന് തെളിവുകളാണ്. ഇതെല്ലാം ചേർന്നാണ് ഇന്ന് കാണുന്ന മോദിയുടെ അധികാര സിംഹാസനത്തെ 'അജയ്യമാക്കി' നിലനിർത്തുന്നതെന്നും പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഗുജറാത്ത് കലാപം (2002)

സൈനികേതര അന്വേഷണ സംവിധാനങ്ങൾ, ഒരു വിഭാഗം ഉന്നത രാഷ്ട്രീയക്കാരുടെ അധികാര ചക്രവാളത്തിലെ സ്വാധീനങ്ങൾ, മാധ്യമങ്ങളെ അടക്കം ഉപയോഗപ്പെടുത്തി അഭിപ്രായ സമന്വയങ്ങളുടെ നിർമാണം(manufacturing consent) അതാത് കാലത്തെ അടിച്ചമർത്തൽ സിദ്ധാന്തങ്ങളുടെ രാഷ്ട്രീയമായ ഉപയോഗപ്പെടുത്തൽ, പ്രതിബദ്ധതയുടെ അഭാവം എന്നിവയെല്ലാം ചേർന്ന ഒരു സംവിധാനം ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ ഭാവനയ്ക്കും മുകളിൽ നിലനിൽക്കുന്നു എന്നതാണ് ജോസിയുടെ കേന്ദ്ര വിഷയം. നിർണിത ഇടവേളകളിൽ നടക്കുന്ന തെരെഞ്ഞെടുപ്പുകൾ, ജനാധിപത്യത്തിൽ ജനങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും ജനാധിപത്യത്തിനും സേച്ഛാധിപത്യത്തിനും ഇടയിലെ 'സഹവർത്തിത്വം' എന്ന നിലക്കാണ് ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥ ഇന്ന് നിലനിൽക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന ഏതൊരു പൗരനും നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ഈ പുസ്തകം നമ്മോട് ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ്, നമ്മുടെ ജനാധിപത്യം യഥാർഥത്തിൽ ആരുടെ കൈയിലാണ്?

TAGS :

Next Story