ബി.ജെ.പിയെ നേരിടാൻ എന്തുകൊണ്ട് മമതക്കൊപ്പം നിൽക്കുന്നില്ല? കാരണം വ്യക്തമാക്കി സീതാറാം യെച്ചൂരി
ഇടതുപക്ഷം തിരിച്ചുവരണമെന്നാണ് ബംഗാളിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇടതിന് വല്ലതും ബാക്കിയുണ്ടെങ്കിൽ അത് ഭാവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസന്നമായ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനൊപ്പം ചേരാത്തതിന്റെ കാരണം വ്യക്തമാക്കി സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകക്ഷിയായ മമതാ ബാനർജിയുടെ പാർട്ടിക്കൊപ്പം നിന്നാൽ ഭരണവിരുദ്ധ തരംഗത്തിൽ ഇടതുപക്ഷത്തിനു കൂടി തിരിച്ചടിയുണ്ടാകും. ഭരണവിരുദ്ധ വോട്ടുകളിൽ ഒരു വിഭാഗം പിടിച്ചെടുക്കുക വഴി ബി.ജെ.പിയുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ കഴിയും. ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്തണമെന്നാണ് ബംഗാളിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വ്യക്തമായ ഗെയിം പ്ലാനോടെയാണ് തങ്ങൾ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുള്ളതെന്നും ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റിൽ സംസാരിക്കവെ യെച്ചൂരി പറഞ്ഞു.
'തൃണമൂൽ കോൺഗ്രസ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ തരംഗമാണ് ബംഗാളിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് മുതലെടുത്ത് നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്കു കഴിഞ്ഞു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ എന്തുകൊണ്ട് തൃണമൂലിനൊപ്പം നിൽക്കുന്നില്ല എന്ന് പലരും ചോദിക്കുന്നു.'
'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയത് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം കൊണ്ടാണ്. അപ്പോൾ ഞങ്ങൾ കൂടി തൃണമൂലിനൊപ്പം നിന്നാൽ ബി.ജെ.പിയുടെ വിജയം സുഗമമാവും. ബി.ജെ.പിയെ തോൽപ്പിക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെതിരെ വിശ്വാസയോഗ്യമായ ഒരു ബദൽ വേണം. ആ ബദലാണ് ഇടതുപക്ഷവും കോൺഗ്രസും ചേർന്നുകൊണ്ടുള്ള നീക്കം.'
'പരമ്പരാഗത ഇടതു വോട്ടുകൾക്കു പുറമെ ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടുകളിൽ സിംഹഭാഗവും തൃണമൂലിനെതിരായ ഭരണവിരുദ്ധ വോട്ടുകളായിരിക്കും എന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. തൃണമൂൽ വിരുദ്ധ വോട്ടുകൾ ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ബി.ജെ.പിക്ക് പോകും. അതായത്, വേറിട്ടു മത്സരിക്കുന്നതിലൂടെ ഞങ്ങൾ ബി.ജെ.പിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.'സീതാറാം യെച്ചൂരി
ഇടതുപക്ഷം തിരിച്ചുവരണമെന്നാണ് ബംഗാളിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇടതിന് വല്ലതും ബാക്കിയുണ്ടെങ്കിൽ അത് ഭാവിയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
'സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് യുവാക്കൾ. ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടി അവർ സംസ്ഥാനത്തിനു പുറത്തേക്കാണ് പോകുന്നത്. ബംഗാളിന്റെ കാർഷിക രംഗവും സാമ്പത്തിക രംഗവും മന്ദഗതിയിലാണ്. എക്കാലത്തെയും ഏറ്റവും വലിയ കടബാധ്യതയിലാണ് സംസ്ഥാനം
If you need to defeat the BJP, you have to give a credible alternative which also means an alternative against the TMC : CPI(M) General Secretary @SitaramYechury#ConclaveEast21
— IndiaToday (@IndiaToday) February 12, 2021
Watch Live: https://t.co/vxaQ77jbhP pic.twitter.com/HdVLoVaY8e
'ഇതെല്ലാം ശരിയാക്കണമെങ്കിൽ ഉറച്ച ഒരു ഗെയിംപ്ലാൻ വേണം. ചെറുകിട സേവിംഗ്‌സിൽ ഏറ്റവുമധികമുണ്ടായിരുന്ന സംസ്ഥാനമാണ് ബംഗാൾ. ഇപ്പോൾ അത് കുത്തനെ തകർന്നു. എന്തുകൊണ്ടാണത്? ഇപ്പോൾ ജനങ്ങളുടെ കൈയിൽ കരുതിവെക്കാൻ ഒന്നുമില്ല. ഈ സ്ഥിതി മാറണമെങ്കിൽ അടിസ്ഥാന സൗകര്യരംഗത്ത് വികസനം വേണം. അതിന് വിഭവങ്ങൾ ഗ്രാമങ്ങളിലെത്തണം. വിഭവങ്ങൾ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം. അതിനാവശ്യമായ ഗെയിം പ്ലാനാണ് ഞങ്ങളുടെ കൈവശമുള്ളത്. ഞങ്ങളത് ജനങ്ങളോട് പറയുന്നുണ്ട്. വലിയൊരു വിഭാഗം ജനങ്ങൾ അത് സ്വീകരിക്കുന്നുമുണ്ട്.'
യെച്ചൂരി പറഞ്ഞു..'
തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദലാവാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഇത്തവണ കോൺഗ്രസുമായി ചേർന്നുള്ള നീക്കം ഫലം കാണുമെന്നും ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടർ രാഹുൽ കൻവലുമായി സംസാരിക്കവെ യെച്ചൂരി പറഞ്ഞു.
Adjust Story Font
16

