ഈ വർഷത്തെ ഏറ്റവും സമാധാനപരമായ 10 രാജ്യങ്ങൾ ഇവയാണ്; അറിയാം ഇന്ത്യയുടെ സ്ഥാനം
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ആണ് പട്ടിക അവതരിപ്പിച്ചിരിക്കുന്നത്

സിട്നി: യുദ്ധം, സംഘർഷങ്ങൾ ഭീകരവാദം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി പലവിധ പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നിരുന്നാലും ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിന്റെ 2025ലെ ആഗോള സമാധാന സൂചിക (ജിപിഐ).
ഈ പട്ടികയിലെ ഏറ്റവും സമാധാനപരമായ ആദ്യ 10 രാജ്യങ്ങൾ ഇവയാണ്:
1) ഐസ്‌ലാൻഡ്
18 വർഷമായി ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്‌ലാൻഡ് തുടരുകയാണ്. സുരക്ഷ, ഭദ്രത, കുറഞ്ഞ സൈനികവൽക്കരണം എന്നീ കാര്യങ്ങളിൽ ഈ രാജ്യം മികവ് പുലർത്തുന്നു. ചെറിയ ജനസംഖ്യയും അവരുടെ ദൃഢമായ സാമൂഹിക ബന്ധങ്ങളും, വളരെ കുറഞ്ഞ കുറ്റകൃത്യ നിരക്കും ചേരുമ്പോൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു.
2) അയർലൻഡ്
ഒരുകാലത്ത് ആഭ്യന്തര കലഹങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന അയർലൻഡ്, ഇപ്പോൾ 2025-ൽ ലോകത്തിലെ ഏറ്റവും സമാധാനപരമായ രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. അയർലൻഡിൽ നിലവിൽ സംഘർഷങ്ങൾ വളരെ കുറവാണ്. സൈനികവൽക്കരണവും കുറഞ്ഞിരിക്കുകയാണ്.
3) ന്യൂസിലൻഡ്
2024ലെ ജിപിഐയിൽ നിന്ന് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഈ മാറ്റത്തിന് കാരണം രാജ്യത്തെ കർശനമായ തോക്ക് നിയമങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ കുറവുമാണ്.
4) ഓസ്ട്രിയ
2024ലെ ജിപിഐയിൽ നിന്ന് ഒരു റാങ്ക് താഴ്ന്ന് പോയെങ്കിലും ശക്തമായ ഭരണനിർവ്വഹണവും കുറഞ്ഞ കുറ്റകൃത്യ നിരക്കും കാരണം ഓസ്ട്രിയ നാലാം സ്ഥാനത്ത് തുടരുകയാണ്. ശക്തമായ സാമൂഹിക നയങ്ങളും നിഷ്പക്ഷതയോടുള്ള പ്രതിബദ്ധതയും രാജ്യത്തെ ബാഹ്യ സംഘർഷങ്ങളിൽനിന്ന് അകറ്റി നിർത്തുന്നു.
5) സ്വിറ്റ്‌സർലൻഡ്
കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, സുസ്ഥിരമായ ഭരണം, നിഷ്പക്ഷതയോടുള്ള ദീർഘകാല പ്രതിബദ്ധത എന്നിവയാണ് ആദ്യ അഞ്ചിൽ ഈ രാജ്യത്തെ ഉൾപ്പെടുത്താൻ കാരണം. കാര്യക്ഷമമായ പൊലീസിങ്ങിലൂടെയും സാമൂഹിക നയങ്ങളിലൂടെയും സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സ്വിറ്റ്‌സർലൻഡ് മികച്ചുനിൽക്കുന്നു.
6) സിംഗപ്പൂർ
ആദ്യ പത്തിലുള്ള ഏക ഏഷ്യൻ രാജ്യമാണ് സിംഗപ്പൂർ. കാര്യമായ സൈനിക ചെലവുകൾക്കൊപ്പം അസാധാരണമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടാണ് സിംഗപ്പൂർ ആറാം സ്ഥാനം നേടിയത്.
7) പോർച്ചുഗൽ
കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കും ആഗോളതലത്തിലോ ആഭ്യന്തരമായോ ഉള്ള സംഘർഷങ്ങളിൽ വളരെ കുറഞ്ഞ പങ്കാളിത്തവുമാണ് പോർച്ചുഗൽ ഏഴാം സ്ഥാനത്തെത്താനുള്ള കാരണം. സാമൂഹ്യക്ഷേമത്തിലുള്ള പോർച്ചുഗലിന്റെ നിക്ഷേപത്തെയും സൈനികവൽക്കരണം ഒഴിവാക്കുന്നതിനെയും ജിപിഐ പ്രശംസിച്ചു.
8) ഡെന്മാർക്ക്
ഉയർന്ന ക്ഷേമ നിലവാരം, കുറഞ്ഞ സൈനികവൽക്കരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ എന്നിവയാൽ ലോക സമാധാനപട്ടികയിൽ ഡെന്മാർക്ക് എട്ടാം സ്ഥാനം നേടി. ഡെൻമാർക്കിലെ ശക്തമായ സാമൂഹിക സുരക്ഷാ വലയം അസമത്വം കുറയ്ക്കുകയും വിശ്വാസവും ഐക്യവും വളർത്തുകയും ചെയ്യുന്നു.
9) സ്ലൊവേനിയ
സുസ്ഥിരമായ ഭരണം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, സംഘർഷങ്ങളിലെ കുറഞ്ഞ പങ്കാളിത്തം എന്നിവ കാരണം സ്ലൊവേനിയ ഒമ്പതാം സ്ഥാനത്താണ്. ആൽപ്‌സിനും അഡ്രിയാറ്റിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ലൊവേനിയ ഒരു ചെറിയ രാജ്യമാണ്.
10) ഫിൻലൻഡ്
ഫിൻലൻഡാണ് പത്താം സ്ഥാനത്ത്. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും സംഘർഷങ്ങളിലെ കുറഞ്ഞ പങ്കാളിത്തവുമാണ് ഇതിന് കാരണം
163 രാജ്യങ്ങളുള്ള പട്ടികയിൽ 115-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആഭ്യന്തര സംഘർഷങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ രാജ്യത്തിൻ്റെ സമാധാന സ്കോറിനെ വളരെയധികം ബാധിക്കുന്നുണ്ട്.
Adjust Story Font
16

