ഇസ്രായേല്‍ 'പൊങ്ങച്ചങ്ങള്‍' നിലംപൊത്തിയ 12 നാള്‍; നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി
പഴയ ഇറാനെയല്ല ഇനി ഇസ്രായേലിനു നേരിടാനുള്ളത്. കൂടുതല്‍ കരുത്തരായ, ഒറ്റക്കെട്ടായ, എല്ലാ ഭീഷണികളും നേരിടാന്‍ ദൃഢനിശ്ചയം ചെയ്ത ഇറാനാണ് ഇനി അവരെ കാത്തിരിക്കുന്നത്. സ്വന്തം പ്രതിരോധശേഷിയും ആണവ സന്നാഹങ്ങളും കൂടുതല്‍ മൂര്ച്ച കൂട്ടാനുള്ള അവസരം കൂടിയാണ് അവര്‍ ഇറാനു തുറന്നുകൊടുത്തിരിക്കുന്നത്

സാങ്കേതികത്തികവില്‍ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്ന്. സുരക്ഷയുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെയും കവച്ചുവയ്ക്കുന്ന തരത്തിലുള്ള വന്‍ സന്നാഹങ്ങളും സംവിധാനങ്ങളും. ശത്രുവിന്റെ ഏതു നീക്കവും മണത്തറിയാന്‍ ശേഷിയുള്ള അപാരമായ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഇതിനു പുറമെയും.. ഇതെല്ലാം ഇരിക്കുമ്പോഴും ചുറ്റുമുള്ള രാഷ്ട്രങ്ങളാലും സംഘങ്ങളാലും നിലനില്‍പ്പു ഭീഷണി നേരിടുന്ന രാജ്യം. 2025 ജൂണ്‍ 13 വരെ അതായിരുന്നു ഇസ്രായേല്‍. അവര്‍ തന്നെ വിലയ്‌ക്കെടുക്കുകയോ, ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ജൂത ലോബിയിങ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് വരുതിയിലാക്കുകയോ ചെയ്ത അന്താരാഷ്ട്ര മാധ്യമങ്ങളെ ഉപയോഗിച്ചു കെട്ടിപ്പൊക്കിയുണ്ടാക്കിയ പ്രതിച്ഛായയായിരുന്നു അത്.
ജൂണ്‍ 13ന് എന്തു സംഭവിച്ചു? സാമ്പത്തികമായും സൈനികമായും തകര്‍ന്നുകിടക്കുകയാണെന്ന് പൊതുവെ എല്ലാവരും ധരിച്ചുവച്ചിരുന്ന ഇറാനില്‍, അന്നു പുലര്‍ച്ചെ മൂന്നു മണി തൊട്ട് ഇസ്രായേലിന്റെ മിസൈല്‍ വര്‍ഷമായിരുന്നു. ഇറാന്റെ വ്യോമാതിര്‍ത്തി കടന്നും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. ഇറാന്‍ കാര്യമായൊരു പ്രതികാരത്തിലേക്കു പോകില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇസ്രായേല്‍. എന്നാല്‍, കാര്യങ്ങള്‍ മാറിമറിയാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ... അവിടന്നങ്ങോട്ട് 12 നാള്‍ ഇസ്രായേലിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കഠിനകാലമായിരുന്നു. തങ്ങള്‍ തന്നെ വരുത്തിവച്ച കുഴിയില്‍നിന്നു കരകയറാന്‍ ഒടുവില്‍ പരസ്യമായി അമേരിക്കയുടെ കാലുപിടിക്കേണ്ട സ്ഥിതിയിലും അവര്‍ എത്തിപ്പെട്ടു.
ഇസ്രായേല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയുടെ അധ്യായമായി ഇക്കഴിഞ്ഞ രണ്ടാഴ്ച മാറിമറിഞ്ഞത് എങ്ങനെയാണ്? ഹ്രസ്വമെങ്കിലും ലോകരാഷ്ട്രീയത്തില്‍ തന്നെ വലിയ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള സംഭവവികാസങ്ങള്‍ക്കൊടുവില്‍ പശ്ചിമേഷ്യയില്‍ ബാക്കിയാകുന്നതെന്താണ്? വിശദമായി പരിശോധിക്കാം..
പശ്ചിമേഷ്യന്‍ വിദഗ്ധനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'ഫലസ്തീന്‍ ക്രോണിക്കിള്‍' എഡിറ്ററുമായ റംസി ബാറൂദിന്റെ പ്രസക്തമായ ചില വിശകലനങ്ങളിലൂടെ തുടങ്ങാം.. ഈ യുദ്ധത്തിലെ വിജയി ആര്, എങ്ങനെയൊക്കെ ഈ സംഘര്‍ഷം പശ്ചിമേഷ്യയുടെ രാഷ്ട്രീയ സമവാക്യങ്ങളും ബലാബലങ്ങളും മാറ്റിമറിക്കുന്നു എന്നെല്ലാമാണ് അദ്ദേഹം വിവരിക്കുന്നത്.
സംഘര്‍ഷത്തിലേക്ക് അമേരിക്കയെ നേരിട്ട് വലിച്ചിഴച്ച് രാഷ്ട്രീയമായും തന്ത്രപരമായും കൂടുതല്‍ മൈലേജ് ഉണ്ടാക്കാന്‍ ഇസ്രായേലിനായിട്ടുണ്ടെന്ന് റംസി ബാറൂദി പറയുന്നു. ഭാവിയിലും മാതൃകയാക്കാനിടയുള്ള ഒരു നിര്‍ണായകമായ ഇടപെടലാണ് ഇത്തവണ അമേരിക്ക നടത്തിയിരിക്കുന്നത്.
എന്നാല്‍, ഇസ്രായേലിനെയും അമേരിക്കയെയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളെയും നേരിട്ടു വെല്ലുവിളിക്കാനും ഒറ്റയ്ക്കു നേരിടാനും ശേഷിയുള്ള ശക്തമായ പ്രാദേശിക ശക്തിയായി ഉയര്‍ന്നിരിക്കുകയാണ് ഇറാന്‍. മേഖലയില്‍ പ്രതിരോധത്തിന്റെ പുതിയ സമവാക്യമാണ് അതിലൂടെ അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം, തങ്ങളുടെ പരമ്പരാഗത സഖ്യകക്ഷികളില്‍ ഒന്നിനെപ്പോലും ആശ്രയിക്കാതെയാണ്, ഇറാന്‍ തങ്ങളുടെ സൈനിക കരുത്ത് ലോകം കാണെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
റെജിം ചേഞ്ച്, അഥവാ ഇറാനിലെ ഭരണമാറ്റം കഴിഞ്ഞ കുറച്ചുനാളായി ഇസ്രായേല്‍ പൊക്കിക്കൊണ്ടുവന്ന പ്രൊപഗണ്ടയാണ്. യുദ്ധകാലത്തും അത് അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഈ സംഘര്‍ഷം ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഇസ്രായേലി നീക്കങ്ങളെയെല്ലാം ഫലപ്രദമായി പരാജയപ്പെടുത്തുകയാണു ചെയ്തത്. നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന്റെ നില ഒന്നുകൂടി ഭദ്രമാക്കുകയും ചെയ്തു. പുറത്തുനിന്നൊരു സമ്മര്‍ദശക്തി തങ്ങള്‍ക്കെതിരെ വന്നപ്പോള്‍, ഇറാന്‍ ജനത മുന്‍പെങ്ങുമില്ലാത്ത വിധം ഒറ്റക്കെട്ടായി നില്‍ക്കുന്ന അപൂര്‍വ കാഴ്ചയും ഇക്കാലയളവില്‍ കണ്ടു.
പശ്ചിമേഷ്യയിലെ ഇസ്രായേലി ആധിപത്യനീക്കങ്ങള്‍ക്കെതിരെ നിഷേധിക്കാനാകാത്തൊരു ശക്തിയും 'ക്ലീ പ്ലേയറും' ആണു തങ്ങളെന്ന് ഇറാന്‍ ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിച്ചു, യുദ്ധത്തിലൂടെ. ഇതോടൊപ്പം ചൈന, റഷ്യ തുടങ്ങിയ പാശ്ചാത്യേതര ആഗോള ശക്തികള്‍ക്ക് ശക്തമായ സന്ദേശം കൂടിയാണ് അവര്‍ നല്‍കിയിരിക്കുന്നത്. നിലവിലുള്ള ആഗോള രാഷ്ട്രീയ അധികാര ബലാബലങ്ങളെ വെല്ലുവിളിക്കാനും മാറ്റിപ്പണിയാനും ശേഷിയുള്ള, വിശ്വസിച്ച് ഒപ്പം കൂട്ടാവുന്ന പ്രാദേശിക ശക്തിയാണ് തങ്ങളെന്നും ഇറാന്‍ തെളിയിച്ചെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് റംസി ബാറൂദ്.
ഇനി ഇസ്രായേല്‍ ചരിത്രത്തിലാദ്യമായി അഭിമുഖീകരിച്ച തിരിച്ചടിയുടെ കണക്കുകളെടുത്തു നോക്കാം.. ഇസ്രായേല്‍ ആക്രമണം നടന്ന് അഞ്ചു മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഇറാന്‍ ആദ്യമായി പ്രത്യാക്രമണത്തിനു മുതിരുന്നത്. നൂറോളം ഡ്രോണുകള്‍ ഇസ്രായേലിലേക്ക് അയച്ചായിരുന്നു തുടക്കം. അതെല്ലാം പക്ഷേ ഇസ്രായേല്‍ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ തകര്‍ത്തിട്ടു. ഏതാനും മണിക്കൂറുകള്‍ നിശബ്ദമായി നിന്നതോടെ ഇറാന്റെ തിരിച്ചടി അതോടെ തീര്‍ന്നെന്നു കരുതിയതാണ്. എന്നാല്‍, ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അവരുടെ തനിരൂപം പുറത്തുവരുന്നത്.
തെല്‍ അവീവ്, ജറൂസലേം, ഹൈഫ ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളും പ്രദേശങ്ങളും ലക്ഷ്യമിട്ട് നൂറുകണക്കിന് മിസൈലുകള്‍ പ്രവഹിച്ചു. കരുത്തുറ്റതെന്ന് ഇസ്രായേല്‍ എന്നും അവകാശപ്പെട്ടിരുന്ന, അയേണ്‍ ഡോമും ഏരോയുമെല്ലാം ഉള്‍പ്പെടുന്ന പ്രതിരോധ സംവിധാനങ്ങളെല്ലാം ഭേദിച്ച് നിരവധി മിസൈലുകള്‍ ഇസ്രായേല്‍ മണ്ണില്‍ പതിച്ചു. തെല്‍ അവീവിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജനവാസമേഖലയിലുമെല്ലാം കനത്ത പ്രഹരമാണ് അവ ഏല്‍പ്പിച്ചത്.
ഇസ്രായേല്‍ പെന്റഗണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്‍യ കോംപൗണ്ട് ആക്രമിച്ചതാണ് കൂട്ടത്തില്‍ ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്, പ്രതിരോധ മന്ത്രാലയം, സൈനിക-ഇന്റലിജന്‍സ് യൂനിറ്റുകള്‍ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന, ഇസ്രായേലില്‍ ഏറ്റവും സുരക്ഷയുള്ള കേന്ദ്രങ്ങളിലൊന്നാണ് ആക്രമിക്കപ്പെട്ടത്. എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെല്ലാം ഭേദിച്ച് നിരവധി മിസൈലുകള്‍ ആ കെട്ടിട സമുച്ചയത്തില്‍ പതിച്ചു. വലിയ നാശനഷ്ടങ്ങളുമുണ്ടായി.
ഇതിനു പിന്നാലെയാണ് ലോകത്തെ തന്നെ ഏറ്റവും പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നായ വീറ്റ്‌സ്മാന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും മിസൈല്‍ ആക്രമണത്തില്‍ തകരുന്നത്. സൈന്യത്തിനു വേണ്ടി ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന, ഗസ്സ ആക്രമണത്തിന് ഉള്‍പ്പെടെ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-ഡ്രോണ്‍-സൈബര്‍ സെക്യൂരിറ്റി സങ്കേതങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന, ഐഡിഎഫിന്റെ ടെക് ആസ്ഥാനം കൂടിയായിരുന്നു അത്.
മറ്റൊന്ന് നെഗേവ് മരുഭൂമിയിലെ നെവാറ്റിം സൈനിക താവളമായിരുന്നു. എഫ്-35 ഉള്‍പ്പെടെയുള്ള ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങള്‍ പാര്‍ക്ക് ചെയ്ത സൈനിക താവളത്തിലും ഇറാന്‍ ആക്രമണം നാശം വിതച്ചു. ഇതിനു പുറമെ ഇസ്രായേലിന്റെ ശതകോടികള്‍ വില വരുന്ന മൂന്ന് യുദ്ധവിമാനങ്ങള്‍ ഇറാന്‍ തകര്‍ത്തിട്ടതായുള്ള വാര്‍ത്തകളും പുറത്തുവന്നു. ബാത് യാമിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ നടന്ന ആക്രമണം ഇസ്രായേലിനെ ഒന്നാകെ ഞെട്ടിച്ചു. ചില പ്രദേശങ്ങളില്‍, സുരക്ഷിതമെന്ന് അവകാശപ്പെട്ട ബോംബ് ഷെല്‍റ്ററുകളില്‍ കഴിഞ്ഞ ഇസ്രായേലികള്‍ കൊല്ലപ്പെട്ട സംഭവങ്ങളും കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. ഹൈഫയിലെ ഒായില്‍ റിഫൈനറിയിലും തുറമുഖത്തുമെല്ലാം വലിയ നാശനഷ്ടങ്ങളുണ്ടായി. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്ക്കുന്ന സ്ഥിതി വന്നു.
മറുവശത്ത് ഇസ്രായേല്‍ യുദ്ധത്തിനിറങ്ങും മുന്‍പ് വ്യക്തമാക്കിയ പ്രഖ്യാപിതലക്ഷ്യത്തിന്റെ അടുത്തുപോലും തൊടാനായില്ല. ഇറാന്‍ ലക്ഷ്യമാക്കി ദിവസവും നൂറുകണക്കിന് മിസൈലുകളും ബോംബുകളും അയച്ച് വന്‍ നാശം വിതച്ചിട്ടും അവരുടെ ആണവ കേന്ദ്രങ്ങളില്‍ പരിക്കേല്‍പ്പിക്കാന്‍ ഇസ്രായേലിനായില്ല. ഒടുവില്‍ തങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് ഇറാന്റെ ആണവ പദ്ധതികള്‍ പിടിച്ചുകെട്ടാനാകില്ലെന്ന് ഇസ്രായേലിനു പരസ്യമായി സമ്മതിക്കേണ്ടിയും വന്നു. അമേരിക്ക സഹായിക്കാന്‍ എത്തണമെന്നും ഇല്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്നും കരഞ്ഞ് കേണപേക്ഷിക്കേണ്ടിവന്നു. ഒടുവില്‍ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദോ ആണവ നിലയങ്ങള്‍ വന്‍ പ്രഹരശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അയച്ച് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആക്രമിക്കുന്ന സ്ഥിതി വന്നു.
എന്നാല്‍, ആ ആക്രമണത്തിലും ഇറാന്‍ മുട്ടുമടക്കിയില്ല. ഇസ്രായേലില്‍ ശക്തമായ തിരിച്ചടി തുടര്‍ന്നു. ഇസ്രായേല്‍ ഏറ്റവും വലിയ ഭീഷണിയായി ചൂണ്ടിക്കാട്ടിയ ഫോര്‍ദോ ആണവ നിലയത്തില്‍ യുഎസ് ആക്രമണങ്ങള്‍ക്കു കാര്യമായ പരിക്കുണ്ടാക്കാനായിട്ടില്ലെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിനു ദിവസങ്ങള്‍ക്കുമുന്‍പ് സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയ ഇറാന്‍ നീക്കവും ഇസ്രായേലിനും അമേരിക്കയ്ക്കും നാണക്കേടാകുകയും ചെയ്തു.
ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് ഖത്തറിലുള്ള യുഎസ് സൈനിക താവളവും ആക്രമിച്ചിരിക്കുകയാണ് ഇറാന്‍. തങ്ങളുടെ പരമാധികാര പ്രദേശത്തു കയറിയുള്ള ആക്രമണത്തിനു കണക്കുതീര്‍ക്കുമെന്ന വാക്ക് ഇറാന്‍ പാലിച്ചു. അവസാനം ഇസ്രായേല്‍ വെടിനിര്‍ത്തലിനു വഴങ്ങുമ്പോഴും ഇറാന്‍ അപ്പര്‍ഹാന്‍ഡ് നിലനിര്‍ത്തി. അവസാന നിമിഷം ഇസ്രായേലിലെ ബീര്‍ഷെബയില്‍ ഏഴുനില കെട്ടിടം തകര്‍ത്ത മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേലിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിക്കുകയായിരുന്നു ഇറാന്‍.
പഴയ ഇറാനെയല്ല ഇനി ഇസ്രായേലിനു നേരിടാനുള്ളത്. കൂടുതല്‍ കരുത്തരായ, ഒറ്റക്കെട്ടായ, എല്ലാ ഭീഷണികളും നേരിടാന്‍ ദൃഢനിശ്ചയം ചെയ്ത ഇറാനാണ് ഇനി അവരെ കാത്തിരിക്കുന്നത്. സ്വന്തം പ്രതിരോധശേഷിയും ആണവ സന്നാഹങ്ങളും കൂടുതല്‍ മൂര്ച്ച കൂട്ടാനുള്ള അവസരം കൂടിയാണ് അവര്‍ ഇറാനു തുറന്നുകൊടുത്തിരിക്കുന്നത്. അതെ, ഇസ്രായേലിന്‍റെ ഉറക്കംകെടുത്താന്‍ പോകുന്ന പുതിയ ഇറാനാണ് ഈ 12 നാള്‍ യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്.
Adjust Story Font
16

