ചിത്രശലഭത്തിന്റെ ജഡം ശരീരത്തിൽ കുത്തിവെച്ച് 14കാരൻ മരിച്ചു; വൈറൽ ചലഞ്ച് എന്ന് സംശയിച്ച് പൊലീസ്
മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ്

ബ്രെസിലിയ : ചിത്രശലഭത്തിന്റെ ജഡം ശരീരത്തിൽ കുത്തിവെച്ച 14കാരൻ മരിച്ചു. ഡേവി ന്യൂസ് മൊറേറ എന്ന ബ്രസീൽ പൗരനാണ് മരിച്ചത്. ഏഴ് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കുത്തിവെയ്പ്പിന് ശേഷം അസഹനീയമായ വേദനയുമായാണ് 14കാരൻ വിറ്റോറിയ ഡി കോൺക്വിസ്റ്റയിലെ ആശുപത്രിയിൽ എത്തിയത്. കാര്യമെന്തെന്ന് അറിയാതെ കുഴങ്ങിയ അധികൃതരോട് ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലക്കി കാലിൽ കുത്തിവച്ച കാര്യം കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയത്.
കുട്ടിക്ക് രക്തം കട്ട പിടിക്കുന്ന അവസ്ഥയും അലർജിയും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കുത്തിവെച്ച ശകലങ്ങളുടെ വലുപ്പത്തെക്കുറിച്ചും മിശ്രിതത്തിന്റെ അളവിനെക്കുറിച്ചും അറിയില്ലെന്നും കുത്തിവെപ്പിനിടയിൽ രക്തധമനികളിലേക്ക് വായു കയറിയതാവാം മരണകാരണമെന്നും ഡോക്ടർമാർ പറയുന്നു. രക്തധമനികളിലേക്ക് വായു പ്രവേശിച്ചാൽ രക്തം കട്ട പിടിക്കുകയും വേഗത്തിൽ മരണം സംഭവിക്കുകയും ചെയ്യും.
അതേസമയം, വിചിത്രമായ ഈ സംഭവം ഏതെങ്കിലും വൈറൽ ചലഞ്ചിന്റെ ഭാഗമാണോ എന്ന സംശയത്തിലാണ് പൊലീസ്. മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

