Quantcast

ജപ്പാനിലെ കൊച്ചിയിൽ പോയിട്ടുണ്ടോ? അമേരിക്കയിലെ ഡൽഹിയിൽ? അറിയാം ഇന്ത്യന്‍ നഗരങ്ങളുടെ വിദേശ 'അപരന്മാരെ'

ജപ്പാനിലൊരു കൊച്ചിയുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചോളൂ.. കൊച്ചിയിൽ മാത്രമല്ല ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് അടക്കം വിദേശത്ത് 'അപരന്മാരുള്ള' ഇന്ത്യന്‍ നഗരങ്ങള്‍ നിരവധിയാണ്

MediaOne Logo

Web Desk

  • Updated:

    2021-07-10 18:55:33.0

Published:

10 July 2021 11:56 PM IST

ജപ്പാനിലെ കൊച്ചിയിൽ പോയിട്ടുണ്ടോ? അമേരിക്കയിലെ ഡൽഹിയിൽ? അറിയാം ഇന്ത്യന്‍ നഗരങ്ങളുടെ വിദേശ അപരന്മാരെ
X

ഒരാൾക്ക് ഏഴ് അപരന്മാർ വരെയുണ്ടാകാമെന്നു പറയാറുണ്ട്. ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമാകാമത്. എന്നാൽ, നഗരങ്ങൾക്കുമുണ്ടാകുമോ 'അപരന്മാർ'? നമ്മുടെ സ്വന്തം കൊച്ചിക്ക് ജപ്പാനിലൊരു 'അപരനു'ണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചോളൂ, കൊച്ചിക്കുമാത്രമല്ല ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് അടക്കം വിദേശത്ത് അപരന്മാരുള്ള ഇന്ത്യന്‍ നഗരങ്ങള്‍ നിരവധിയാണ്. അവയില്‍ ചില നഗരങ്ങളെ പരിചയപ്പെടാം.


1. കൊച്ചി

കേരളത്തിന്റെ സ്വന്തം 'മെട്രോ നഗര'മാണ് കൊച്ചി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. എന്നാൽ, ജപ്പാനിലുമുണ്ടൊരു കൊച്ചി. അവിടെയും വിനോദസഞ്ചാരത്തിനു പേരുകേട്ട നഗരം.

ഷിക്കോക്കു ദ്വീപിൽ സ്ഥിതി ചെയ്യുന്ന കൊച്ചി പ്രകൃതിരമണീയക്കാഴ്ചകൾക്കും സ്‌കിപ്ജാക്ക് ട്യൂണ മത്സ്യത്തിനും പ്രശസ്തമായ നഗരമാണ്. ജാപ്പനീസ് സമുറായികളിൽ പ്രമുഖനായ റ്യോമ സകമോട്ടോയുടെ ജന്മനാട് കൂടിയാണീ കൊച്ചി.


2. ഡൽഹി

ഇന്ത്യയുടെ തലസ്ഥാനനഗരത്തിന് ലോകത്തെവിടെയും ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടാകില്ല. എന്നാൽ, അമേരിക്കയിലും ഒരു ഡൽഹിയുണ്ടെന്നു പറഞ്ഞാൽ പലർക്കും അവിശ്വസനീയമായിത്തോന്നാം...

ന്യൂയോർക്കിലെ ഡെലാവെയ്ർ കൗണ്ടിയിലാണ് രണ്ടാം ഡൽഹി സ്ഥിതി ചെയ്യുന്നത്. നമ്മുടെ ഡൽഹിയുടെ ചുവടുപിടിച്ചു തന്നെയാണ് ന്യൂയോർക്കിലെ ഡൽഹിക്കും ആ പേരു വന്നത്. ഇന്ത്യയിലേതിനു സമാനമായ ചൂടുള്ള കാലാവസ്ഥയാണ് ഇവിടെയുമെന്നതിനാലാണ് ഇങ്ങനെയൊരു പേരുവന്നതെന്നാണ് പറയുന്നത്. നഗരത്തിലൂടെ ഒഴുകുന്ന ഡെൽറ്റ ഹൈലൈൻ കനാലിന്റെ ചുരുക്കമായാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട്.


3. കൊൽക്കത്ത

ബംഗാൾ തലസ്ഥാനവും ഇന്ത്യയുടെ സന്തോഷത്തിന്റെ നഗരവുമാണ് കൊൽക്കത്ത. കൊൽക്കത്തയ്ക്കും അമേരിക്കയിൽ തന്നെയാണ് അപരനഗരമുള്ളത്. ബംഗാളിലെ പഴയ കൽക്കട്ട കൊൽക്കത്തയായി മാറിയെങ്കിലും അമേരിക്കയിലെ കൽകട്ട അങ്ങനെത്തന്നെ തുടരുന്നു.

യുഎസ് സംസ്ഥാനമായ ഒഹിയോയിലെ കൊളംബിയാനാ കൗണ്ടിയിലാണ് കൽക്കട്ട സ്ഥിതി ചെയ്യുന്നത്. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കട്ടയുടെ പേരിൽനിന്ന് പ്രചോദനമുൾക്കൊണ്ടു തന്നെയാണ് ഈ പേരും വന്നതെന്നാണ് വിവരം.


4. ലക്‌നൗ

നവാബുമാരുടെ നഗരമെന്നാണ് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിനെ വിശേഷിപ്പിക്കാറ്. സ്‌കോട്ട്‌ലൻഡിലെ ഒരു ചെറുനഗരത്തിനും സമാനമായ പേരുണ്ട്.

സ്‌കോട്ട്‌ലൻഡിലെ ചെറിയ ജനവാസമേഖലയാണ് ലക്‌നൗ. ഇന്ത്യൻ ലക്‌നൗവിൽനിന്നു തന്നെയാണ് ഈ പ്രദേശത്തിനും ഈ പേര് ലഭിക്കുന്നത്.


5. സൂറത്ത്

വജ്രനിർമാണത്തിനും വസ്ത്രവ്യാപാരത്തിനും ലോകത്തുതന്നെ പേരുകേട്ട നഗരമാണ് ഗുജറാത്തിലെ സൂറത്ത്. വജ്രമുതലാളിമാരുടെ നഗരം. ലോകത്തെ വജ്രവിപണിയിലെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്.

എന്നാൽ, ഓസ്ട്രേലിയയില്‍ ബലോൺ നദിയുടെ കരയിലുമൊരു സൂറത്തുണ്ട്. സൗത്ത് വെസ്റ്റ് ക്വീൻസ്ലാൻഡിൽ ബ്രിസ്‌ബെയിന്‍ നഗരത്തിൽനിന്ന് 450 കി.മീറ്റർ മാറി സ്ഥിതി ചെയ്യുന്നു. ന്യൂ സൗത്ത് വൈൽസ് സർവേയറായിരുന്ന തോമസ് മിച്ചൽ 1846ലാണ് സൂറത്തിന് രൂപംനൽകുന്നത്. ബലോൺ നദിക്കരയിൽ ഒരു നഗരം സ്ഥാപിക്കാൻ അദ്ദേഹം എഡ്വാഡ് ലെവിസ് എന്ന പേരുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. തൊട്ടുമുൻപ് ഇന്ത്യയിൽ കഴിയുമ്പോള്‍ താമസിച്ച സ്ഥലത്തിന്‍റെ ഓർമയിൽ പുതിയ നഗരത്തിനും അദ്ദേഹം സൂറത്ത് എന്നു പേരുനൽകുകയായിരുന്നു.


6. ബോംബെ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. മുംബൈയുടെ പഴയ പേരായിരുന്നല്ലോ ബോംബെ. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്.

എന്നാൽ, അമേരിക്കയിലെ ന്യൂയോർക്കിൽ മറ്റൊരു ബോംബെയുണ്ട്. ഫ്രാങ്ക്‌ലിൻ കൗണ്ടിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരം. ഇന്ത്യയിലെ പഴയ ബോംബെയിൽനിന്ന് വിവാഹം കഴിച്ച ഭൂവുടമയായിരുന്ന മൈക്കൽ ഹോഗൻ ആണ് അമേരിക്കൻ ബോംബെക്ക് ആ പേരുനൽകിയത്.


7. മദ്രാസ്

തമിഴ്‌നാടിന്റെ തലസ്ഥാനനഗരമായ ചെന്നൈയുടെ പഴയ പേരാണ് മദ്രാസ്. എന്നാൽ, അമേരിക്കയിലെ പഴയ ദ ബേസിൻ നഗരം മദ്രാസ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

1903ലാണ് അമേരിക്കൻ മദ്രാസിന് ആ പേര് ലഭിക്കുന്നത്. ഇന്ത്യയിലെ മദ്രാസിൽനിന്ന് എത്തിയ പരുത്തിവസ്ത്രങ്ങളുടെ പെരുമ നാട്ടിലെങ്ങും പരന്നതോടെ ദ ബേസിന്‍റെ പേരുതന്നെ അങ്ങു മാറുകയായിരുന്നു.


8. ഹൈദരാബാദ്

നൈസാമുമാരുടെ ചരിത്രമുറങ്ങുന്ന നഗരമാണ് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ്. ചാർമിനാറും ഗോൽക്കോണ്ടയുമടക്കം ചരിത്രശേഷിപ്പുകൾ സ്ഥിതി ചെയ്യുന്ന നാട്. ഇപ്പോൾ വിവരസാങ്കേതികവിദ്യയുടെ പുത്തൻമുഖച്ഛായയുള്ള ഹൈടെക്ക് നഗരവും.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ പേരും ഹൈദരാബാദാണ്. പാകിസ്താനിലെ എട്ടാമത്തെ വലിയ നഗരം. നമ്മുടെ ഹൈദരാബാദിനെപ്പോലെത്തന്നെ ചരിത്രമുറങ്ങുന്ന ശവകുടീരങ്ങളുടെയും കോട്ടകളുടെയുമെല്ലാം നഗരം. നിലവില്‍ പാകിസ്താനിലെ പ്രധാന വാണിജ്യ, സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്ന്.


9. പട്‌ന

ബിഹാർ തലസ്ഥാനമാണ് പട്‌ന. പഴയ പാടലീപുത്രം. ഗംഗയുടെ തെക്കേകരയിൽ സ്ഥിതിചെയ്യുന്ന, ബുദ്ധ, ജൈന, സിഖ് തീർത്ഥാടനകേന്ദ്രങ്ങൾക്ക് പ്രശസ്തമായ നഗരം.

എന്നാൽ, സ്‌കോട്ട്‌ലൻഡിലെ കിഴക്കൻ അയർഷയറിലുള്ള പട്‌ന ഹരിതാഭമായ പ്രദേശമാണ്. ഗംഗയ്ക്കു പകരം ഇവിടെയൊഴുകുന്നത് ഡൂൺ നദി. സ്‌കോട്ടിഷ് സൈനിക നേതാവായിരുന്ന വില്യം ഫുള്ളർട്ടൻ ആണ് കൽക്കരിപ്പാടത്തെ തൊഴിലാളികൾക്കായി നഗരം നിർമിക്കുന്നത്. ഫുള്ളർട്ടന്റെ പിതാവ് ബിഹാറിലെ പട്‌നയിൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ജീവനക്കാരനായിരുന്നു.


10. താനെ

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലൊന്നാണ് താനെ. തടാകങ്ങളുടെ നഗരം. കിഴക്ക് പശ്ചിമഘട്ടനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ജില്ലയുടെ ആസ്ഥാനം.

ഓസ്‌ട്രേലിയയിലെ താനെ പക്ഷെ ഒരു ഗ്രാമീണനഗരമാണ്. ക്വീൻസ്ലൻഡിലെ സതേൺ ഡൗൺസിൽ സ്ഥിതി ചെയ്യുന്നു ഈ താനെ.‌

TAGS :

Next Story