പ്രക്ഷോഭകര്‍ ജയിലുകളില്‍ ഇരച്ചുകയറി, ഏറ്റുമുട്ടലും തീവെപ്പും; നേപ്പാളില്‍ 1500 ലധികം തടവുകാര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്
ജലേശ്വർ ജയിലിൽ കഴിയുന്ന 577 തടവുകാരിൽ 576 പേർ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്

കാഠ്മണ്ഡു:നേപ്പാളിൽ' ജെന്‍ സി ' പ്രക്ഷോഭത്തിനിടെ 1500-ലധികം തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളില്‍ നിന്ന് നൂറുക്കണക്കിനാളുകള്‍ രക്ഷപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍മീഡിയ നിരോധനത്തിനും രാജ്യത്ത് വ്യാപകമായ അഴിമതിക്കുമെതിരായി കഴിഞ്ഞ ദിവസങ്ങളിലായി നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ബുനധാഴ്ച രാജ്യത്ത് സൈന്യം നിരോധനാജ്ഞ ഏർപ്പെടുത്തുകയും രാജ്യവ്യാപകമായി കർഫ്യൂവും പ്രഖ്യാപിച്ചതോടെയാണ് ജയിൽ ചാട്ടങ്ങളുടെ വാർത്തകൾ പുറത്തുവരുന്നത്.
ഏഴ് നേപ്പാളി ജയിലുകളിൽ നിന്നായി 1500-ലധികം തടവുകാർ രക്ഷപ്പെട്ടതായി കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നും വിവരമുണ്ട്. ഗൗർ ജയിൽ എന്ന റൗട്ടഹത്ത് ജയിൽ, ബജാങ് ജയിൽ,ജലേശ്വര് ജയിൽ , ജുംല ജയിൽ,തുളസിപൂർ ജയിൽ, കൈലാലി ജയിൽ, കാഠ്മണ്ഡു സെൻട്രൽ ജയിൽ എന്നിവിടങ്ങളില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്.
ജുംലയിലെ ചന്ദനാഥ് മുനിസിപ്പാലിറ്റി-6 ലെ ജയിലിൽ നിന്ന് 36 തടവുകാർ ചാടി രക്ഷപ്പെട്ടതായി റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച അർധരാത്രിയോടെ തടവുകാർ വാർഡനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് ജയില്‍ ചാടിയത്. ജുംല ജയിലിൽ 62 തടവുകാർ ഇപ്പോഴും കസ്റ്റഡിയിലാണ്.
ജലേശ്വർ ജയിലിൽ കഴിയുന്ന 577 തടവുകാരിൽ 576 പേർ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം, ചാടിപ്പോയ കുറ്റവാളികളെ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.റൗതഹട്ട് ജില്ലയിലെ ഗൗർ ജയിലിലെ മിക്കവാറും എല്ലാ തടവുകാരും രക്ഷപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാർ ജയിൽ വളപ്പ് ആക്രമിച്ചതിന് പിന്നാലെ പൊഖാറ ജയിലിൽ നിന്ന് 773 തടവുകാർ കൂടി രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജയിൽ വളപ്പിൽ പ്രതിഷേധക്കാർ ഇരച്ചുകയറിയുകയും 773 തടവുകാർ രക്ഷപ്പെട്ടെന്നും കാസ്കി ജില്ലാ പൊലീസ് ഓഫീസിനെ ഉദ്ധരിച്ച് ഏഷ്യ മീഡിയ സെന്റർ റിപ്പോർട്ട് ചെയ്തു. ഡാങ് പ്രവിശ്യയിൽ, സമാനമായ സംഭവത്തില്‍ തുൾസിപൂർ ജയിലിൽ നിന്ന് 127 തടവുകാർ രക്ഷപ്പെട്ടതായി പൊലീസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, കാഠ്മണ്ഡുവിലെ ബിർഗുഞ്ച് ജയിലിലും സർലാഹി ജില്ലയിലെ മലങ്‌വ ജയിലിലും ചൊവ്വാഴ്ചയും ബുധനാഴ്ച പുലർച്ചെയും അതിക്രമിച്ചു കയറാൻ ശ്രമം നടന്നു. ഇതിന് പിന്നാലെ ബിർഗുഞ്ച് ജയിൽ സൈന്യം ഏറ്റെടുത്തു. പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ പ്രതിഷേധക്കാർ മലങ്‌വ ജയിൽ കത്തിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
Adjust Story Font
16

