യുഎസിന് പുറത്താണ് നിർമാണമെങ്കിൽ 25% നികുതി: ആപ്പിളിനും പിന്നാലെ സാംസങിനും ട്രംപിന്റെ ഭീഷണി
യുഎസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സ്മാർട്ട്‌ഫോൺ കമ്പനികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂയോര്‍ക്ക്: വീണ്ടും പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തവണ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നേരെയാണ് ട്രംപിന്റെ ഭീഷണി.
യുഎസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സ്മാർട്ട്‌ഫോൺ കമ്പനികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമുഖ കമ്പനിയായ സാംസങാണ് ഇതില്‍ പ്രധാനം. അമേരിക്കയിൽ നിർമ്മിക്കുന്നില്ലെങ്കിൽ ഈ കമ്പനികൾ ഉടൻ തന്നെ 25 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അല്ലെങ്കിൽ, അത് ന്യായമായിരിക്കില്ലെന്നും ഇവിടെയാണ് നിര്‍മ്മാണമെങ്കില്‍ താരീഫ് ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. താരിഫ് ഭീഷണി ആപ്പിളിന് മാത്രമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഇറക്കുമതി തീരുവകൾ ഉചിതമായി തന്നെ നടപ്പിലാക്കുമെന്നും ജൂൺ അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മ്മിക്കണമെന്ന് ആപ്പിളിനോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല അവ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സാംസങുള്‍പ്പെടെയുള്ള മറ്റു കമ്പനികള്‍ക്കെതിരെയും ട്രംപ് തിരിഞ്ഞത്. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയെ ഒരു ഐഫോണ്‍ ഹബ്ബായി മാറ്റുകയെന്ന ആപ്പിള്‍ ലക്ഷ്യങ്ങള്‍ക്ക് ട്രംപിന്റെ നടപടികള്‍ വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16

