Quantcast

ഇസ്രായേലില്‍ മതാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 44 മരണം

വടക്കൻ ഇസ്രായേലിലെ മെറോൺ പർവതത്തിലാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    30 April 2021 4:53 AM GMT

ഇസ്രായേലില്‍ മതാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 44 മരണം
X

ഇസ്രായേലിൽ ജൂത തീർഥാടന കേന്ദ്രത്തിലെ പരമ്പരാഗത ആഘോഷ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 മരണം. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധിപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച അർധരാത്രി വടക്കൻ ഇസ്രായേലിലെ മെറോൺ പർവതത്തിലാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. മഹാദുരന്തം എന്നാണ് നെതന്യാഹു അപകടത്തെ വിശേഷിപ്പിച്ചത്.

ഒരു ലക്ഷത്തിലധികമാളുകള്‍ സ്ഥലപരിമിതിയുള്ള മെറോൺ പർവതത്തിൽ ഒത്തുകൂടി തിക്കും തിരക്കുമുണ്ടായതാണ് അപകടത്തിനു കാരണം. പർവതത്തിലേക്കുള്ള വീതി കുറഞ്ഞ വഴിയിലെ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് നിരവധിപേര്‍ മരിച്ചത്.

രണ്ടാം നൂറ്റാണ്ടിൽ മരണപ്പെട്ട ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമോൻ ബാർ യോച്ചായിക്ക് ആദരമർപ്പിക്കാനായാണ് തീവ്ര ഓർത്തഡോക്സ് വിഭാഗക്കാർ അടക്കമുള്ള പതിനായിരക്കണക്കിന് ജൂതന്മാർ മെറോൺ പർവതത്തിൽ ഒത്തുചേരുന്നത്. രാത്രി മുഴുവൻ ദീപം തെളിയിച്ച് പ്രാർഥന, ഗാനാലാപനം, നൃത്തം എന്നിവ നടത്തുന്നതാണ് ഇവിടത്തെ പ്രധാന ചടങ്ങ്. കോവിഡ് നിയന്ത്രണം നീക്കിയതിനു ശേഷം ഇസ്രായേലില്‍ നടക്കുന്ന ആഘോഷമായിരുന്നു ഇത്.

TAGS :

Next Story