'അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടു'; ഓപ്പറേഷൻ സിന്ദൂറിൽ പുതിയ അവകാശവാദവുമായി ട്രംപ്
വെള്ളിയാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നിലാണ് ട്രംപ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പറഞ്ഞത്.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ അഞ്ച് ജെറ്റുകൾ വെടിവെച്ചു വീഴ്ത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഏത് രാജ്യത്തിന്റെ ഫൈറ്റർ ജെറ്റുകളാണ് വീഴ്ത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
''വാസ്തവത്തിൽ വിമാനങ്ങൾ ആകാശത്തുനിന്ന് വെടിയേറ്റ് വീഴുകയായിരുന്നു. അഞ്ച്, അഞ്ച്, നാലോ അഞ്ചോ, പക്ഷേ യഥാർഥത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്നാണ് ഞാൻ കരുതുന്നത്''- ഇന്ത്യാ പാക് സംഘർഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.
ട്രംപ് നടത്തിയ വെളിപ്പെടുത്തലോടെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വീണ്ടും ചർച്ചയാവുകയാണ്. മൂന്ന് ഫ്രഞ്ച് നിർമിത റഫാൽ യുദ്ധ വിമാനമടക്കം ഇന്ത്യയുടെ വിമാനങ്ങൾ വീഴ്ത്തിയെന്നും ഇന്ത്യൻ പൈലറ്റുമാരെ പിടികൂടിയെന്നും പാകിസ്താൻ നേരത്തെ തന്നെ അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ ഇതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല.
എന്നാൽ തങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടായതായി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. വ്യോമസേനക്ക് വിമാനങ്ങൾ നഷ്ടപ്പെട്ടതായി വെടിനിർത്തലിന്റെ ആദ്യ നാളുകളിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ പറഞ്ഞിരുന്നു. എന്നാൽ ആറ് ഇന്ത്യൻ ജെറ്റുകൾ തകർത്തുവെന്ന പാകിസ്താൻ വാദം അദ്ദേഹം തള്ളിയിരുന്നു.
റഫാൽ വിമാനം വീഴ്ത്തിയെന്ന പാക് അവകാശവാദം ശരിയല്ലെന്ന് റഫാൽ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ ജൂൺ 15ന് പറഞ്ഞിരുന്നു. ''മൂന്ന് റഫാൽ വിമാനങ്ങൾ തകർത്തതായുള്ള പാക് അവകാശവാദം ശരിയല്ല. പൂർണമായ വിവരങ്ങൾ അറിഞ്ഞാൽ യാഥാർഥ്യം എല്ലാവരെയും അത്ഭുതപ്പെടുത്തും''- ഫ്രഞ്ച് മാഗസിനായ 'ചലഞ്ചസിന്' നൽകിയ അഭിമുഖത്തിൽ ട്രാപ്പിയർ പറഞ്ഞു.
മേയ് 10ന് പ്രഖ്യാപിച്ച വെടിനിർത്തൽ തന്റെ ഇടപെടൽ മൂലമാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു. യുഎസ് പ്രസിഡന്റ് നേരത്തെയും ഈ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല. ഇന്ത്യ-പാകിസ്താനും ചർച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യ വിശദീകരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിന് രാത്രിയാണ് ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായാണ് ആക്രമണത്തിൽ പങ്കെടുത്തത്. മൂഴുവൻ ഇന്ത്യൻ പൈലറ്റുമാരും സുരക്ഷിതരായി തിരിച്ചെത്തിയെന്ന് എയർ മാർഷൽ എ.കെ ഭാരതി മേയ് 11ന് പറഞ്ഞിരുന്നു.
Adjust Story Font
16

