Quantcast

അന്തരീക്ഷ മലിനീകരണത്തില്‍ സര്‍വം സമ്പൂര്‍ണം; ലോകത്തെ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയില്‍

അന്തരീക്ഷ മലിനീകരണത്തില്‍ ആദ്യ നൂറിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ പകുതിയിലേറെയും ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നുമുള്ളവയാണ്

MediaOne Logo

Web Desk

  • Updated:

    2022-03-22 11:31:18.0

Published:

22 March 2022 11:15 AM GMT

അന്തരീക്ഷ മലിനീകരണത്തില്‍ സര്‍വം സമ്പൂര്‍ണം; ലോകത്തെ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയില്‍
X

രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീതിതമായ സ്ഥിതി വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ വർഷം രാജ്യത്തെ അന്തരീക്ഷ മലിനീകരണം കൂടുതൽ രൂക്ഷമായതായി ലോക അന്തരീക്ഷ നിലവാര റിപ്പോർട്ട്. ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളിൽ 63ഉം ഇന്ത്യയിലുള്ളവയാണെന്നതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന സ്വിറ്റ്‌സർലൻഡ് ടെക് കമ്പനിയായ ഐ.ക്യു എയർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ അന്തരീക്ഷ നിലവാര മാനദണ്ഡങ്ങൾ ഇന്ത്യയിലെ ഒറ്റ നഗരവും പാലിച്ചിട്ടില്ല. തുടർച്ചയായ രണ്ടാം വർഷവും ഡൽഹിയാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനനഗരം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിൽ വർധനയുണ്ടായത്.

പകുതിയിലേറെയും ഹരിയാനയിലും യു.പിയിലും

ലോകത്തെ ഏറ്റവും മലിനമായ 15 നഗരങ്ങളിൽ പത്തും ഇന്ത്യയിലാണുള്ളത്. ആദ്യത്തെ 100ൽ 63ഉം ഇന്ത്യൻ നഗരങ്ങൾ തന്നെ! ഉത്തരേന്ത്യൻ നഗരങ്ങളിലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമായുള്ളത്. ആദ്യ 15ൽ എല്ലാം ഏഷ്യൻ നഗരങ്ങളാണെന്ന കൗതുകവുമുണ്ട്.

രാജസ്ഥാനിലെ ഭീവഡിയാണ് ലോകത്തെ ഏറ്റവും മലിനമായ നഗരം. ഉത്തർപ്രദേശിലെ ഗാസിയാബാദാണ് തൊട്ടുപിന്നിലുള്ളത്. ഡൽഹി നാലാം സ്ഥാനത്തുമുണ്ട്. തമിഴ്‌നാട്ടിലെ അരിയല്ലൂരാണ് രാജ്യത്തെ ഏറ്റവും അന്തരീക്ഷ മാലിന്യം കുറഞ്ഞ നഗരം. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ ഹോട്ടൻ(മൂന്ന്), യു.പിയിലെ ജോൻപൂർ(അഞ്ച്), പാകിസ്താനിലെ ഫൈസലാബാദ്(ആറ്), യു.പിയിലെ നോയ്ഡ(ഏഴ്), പാകിസ്താനിലെ ബഹാവൽപൂർ(എട്ട്), പാകിസ്താനിലെ പെഷവാർ(ഒൻപത്), യു.പിയിലെ ഭാഗ്‌പേട്ട്(പത്ത്), ഹരിയാനയിലെ ഹിസാർ(11), ഹരിയാനയിലെ തന്നെ ഫരീദാബാദ്(12), യു.പിയിലെ ഗ്രേറ്റർ നോയ്ഡ(13), ഹരിയാനയിലെ റോത്തക്(14), പാകിസ്താനിലെ ലാഹോർ(15) എന്നിവയാണ് ആദ്യ 15ലെ മറ്റ് നഗരങ്ങൾ. ആദ്യ നൂറിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ പകുതിയിലേറെയും ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നുമുള്ളവയാണ്.

ആശങ്കപ്പെടുത്തുന്ന കണക്കുകൾ

വാഹനങ്ങളിൽനിന്നുള്ള പുക, കൽക്കരി ഫാക്ടറികളിൽനിന്നും മറ്റ് വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന വിഷവാതകങ്ങളും രാസപദാർത്ഥങ്ങളും ഗാർഹിക, വ്യവസായ മാലിന്യങ്ങളുമെല്ലാമാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നത്. കഴിഞ്ഞ നവംബറിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി നിരവധി വ്യവസായശാലകളും ഊർജ പ്ലാന്റുകളുമാണ് ഡൽഹിയിൽ അടച്ചുപൂട്ടിയത്.

അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് ഓരോ മിനിറ്റിലും മൂന്നു മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ചെന്നൈ ഒഴികെയുള്ള അഞ്ച് മെട്രോ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോതിൽ വന്‍ കുതിപ്പാണുള്ളത്. ഡൽഹിക്ക് പുറമെ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം മലിനീകരണം പിടിവിട്ട് ഉയരുകയാണ്.

കഴിഞ്ഞ വർഷം ഐ.ക്യു എയർ പുറത്തുവിട്ട അന്തരീക്ഷ മലിനീകരണ പട്ടികയിലെ റാങ്കിങ് കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞിരുന്നു. ഉപഗ്രഹ, ദ്വിതീയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കെന്നും കൃത്യമായ വിവരങ്ങളല്ല റിപ്പോർട്ടിലുള്ളതുമെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

എന്നാൽ, കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലുള്ള മലിനീകരണ തോത് വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലും ഇതിന്റെ വിശദമായ കണക്കുണ്ടായിരുന്നു.

Summary: With 63, Indian cities dominate the list of 100 most polluted places in the world

TAGS :

Next Story