Quantcast

യുദ്ധത്തില്‍ വിജയിച്ചത് ഇറാനെന്ന് 92 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നു; സര്‍വേയുമായി ഇസ്രായേല്‍ യുനിവേഴ്‌സിറ്റി

ഇറാന്‍ യുദ്ധം നെതന്യാഹു മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് വിശ്വസിക്കുന്നത് കേവലം 26.5 ശതമാനം ആളുകള്‍ മാത്രമാണ്.

MediaOne Logo

Web Desk

  • Published:

    21 Jun 2026 6:28 PM IST

യുദ്ധത്തില്‍ വിജയിച്ചത് ഇറാനെന്ന് 92 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നു; സര്‍വേയുമായി ഇസ്രായേല്‍ യുനിവേഴ്‌സിറ്റി
X

തെല്‍ അവീവ്: ഇറാന്‍ യുദ്ധത്തില്‍ വിജയിച്ചത് ഇറാനാണെന്ന് 92 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഹീബ്രു യുനിവേഴ്‌സിറ്റി ഓഫ് ജറുസലേമാണ് സര്‍വേ നടത്തിയത്. ജൂണ്‍ 17നും 20നും ഇടയില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തലുള്ളത്. യുഎസ്-ഇറാന്‍ സമാധാനകരാറിന് പിന്നാലെയാണ് സര്‍വേ നടന്നത്.

ബിന്യമിന്‍ നെതന്യാഹുവിനെ പിന്തുണക്കുന്ന തീവ്രവലതുപക്ഷത്തെ 93.1 ശതമാനം പേരും ഇറാന്‍ വിജയിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും സര്‍വേ പറയുന്നു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നേരിടുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് 80 ശതമാനത്തിലേറെ ഇസ്രായേലികളും വിശ്വസിക്കുന്നുവെന്ന് സര്‍വേ പറയുന്നു. ടൈംസ് ഓഫ് ഇസ്രായേലാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇറാന്‍ യുദ്ധം നെതന്യാഹു മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് വിശ്വസിക്കുന്നത് കേവലം 26.5 ശതമാനം ആളുകള്‍ മാത്രമാണ്. മോശമില്ലാതെ യുദ്ധം നെതന്യാഹു കൈകാര്യം ചെയ്തുവെന്ന് 17.1 ശതമാനം പേരും വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം ആളുകളും യുദ്ധം ഡോണാള്‍ഡ് ട്രംപ് മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതായും സര്‍വേ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂര്‍ണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും യുഎസും തമ്മില്‍ നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കും. ഇതിനായി ഇറാന്‍ സംഘം സ്വിറ്റ്സര്‍ലന്‍ഡിലെത്തി. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരാണ് ഇറാന്‍ സംഘത്തിലുള്ളത്. യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും. മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു.

ഇറാനും യുഎസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിട്ടും ഇസ്രായേല്‍ ലെബനാനില്‍ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ചര്‍ച്ച നടക്കുന്നത്. 14 ഇന ധാരണാപത്രം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക എന്നതാകും സ്വിറ്റ്സര്‍ലന്റ് ചര്‍ച്ചയില്‍ മുഖ്യമെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ഇസ്രായേലിനും ഹിസ്ബുല്ലക്കും ഇടയിലെ അടിയന്തര വെടിനിര്‍ത്തലും ഇറാന്‍-അമേരിക്ക സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story