'അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല'; ഗസ്സയിലെ രൂക്ഷമായ പട്ടിണി വെളിപ്പെടുത്തി ഫലസ്തീൻ വനിതയുടെ വീഡിയോ
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 22 ഫലസ്തീനികളാണ് ഇന്ന് കൊല്ലപ്പെട്ടത്.

ഗസ്സ: ഇസ്രായേൽ ഉപരോധത്തെ തുടർന്ന് കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിലെ ജനങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തി ഫലസ്തീൻ വനിതയുടെ വീഡിയോ. അൽ ഷിഫ ആശുപത്രിയിൽ അഭയാർഥിയായി കഴിയുന്ന സ്ത്രീയാണ് അഞ്ച് ദിവസമായി പട്ടിണിയാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വെളിപ്പെടുത്തുന്നത്.
''എനിക്ക് ഭക്ഷണം വേണം. അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. എന്റെ മാതാപിതാക്കൾ മരിച്ചുപോയി. എന്റെ മറ്റു കുടുംബാംഗങ്ങൾ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരിപ്പോൾ എവിടെയാണ് കഴിയുന്നത് എന്നുപോലും എനിക്കറിയില്ല. ഞാൻ പൂർണമായും ഒറ്റക്കാണ്. വയറ്റിൽ ഒന്നുമില്ലാത്തതിനാൽ തലകറങ്ങുന്നുണ്ട്. കുറച്ചു നടക്കുമ്പോൾ തലകറങ്ങും. അതുകൊണ്ട് ഭക്ഷണം അന്വേഷിച്ച് പോകാൻപോലും പറ്റാത്ത അവസ്ഥയാണ്''- വീഡിയോയിൽ സ്ത്രീ പറയുന്നു.
🚨A displaced woman at Al-Shifa Hospital in Gaza pleads: “Five days without food.”
— Gaza Notifications (@gazanotice) July 16, 2025
Her words echo the agony of thousands in Gaza starving, displaced, and clinging to life as hospitals themselves run dry of even the barest essentials. pic.twitter.com/LC9qk0sa6I
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 22 ഫലസ്തീനികളാണ് ഇന്ന് കൊല്ലപ്പെട്ടത്. ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും ഇസ്രായേൽ തകർത്തു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്‌ലിംകളും ക്രൈസ്തവരും പള്ളിയിൽ അഭയം തേടിയിരുന്നു. ഭിന്നശേഷിക്കാരായ നിരവധി കുട്ടികളും ഇവിടെയുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ ഒരു കുട്ടിക്കും രണ്ട് സ്ത്രീകൾക്കും ഒരു മുതിർന്ന പൗരനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Adjust Story Font
16

