സ്റ്റീവ് വിറ്റ്കോഫുമായി ചർച്ച നടത്തി അബ്ബാസ് അരാഗ്ചി; പിന്നോട്ടില്ലെന്ന് നിലപാട്
ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനും ഒമാനുമാണെന്ന് അരാഗ്‌ചി വ്യക്തമാക്കി

- Published:
2 April 2026 12:21 PM IST

തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പങ്കുവെച്ച കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക സമാധാന ദൂതനായ സ്റ്റീവ് വിറ്റ്കോഫുമായുള്ള ചർച്ചക്ക് ശേഷം അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ ഭാവി, അമേരിക്കയുടെ കരയാക്രമണത്തെ നേരിടാനുള്ള ഇറാന്റെ തയ്യാറെടുപ്പുകൾ എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളിൽ അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കി.
അൽ ജസീറയുമായി സംസാരിച്ച അബ്ബാസ് അരാഗ്ചി സ്റ്റീവ് വിറ്റ്കോഫുമായി താൻ ആശയവിനിമയം നടത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ ഇതിനെ ഒരു ഔദ്യോഗിക 'ചർച്ച' ആയി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. വിറ്റ്കോഫിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു ഒട്ടും വിശ്വാസമില്ല. മുൻകാലങ്ങളിൽ, പ്രത്യേകിച്ചും ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ചർച്ചകൾക്കിടയിലുള്ള ആക്രമണങ്ങളും ചൂണ്ടിക്കാട്ടി, അമേരിക്കയോടുള്ള തങ്ങളുടെ വിശ്വാസ്യത തികച്ചും ശൂന്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ലോകത്തെ എണ്ണ, വാതക ഗതാഗതത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനും ഒമാനുമാണെന്ന് അരാഗ്‌ചി വ്യക്തമാക്കി. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഈ സുപ്രധാന സമുദ്രപാതയുടെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഈ രണ്ട് രാജ്യങ്ങൾ ചേർന്നായിരിക്കും. നിലവിൽ ഇറാനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് കടലിടുക്കിലൂടെയുള്ള യാത്ര വിലക്കിയിട്ടുള്ളത്. എന്നാൽ, കടലിടുക്കിന്റെ കാര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ അഭിപ്രായം കൂടി ഭാവി ചർച്ചകളിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൾഫ് മേഖലയിൽ അമേരിക്ക കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതും കരയാക്രമണത്തിന് പെന്റഗൺ പദ്ധതിയിടുന്നതുമായ വാർത്തകളോട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. അമേരിക്കൻ സൈന്യത്തെ നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്നും 'അവർക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്' എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരയാക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ ഇറാൻ സുസജ്ജമാണെന്നും, അത്തരമൊരു വലിയ അബദ്ധത്തിലേക്ക് അമേരിക്ക ചെന്നെത്തില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
