Quantcast

എഐയുടെ ‘ചൂടൻ’ വളർച്ച; ഡാറ്റാ സെന്ററുകൾ ഉയർത്തുന്നത് പരിസ്ഥിതി ആശങ്ക

എഐ ഉപയോഗം വർധിക്കുന്നതോടെ ഡാറ്റാ സെന്ററുകളുടെ എണ്ണവും വേഗത്തിൽ ഉയരുകയാണ്. എന്നാൽ ഇവ വൈദ്യുതിയും വെള്ളവും വലിയ തോതിൽ ഉപയോഗിക്കുന്നതിനൊപ്പം സമീപപ്രദേശങ്ങളിലെ താപനില ഉയർത്തുന്നതായും റിപ്പോർട്ടുകളുണ്ട്

MediaOne Logo

Web Desk

  • Published:

    11 Sept 2026 12:14 PM IST

എഐയുടെ ‘ചൂടൻ’ വളർച്ച; ഡാറ്റാ സെന്ററുകൾ ഉയർത്തുന്നത് പരിസ്ഥിതി ആശങ്ക
X

വാഷിംഗ്‌ടൺ: എഐയുടെ വരവോടെ ഏറെ സമയമെടുത്ത് ചെയ്തിരുന്ന പല ജോലികളും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം നിരവധി ആശങ്കകളും ഉയരുന്നുണ്ട്. ജോലിഭാരം കുറയ്ക്കുന്നതിന് പകരം പല മേഖലകളിലും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ, എഐയുടെ വ്യാപകമായ ഉപയോഗം പരിസ്ഥിതിയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

എഐ ഉപയോഗം വർധിക്കുന്നതോടെ ഡാറ്റാ സെന്ററുകളുടെ എണ്ണവും വേഗത്തിൽ ഉയരുകയാണ്. എന്നാൽ ഇവ വൈദ്യുതിയും വെള്ളവും വലിയ തോതിൽ ഉപയോഗിക്കുന്നതിനൊപ്പം സമീപപ്രദേശങ്ങളിലെ താപനില ഉയർത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കേംബ്രിജ് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഡാറ്റാ സെന്ററുകൾക്ക് സമീപം ഭൂതല താപനില ശരാശരി രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതായി കണ്ടെത്തിയത്. ചില പ്രദേശങ്ങളിൽ താപനില വർധന 9.1 ഡിഗ്രി സെൽഷ്യസ് വരെയെത്തിയെന്നും ഗവേഷകർ പറയുന്നു.

ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയ എഐ സേവനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ഓരോ അഭ്യർഥനയും ഡാറ്റാ സെന്ററുകളിലെ ശക്തിയേറിയ കംപ്യൂട്ടറുകളാണ് കൈകാര്യം ചെയ്യുന്നത്. വലിയ എഐ മോഡലുകൾ തുടർച്ചയായി പ്രവർത്തിക്കുന്നതിനാൽ സാധാരണ വെബ് സർവറുകളേക്കാൾ വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്.

അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, 2024ൽ ലോകത്തെ ഡാറ്റാ സെന്ററുകൾ ഏകദേശം 415 ടെറാവാട്ട് മണിക്കൂർ വൈദ്യുതി ഉപയോഗിച്ചു. ആഗോള വൈദ്യുതി ഉപഭോഗത്തിന്റെ ഏകദേശം 1.5 ശതമാനമാണിത്. 2030ഓടെ ഇത് ഏകദേശം 945 ടെറാവാട്ട് ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ.

വൈദ്യുതി ഉപയോഗം വലിയ തോതിൽ ചൂട് ഉൽപ്പാദിപ്പിക്കുന്നതിനാൽ ഡാറ്റാ സെന്ററുകളിൽ അത്യാധുനിക കൂളിങ് സംവിധാനങ്ങൾ ആവശ്യമാണ്. ഇതിനായി വൻതോതിൽ വെള്ളവും ഉപയോഗിക്കുന്നു.

2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് 11,600ലധികം ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ അമേരിക്കയിലാണ്. 4,300ലധികം ഡാറ്റാ സെന്ററുകളാണ് അമേരിക്കയിലുള്ളത്.

യൂറോപ്പിൽ യുകെയാണ് മുന്നിൽ. 540ലധികം ഡാറ്റാ സെന്ററുകളാണ് രാജ്യത്തുള്ളത്. ജർമനിയിൽ 520ലധികവും ഫ്രാൻസിൽ 390ലധികവും കേന്ദ്രങ്ങളുണ്ട്. ഏഷ്യയിൽ ചൈനയിലും ഇന്ത്യയിലുമാണ് കൂടുതൽ ഡാറ്റാ സെന്ററുകളുള്ളത്. ചൈനയിൽ 360ലധികവും ഇന്ത്യയിൽ 300ലധികവും ഡാറ്റാ സെന്ററുകളുണ്ടെന്നാണ് റിപ്പോർട്ട്.

കേംബ്രിജ് സർവകലാശാല, നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ ഉൾപ്പെട്ട സംഘം നടത്തിയ പഠനത്തിൽ, 2004 മുതൽ 2024 വരെയുള്ള നാസയുടെ ഉപഗ്രഹ വിവരങ്ങൾ പരിശോധിച്ച ഗവേഷകർ ലോകത്തെ 11,000ലധികം എഐ ഡാറ്റാ സെന്റർ ലൊക്കേഷനുകളുമായി ഈ വിവരങ്ങൾ താരതമ്യം ചെയ്തു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ ഒഴിവാക്കി 6,733 ഡാറ്റാ സെന്ററുകളെയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

ഡാറ്റാ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള മാസങ്ങളിലെ താപനില, അതേ പ്രദേശത്തെ മുൻ അഞ്ച് വർഷത്തെ ശരാശരി താപനിലയുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്.

ഡാറ്റാ സെന്ററുകൾക്ക് ചുറ്റുമുള്ള ഭൂതല താപനില ശരാശരി 2 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി പഠനത്തിൽ കണ്ടെത്തി. ചില സ്ഥലങ്ങളിൽ വർധന 9.1 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു.

നഗരപ്രദേശങ്ങൾ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെക്കാൾ ചൂടേറിയതാകുന്ന ‘അർബൻ ഹീറ്റ് ഐലൻഡ്’ പ്രതിഭാസത്തിന് സമാനമായാണ് ഗവേഷകർ ഇതിനെ ‘ഡാറ്റാ ഹീറ്റ് ഐലൻഡ്’ എന്ന് വിശേഷിപ്പിക്കുന്നത്.

ഡാറ്റാ സെന്ററുകളിൽ നിന്നുള്ള അധിക ചൂടിന്റെ സ്വാധീനം 10 കിലോമീറ്റർ വരെ കണ്ടെത്താനാകുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ. ലോകത്ത് ഡാറ്റാ സെന്ററുകളുടെ 10 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന 34 കോടിയിലധികം ആളുകളെ ഈ താപനില വർധന ബാധിച്ചേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക താപനില ഉയരുന്നത് ആരോഗ്യത്തെയും വൈദ്യുതി ആവശ്യകതയെയും പൊതുജനങ്ങളുടെ ക്ഷേമത്തെയും ബാധിച്ചേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്.

TAGS :
Next Story