Quantcast

'സുരക്ഷ അമ്മയുടെ തണലിൽ മാത്രം'; ഗസ്സയിൽ മകളെ ഒപ്പം നിർത്തി തത്സമയം റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തക- വീഡിയോ

ഗസ്സയിലെ വലിയ ആശുപത്രിയായ അൽശിഫ പ്രവർത്തനം നിർത്തിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്ധനമില്ലാത്തതിനാൽ ചികിത്സാ സംവിധാനങ്ങളൊന്നുമില്ല.

MediaOne Logo

Web Desk

  • Published:

    13 Nov 2023 2:08 PM GMT

സുരക്ഷ അമ്മയുടെ തണലിൽ മാത്രം; ഗസ്സയിൽ മകളെ ഒപ്പം നിർത്തി തത്സമയം റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തക- വീഡിയോ
X

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം കനത്തതുമുതൽ ഗസ്സയിൽ നിന്ന് കരളലിയിപ്പിക്കുന്ന വാർത്തകൾ ഒന്നിനുപിറകെ ഒന്നായി പുറംലോകത്തെത്തുകയാണ്. യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയതോടെ ഗസ്സയിലെ സ്ഥിതിഗതികൾ സങ്കീർണമാകുന്നു. ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്.

മകളെ സമീപത്ത് നിർത്തി ഗസ്സ മുനമ്പിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അൽജസീറ സ്പെഷ്യൽ കറസ്പോണ്ടന്റ് ഗാലിയ ഹമദാണ് മകളെ സമീപത്തു നിർത്തി തത്സമയം റിപ്പോർട്ട് ചെയ്യുന്നത്. "ഗസ്സയിൽ സുരക്ഷിതമായി ഒരിടവുമില്ല, അവിടെയുള്ളവരെല്ലാം കുടിയിറക്കപ്പെട്ടവരും ഭവനരഹിതരുമാണ്" എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. ഗസ്സയിലെ അമ്മമാരുടെ ദൈന്യമായ അവസ്ഥയാണ് ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നത്.

ഗസ്സയിലെ വലിയ ആശുപത്രിയായ അൽശിഫ പ്രവർത്തനം നിർത്തിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്ധനമില്ലാത്തതിനാൽ ചികിത്സാ സംവിധാനങ്ങളൊന്നുമില്ല. വളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങളുടെ ജീവൻ ഇൻകുബേറ്റർ പ്രവർത്തിക്കാത്തതിനാൽ അപകടത്തിലാണ്. രോഗികളും അഭയാർഥികളുമടക്കം 4000ത്തോളം പേരാണ് അൽശിഫയിലുള്ളത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവരെ മുഴുവൻ ഇസ്രായേൽ സൈന്യം വെടിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. മൂന്ന് നഴ്സുമാർ കൊല്ലപ്പെട്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അൽ ഖുദ്സ്, ഇന്തോനേഷ്യൻ ആശുപത്രികളും സമാന സാഹചര്യമാണുള്ളത്.

ഖാൻ യുനിസിൽ ഇസ്രായേൽ ഇന്നും വ്യോമാക്രമണം നടത്തി. ഗസ്സയിൽ യുഎന്നിന്റെ നൂറിലേറെ സ്റ്റാഫംഗങ്ങളാണ് കൊല്ലപ്പെട്ടത്. അനുശോചനം രേഖപ്പെടുത്തി ഇന്ന് എല്ലാ യു.എൻ ഓഫീസുകളും പതാക താഴ്ത്തിക്കെട്ടി. തെക്കുകിഴക്കൻ സിറിയയിലെ രണ്ട് ഇറാനിയൻ താവളങ്ങളിൽ വ്യോമാക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പരിശീലന കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

അതേസമയം, തിരിച്ചടിയായി ഇറാൻ അനുകൂല പ്രതിരോധ സംഘടനകൾ സിറിയയിലെ അമേരിക്കൻ താവളത്തിൽ ആക്രമണം നടത്തി. കിഴക്കൻ സിറിയയിലെ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കനോകോ എണ്ണപ്പാടത്തെ യു.എസ് താവളത്തിൽ 15 മിസൈലുകൾ പതിച്ചെന്നാണ് അവകാശ വാദം.

TAGS :

Next Story