'യുഎൻ മാർഗനിർദേശ തത്വങ്ങളുടെ ലംഘനം'; ഇസ്രായേലിൽ സംപ്രേഷണ നിരോധനത്തിന് യൂട്യൂബ് വഴങ്ങിയതിനെ അപലപിച്ച് അൽ ജസീറ
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഈ നിരോധനത്തെ അപലപിക്കണമെന്നും അൽ ജസീറ ആവശ്യപ്പെട്ടു.

- Published:
29 Jan 2026 11:33 PM IST

ദോഹ: ഇസ്രായേലിൽ തങ്ങളുടെ ചാനലുകളുടെ സംപ്രേഷണം നിരോധിക്കാനും വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുമുള്ള അധികാരികളുടെ തീരുമാനത്തിന് യൂട്യൂബ് വഴങ്ങിയതിനെ അപലപിച്ച് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക്. സ്വതന്ത്രമായി വിവരങ്ങൾ തേടാനും സ്വീകരിക്കാനും നൽകാനുമുള്ള അവകാശം ഉറപ്പുനൽകുന്ന അന്താരാഷ്ട്ര സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള ഉടമ്പടിയുടെ ആർട്ടിക്കിൾ 19ന്റെ നഗ്നമായ ലംഘനമാണ് ഈ നടപടിയെന്നും നെറ്റ്‌വർക്ക് പ്രസ്താവനയിൽ അറിയിച്ചു.
ഇത്തരം ഹീനമായ നിർദേശങ്ങളോടുള്ള യൂട്യൂബിന്റെ അനുകൂല പ്രതികരണത്തിൽ അൽ ജസീറ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരമൊരു തീരുമാനത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ ബിസിനസ്- മനുഷ്യാവകാശ മാർഗനിർദേശ തത്വങ്ങൾ പാലിക്കുന്നതിൽ യൂട്യൂബ് പരാജയപ്പെട്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ആഗോള ടെക് കമ്പനികൾ ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സത്യം മറച്ചുവയ്ക്കുന്നതിലേക്കും സ്വതന്ത്ര പത്രപ്രവർത്തനത്തെ നിശബ്ദമാക്കുന്നതിലേക്കും നയിക്കുന്ന സർക്കാർ സമ്മർദങ്ങളെ ചെറുക്കുകയും ചെയ്യണമെന്ന് ഈ തത്വങ്ങൾ അനുശാസിക്കുന്നു.
സുരക്ഷാ കാരണങ്ങളാൽ അൽ ജസീറയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും നിരോധിക്കുന്നത്, സ്വാതന്ത്ര്യത്തെ എതിർക്കുന്ന ഭരണകൂട ഉപകരണങ്ങളായി പ്രധാന ടെക് കമ്പനികളെ ഉപയോഗിക്കാമെന്ന അപകടകരമായ സൂചനയാണ് നൽകുന്നത്. സംഘർഷ മേഖലകളിൽ ഡിജിറ്റൽ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലെ ഇത്തരക്കാരുടെ ഇരട്ടത്താപ്പ് നയം ഇത് കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു.
സത്യത്തെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ, തങ്ങളുടെ മാധ്യമപ്രവർത്തകരെ കൊല്ലുകയും തടങ്കലിൽ വയ്ക്കുകയും അധിനിവേശ പ്രദേശങ്ങളിലെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഇസ്രായേലി നടപടികളുടെ വ്യവസ്ഥാപിത രീതിയുടെ ഭാഗമാണ് ഈ നീക്കമെന്നും അൽജസീറ ചൂണ്ടിക്കാട്ടുന്നു. യൂട്യൂബിനോടും മറ്റ് ഡിജിറ്റൽ കോണ്ടന്റ് വിതരണ കമ്പനികളോടും തങ്ങളുടെ ചാനലുകളുടെ വിലക്ക് ഉടൻ പിൻവലിക്കാനും ആഗോള പ്രേക്ഷകരോടുള്ള ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ പൂർണമായും ഉയർത്തിപ്പിടിക്കാനും അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഈ നിരോധനത്തെ അപലപിക്കണമെന്നും ഇസ്രായേൽ അധികാരികൾ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും അൽ ജസീറ അഭ്യർഥിച്ചു. സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ സെൻസർഷിപ്പിന് വിധേയമാകുന്നതിനെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും അൽ ജസീറ ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെ ഉള്ളടക്കത്തെ രാഷ്ട്രീയ സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സ്വതന്ത്ര പരാതി പരിഹാര സംവിധാനങ്ങൾ അനിവാര്യമാണെന്നും അൽ ജസീറ. സത്യം റിപ്പോർട്ട് ചെയ്യാനുള്ള പ്രതിബദ്ധത തങ്ങൾ വീണ്ടും ഉറപ്പിക്കുന്നതായും ലഭ്യമായ എല്ലാ മാർഗങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും തങ്ങളുടെ ദൗത്യം നിറവേറ്റാനുള്ള ദൃഢനിശ്ചയത്തെ ഇത്തരം ഡിജിറ്റൽ ബ്ലോക്കിങ് ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അൽ ജസീറ വ്യക്തമാക്കി. നിരോധനത്തിനെതിരെ ഉചിതമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അൽ ജസീറ കൂട്ടിച്ചേർത്തു.
Adjust Story Font
16
