Quantcast

തളരില്ല; ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ് വീണ്ടും കാമറയ്ക്ക് മുന്നിൽ

വാഇലിനും കാമറാമാൻ സാമിര്‍ അബൂദഖയ്ക്കും നേരെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ഇതിൽ​ ​ഗുരുതരമായി പരിക്കേറ്റ അബൂദഖ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-12-16 14:08:26.0

Published:

16 Dec 2023 2:05 PM GMT

Al Jazeera Journalist Wael Al Dahdouh on air again after injured in Israel attack
X

​ഗസ്സ: ഫലസ്തീനിലെ ​ഖാന്‍ യൂനിസില്‍ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽ ജസീറ മാധ്യമപ്രവർത്തകൻ വീണ്ടും തത്സയ റിപ്പോർട്ടുകളുമായി കാമറയ്ക്ക് മുന്നിൽ. അൽജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹ് ആണ് സഹപ്രവർത്തകന്റെ വേർപാടിന്റെ വേദനയിലും പിന്തിരിയാതെ തന്റെ കർത്തവ്യനിർവഹത്തിൽ വീണ്ടും സജീവമായത്. കഴിഞ്ഞദിവസം ഖാൻ യൂനിസിലെ ഫർഹാൻ സ്‌കൂളിനു സമീപം നിന്ന് ഫലസ്തീനികൾക്ക് നേരെയുള്ള ബോംബാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.

വാഇലിനും കാമറാമാൻ സാമിര്‍ അബൂദഖയ്ക്കും നേരെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ഇതിൽ​ ​ഗുരുതരമായി പരിക്കേറ്റ അബൂദഖ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സഹപ്രവർത്തകനു മുന്നിൽ നിന്നും നെഞ്ചുപൊട്ടി കരയുന്ന വാഇൽ അൽ ദഹ്ദൂഹിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അബൂദഖിന്റെ ഖബറടക്കത്തിനു ശേഷമാണ് വാഇൽ വീണ്ടും കർമനിരതനായത്. ഖാൻ യൂനിസിലെ ഫർഹാന സ്കൂളിലെ കവറേജിനിടെ എന്താണ് സംഭവിച്ചതെന്ന് വാഇൽ അൽ ദഹ്ദൂഹ് വിശദീകരിച്ചു.

മുറിവേറ്റ കൈകളുമായാണ് വാഇൽ വീണ്ടും ജോലിയിൽ സജീവമായത്. സഹപ്രവർത്തകന്റെ മരണത്തിനുൾപ്പെടെ കാരണമായ ആക്രമണത്തെ കുറിച്ച് വാഇൽ അൽ ജസീറയ്ക്കു വേണ്ടി ലോകത്തോട് പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ വിവരങ്ങൾ പുറംലോകത്തെത്തിക്കാൻ ജീവൻ പോലും പണയം വച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരിൽ മുൻപന്തിയിലുള്ള ആളാണ് വാഇൽ. നേരത്തെ വാഇലിന്റെ കുടുംബാംഗങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഗസ്സയിലെ സാധാരണക്കാരായ മനുഷ്യരുടെ ദുരിതങ്ങൾ പുറംലോകത്തെത്തിക്കുന്നതിനിടെയാണ് വാഇലിന് കനത്ത വേദന സമ്മാനിച്ച് കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രിയതമയും 15കാരനായ മകനും ഏഴ് വയസുകാരി മകളും പേരക്കുട്ടിയുമാണ് ഒക്ടോബർ 25ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അവരെ ഖബറടക്കിയ നിമിഷം മുതൽ അദ്ദേഹം വീണ്ടും കർമനിരതനായിരുന്നു. കുടുംബാം​ഗങ്ങൾ നഷ്ടമായതിന്റെ നോവ് മാറുംമുമ്പാണ് കഴിഞ്ഞദിവസം വാഇലിനും സാമിര്‍ അബൂദഖയ്ക്കും നേരെ ഇസ്രായേൽ മിസൈൽ ആക്രമണം ഉണ്ടായതും സാമിർ ജീവൻ വെടിഞ്ഞതും.





TAGS :

Next Story