ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കാൻ ഐൻസ്റ്റീൻ പതിവാക്കിയ രണ്ട് ശീലങ്ങൾ; ദിവസവും ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ, മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്‍റെ ജീവിതമെടുത്ത് നോക്കിയാലും കാണാനാകും, വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അദ്ദേഹം കൊണ്ടുനടന്ന ഏതാനും സൂത്രവിദ്യകൾ. മികച്ച ഭൗതികശാസ്ത്രജ്ഞനും ഗവേഷകനും ബുദ്ധിജീവിയുമായ ആൽബർട്ട് ഐൻസ്റ്റീൻ, തന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കപ്പുറം സവിശേഷമായ ജീവിതശൈലിയിലൂടെയും പ്രശസ്തനാണെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലൂടെ കണ്ണോടിച്ചാൽ അറിയാനാകും.

- Published:
25 Aug 2026 1:43 PM IST

വിവിധ മേഖലകളിൽ നടത്തിയ ഇടപാടുകളിലൂടെ ലോകത്തെ മാറ്റിമറിച്ച വിപ്ലവനേതാക്കൾക്കെല്ലാം പറയാനുണ്ടാകും, അസാധാരണമായ ശീലങ്ങളും പതിവുരീതികളും. അധികപേരും ചെയ്യുന്നതുപോലെ ഒഴുക്കിനൊത്ത് നീന്തുന്നതിന് പകരം മറ്റുള്ളവരാരും ചിന്തിക്കാത്ത, സൂക്ഷ്മമായ പല മേഖലകളും തൊട്ടുതലോടിക്കൊണ്ടായിരിക്കും അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ. ജീവിതത്തിൽ തങ്ങളിടപഴകുന്നതും ചെന്നുപെടുന്നതുമായ മേഖലകളിൽ ഇവർ കണ്ടുപിടിച്ചതോ രൂപകൽപ്പന ചെയ്തതോ ആയ പല കാര്യങ്ങളും ഇന്നും നമ്മുടെയെല്ലാം വിരൽത്തുമ്പിൽ തന്നെയുണ്ട്.
ഇത്തരത്തിൽ, മുൻകാലങ്ങളിലെ പ്രഗത്ഭർ പലകാലങ്ങളിലായി നിർമിച്ചെടുത്ത വിപ്ലവകാര്യങ്ങളെടുത്ത് നോക്കിയാൽ, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്‍റെ പത്ത് മിനിറ്റ് റൂളും, നിക്കോള ടെസ്‌ലെയുടെ 3-6-9 ജോലിരീതിയും പട്ടികയിൽ മുൻപന്തിയിലുണ്ടാകും. പ്രപഞ്ചത്തിലെ 3,6,9 എന്നീ സംഖ്യകളുടെ പ്രത്യേക ഊർജത്തെ അടിസ്ഥാനമാക്കി ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന രീതിയാണ് നിക്കോള ടെസ്‌ലെയുടെ നിയമം. പ്രശസ്ത ശാസ്ത്രജ്ഞനായ നിക്കോള ഈ സംഖ്യകൾക്ക് പ്രപഞ്ചത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് വിശ്വസിച്ചിരുന്നു. സമാനമായി, ജോലിയിലെ പ്രതിസന്ധികൾ പരിഹരിക്കാനും സർഗ്ഗാത്മകത വർധിപ്പിക്കാനുമുള്ള ലളിതമായൊരു സൂത്രവിദ്യയാണ് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്‍റെ പത്ത് മിനിറ്റ് റൂൾ. ഒരു പ്രശ്നത്തിന് മേൽ പത്ത് മിനിറ്റ് തുടർച്ചയായി ആലോചിച്ചിട്ടും പരിഹാരം ലഭിച്ചില്ലെങ്കിൽ, ഉടൻ തന്നെ ഡെസ്കിൽ നിന്നെഴുന്നേറ്റ് ഒരു ചെറിയ നടത്തത്തിന് പോകുകയെന്നതാണ് ഈ നിയമം.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്‍റെ ജീവിതമെടുത്ത് നോക്കിയാലും കാണാനാകും, വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അദ്ദേഹം കൊണ്ടുനടന്ന ഏതാനും സൂത്രവിദ്യകൾ. മികച്ച ഭൗതികശാസ്ത്രജ്ഞനും ഗവേഷകനും ബുദ്ധിജീവിയുമായ ആൽബർട്ട് ഐൻസ്റ്റീൻ, തന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കപ്പുറം സവിശേഷമായ ജീവിതശൈലിയിലൂടെയും പ്രശസ്തനാണെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലൂടെ കണ്ണോടിച്ചാൽ അറിയാനാകും. പ്രധാനമായും, ജീവിതത്തിന്‍റെ ആദ്യമധ്യാന്തം ഐൻസ്റ്റീൻ മുടങ്ങാതെ തുടർന്നുകൊണ്ടുപോയ രണ്ട് ശീലങ്ങളാണ് അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയിലും അസാധാരണമായ ചിന്താശേഷിയിലും സ്വാധീനം ചെലുത്തിയതെന്നും ഈ കാര്യങ്ങൾ പതിവാക്കുന്നത് ഏതൊരാൾക്കും ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്.
പത്ത് മണിക്കൂറെങ്കിലും നീണ്ട ഉറക്കം
ഐൻസ്റ്റീൻ ദിവസത്തിൽ ചുരുങ്ങിയത് പത്ത് മണിക്കൂറെങ്കിലും ഉറങ്ങാറുണ്ടെന്നാണ് അദ്ദേഹത്തെ കുറിച്ച് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം കാണാനാകുന്നത്. അഥവാ, സാധാരണഗതിയിൽ ഒരു അമേരിക്കക്കാരൻ ഉറങ്ങാറുള്ളതിലും ഒന്നര മണിക്കൂർ അധികം. ഉറക്കം നിയന്ത്രിച്ച്, പറ്റാവുന്നത്രയും സമയം ക്രിയാത്മകമായ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് ആധുനികലോകത്തെ വ്യവസായികൾ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലോകം കണ്ട ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞന്‍റെ ജീവിതശൈലി തുറന്ന പുസ്തകമായി മുന്നിൽകിടക്കുന്നത്. പഠനത്തിനും ഓർമശക്തിക്കും സഹായകമാകുന്ന 'REM' ഉറക്കവും തലച്ചോറിലെ ഊർജ്ജ പ്രവാഹത്തെയും ഫ്ലൂയിഡ് ഇന്റലിജൻസിനെയും വർധിപ്പിക്കുന്ന 'സ്പിൻഡിൽ ഇവന്റുകളും' ഇതിലൂടെ സാധ്യമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
'സാധാരണ എല്ലാവരും അനുഭവിച്ചറിയുന്ന ഒന്നാണിത്, രാത്രിയിൽ ഏറെ പ്രയാസകരമായി തോന്നുന്ന ഒരു പ്രശ്നമായിരിക്കാം. എത്ര ആലോചിച്ചിട്ടും ഒരു എത്തുംപിടിയും കിട്ടുന്നില്ലായിരിക്കും. എങ്കിലും, നന്നായി ഉറങ്ങാൻ കഴിഞ്ഞാൽ രാവിലെ പുഷ്പം പോലെ പരിഹാരം കാണാൻ സാധിക്കും, എത്രതന്നെ സങ്കീർണമാണെങ്കിലും ശരി.' 1962ൽ സാഹിത്യത്തിന് നൊബേൽ സമ്മാനം കരസ്ഥമാക്കിയ ജോൺ സ്റ്റെയ്ൻബെക്ക് നല്ല ഉറക്കത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.
തലച്ചോറിന്റെ ആഴത്തിലുള്ള ഘടനകളിൽ നിന്നുള്ള വൈദ്യുത ഊർജ്ജത്തിന്റെ പെട്ടെന്നുള്ള വർധനവും വേഗത്തിലുള്ള പ്രവർത്തനങ്ങളുമാണ് സുഖനിദ്രയിലൂടെ ലഭിക്കുന്നത്. പഠനങ്ങൾ അനുസരിച്ച്, ഇത്തരം സ്പിൻഡിൽ ഇവന്റുകൾ കൂടുതലുള്ളവരിൽ ഉയർന്ന തോതിലുള്ള 'ഫ്ലൂയിഡ് ഇന്റലിജൻസ്'കാണപ്പെടാറുണ്ട്. അഥവാ, നിങ്ങൾ എത്രയധികം ഉറങ്ങുന്നുവോ, അത്രയധികം സ്പിൻഡിൽ ഇവന്റുകൾ നിങ്ങൾക്ക് ലഭിക്കും. പുരുഷന്മാരിൽ ചെറിയ മയക്കം കൂടിയാകുന്നതോടെ അവരുടെ ചിന്താശേഷിയും പ്രശ്നപരിഹാര മികവും മെച്ചപ്പെടുത്തുമെന്ന് ഉറക്കത്തെക്കുറിച്ചുള്ള മറ്റൊരു സിദ്ധാന്തവും പ്രചാരത്തിലുണ്ട്. ബുദ്ധിശക്തി വർധിപ്പിക്കുന്നതിലൂടെ, ഐൻസ്റ്റീന്റെ പ്രതിഭയ്ക്ക് പിന്നിലെ കാരണം ഈ ഉറക്കം തന്നെയായിരിക്കാം.
ദിനേനെയുള്ള നടത്തം
ദിവസവും രാവിലെയോ വൈകിട്ടോയുള്ള നടത്തം ശാരീരികാരോഗ്യത്തിന് മാത്രമല്ല ഗുണം ചെയ്യുക, മറിച്ച് ശരീരത്തിനും മനസ്സിനും വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്നതിൽ വെച്ചേറ്റം മികച്ച വ്യായാമം കൂടിയാണിത്. ഐൻസ്റ്റീൻ ഏകദേശം എല്ലാ ദിവസങ്ങളിലും നടക്കാനിറങ്ങുമായിരുന്നെന്ന് പല രേഖകളിലും കാണാനാകും. വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ വേണ്ടി മാത്രമായി മൈലുകളോളം നടന്നതായും വായിക്കാനാകും. ദിവസവും 45 മിനിറ്റുകളോളം നടക്കാറുണ്ടെന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ചരിത്രരേഖകളിലുണ്ട്.
ശരീരത്തിൽ ഊർജം ഉത്പാദിപ്പിക്കപ്പെടുക മാത്രമല്ല നടത്തത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണം,മറിച്ച്, ഓർമശക്തി വർധിപ്പിക്കാൻ, ക്രിയേറ്റിവിറ്റി, പ്രശ്നപരിഹാരശേഷി തുടങ്ങിയവ ശക്തിപ്പെടുത്താനും ദിവസവുമുള്ള നടത്തത്തിലൂടെ സാധിക്കും. നടത്തം തലച്ചോറിനെ മാനസിക ജോലികളിൽ നിന്ന് വ്യതിചലിപ്പിക്കുക മാത്രമല്ല, ചലനശേഷിയിലുള്ള ശ്രദ്ധ വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് തലച്ചോറിനെ സ്വാഭാവിക പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരികയും മാനസിക ജോലികളിൽ നിന്ന് ഇടവേള നൽകുകയും ചെയ്യും.
ഈ ജീവിതശൈലി കാര്യങ്ങൾക്ക് പുറമേ, ഐൻസ്റ്റീൻ പലപ്പോഴും കാർബോഹൈഡ്രേറ്റ് അടങ്ങിയ സ്പാഗെട്ടി കഴിക്കുന്നതും പതിവായിരുന്നു. ഇത് ശരീരത്തിലെ ന്യൂറോണുകൾക്ക് തടസ്സമില്ലാതെ ഊർജ്ജം നൽകാൻ സഹായിക്കുമെന്ന് ശാസ്ത്രലോകം നേരത്തേ അംഗീകരിച്ചിട്ടുള്ള കാര്യമാണ്.
നടക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ദിവസവും നടക്കുമ്പോൾ കൃത്യമായ രീതികൾ പാലിക്കുന്നത് പരിക്കുകൾ ഒഴിവാക്കാനും പരമാവധി ആരോഗ്യഗുണങ്ങൾ ലഭിക്കാനും സഹായിക്കും. നടക്കുന്ന സമയത്ത് തലയുയർത്തി, പുറംഭാഗം നിവർത്തി, മുന്നോട്ട് നോക്കി നടക്കാൻ ശ്രദ്ധിക്കണം. ആദ്യം ഉപ്പൂറ്റിയും തുടർന്ന് വിരലുകളും നിലത്തുവെക്കുന്ന രീതിയിൽ കാൽവെപ്പുകൾ ക്രമീകരിക്കുകയും കൈകൾ മടക്കി സ്വാഭാവികമായി ചലിപ്പിക്കുകയും ചെയ്യുന്നത് നടത്തത്തിന്റെ വേഗത കൂട്ടും. കുഷ്യൻ ഉള്ള അനുയോജ്യമായ സ്പോർട്സ് ഷൂസുകൾ ഉപയോഗിക്കുന്നത് പാദങ്ങൾക്കും മുട്ടുകൾക്കും എൽക്കുന്ന ആഘാതം കുറയ്ക്കും. തുടക്കത്തിൽ സാധാരണ വേഗതയിൽ വാം-അപ്പ് ചെയ്ത ശേഷം മിതമായ വേഗതയിലേക്ക് മാറുക.
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുകയും നടക്കുന്നതിന് മുൻപും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. കനത്ത ഭക്ഷണത്തിന് തൊട്ടുപിന്നാലെ വേഗത്തിൽ നടക്കരുത്. നടക്കുമ്പോൾ അമിതമായ ക്ഷീണമോ അസ്വസ്ഥതയോ തോന്നിയാൽ ഉടൻ വിശ്രമിക്കേണ്ടതാണ്.
Adjust Story Font
16
