Quantcast

ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്ക

അമേരിക്കൻ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ഇറാൻ

MediaOne Logo

Web Desk

  • Published:

    19 April 2024 6:35 AM GMT

israel attack on iran
X

വാഷിങ്ടൺ: ഇറാനിൽ ആക്രമണം നടത്തിയത് ഇസ്രായേൽ തന്നെയാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞയാഴ്ച ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായി അജ്ഞാത യു.എസ് ഉദ്യോഗസ്ഥർ സി.ബി.എസ് ന്യൂസിനോടും എ.ബി.സി ന്യൂസിനോടും പറഞ്ഞു.

മധ്യ ഇസ്‌ഫഹാൻ പ്രവിശ്യയിൽ സ്‌ഫോടനങ്ങൾ നടന്നതായി ഇറാൻ്റെ ഔദ്യോഗിക സ്റ്റേറ്റ് ടി.വി സ്ഥിരീകരിച്ചു. അതേസമയം, ഇവിടത്തെ ആണവ കേന്ദ്രങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും വിവരമുണ്ട്. ഇസ്ഫഹാൻ പ്രവിശ്യയ്ക്ക് മുകളിലുള്ള ആകാശത്ത് മൂന്ന് ഡ്രോണുകൾ നശിപ്പിക്കപ്പെട്ടതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തെൽ അവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൽ അടിയന്ത സുരക്ഷാ യോഗം ചേർന്നു.

ഇസ്രയേലിൻ്റെ ആക്രമണത്തിന് അമേരിക്ക പച്ചക്കൊടി കാണിച്ചിട്ടില്ലെന്ന് സി.എൻ.എന്നിനോട് സംസാരിച്ച യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ വ്യാഴാഴ്ച അമേരിക്കയെ അറിയിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം, വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം ഇറാനിൽ പുറത്തുനിന്നുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിനകത്തുനിന്ന് ചെറിയ രീതിയിലെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. ഇറാനിയൻ വ്യോമ പ്രതിരോധം തബ്രിസിലും ഇസ്ഫഹാനിലുമുണ്ടായ ആക്രമണത്തെ തടഞ്ഞുവെന്നും അധികൃതർ അറിയിച്ചു.

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ്. ഇസ്രയേലിനുവേണ്ടി അമേരിക്കൻ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നും ഇറാനിയൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

വ്യക്തതയില്ലാത്ത നിരവധി ഡ്രോണുകൾ ഇറാൻ്റെ വ്യോമാതിർത്തിയിൽ തകർന്നതായി ഇറാൻ്റെ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇറാനുനേരെ മിസൈൽ ആക്രമണം നടന്നിട്ടില്ലെന്നും ഏജൻസി അറിയിച്ചു.

ആക്രമണം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇസ്ഫഹാൻ, ഷിറാസ്, തെഹ്‌റാൻ എന്നിവിടങ്ങളിലെ എല്ലാ വിമാന ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം അവ പുനഃസ്ഥാപിച്ചതായാണ് വിവരം.

TAGS :

Next Story