സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറാകുന്നത് തടയാൻ കോടികൾ ചെലവഴിച്ച് അമേരിക്കൻ കോടീശ്വരന്മാർ; റിപ്പോർട്ട്
ഫോർബ്സ് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ 26 ശതകോടീശ്വരന്മാർ ചേർന്ന് ഏകദേശം ₹182 കോടി ചെലവഴിച്ചു

സൊഹ്‌റാൻ മംദാനി | Photo: BBC
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വിജയിക്കുന്നത് തടയാൻ 26 ശതകോടീശ്വരന്മാർ ചേർന്ന് 22 മില്യൺ ഡോളർ (₹182 കോടി) ചെലവഴിച്ചതായി ഫോർബ്സ് റിപ്പോർട്ട്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം, ഈ പണം പ്രധാനമായും മുൻ ഗവർണറും സ്വതന്ത്ര സ്ഥാനാർഥിയുമായ ആൻഡ്രൂ ക്യൂമോയുടെയും മറ്റ് എതിർ പാർട്ടികളുടെയും ക്യാമ്പയിനുകൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ സൊഹ്‌റാൻ മംദാനി കഴിഞ്ഞ ജൂണിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറി വിജയിച്ചാണ് മേയർ റേസിൽ മുൻനിരയിലെത്തിയത്. മംദാനി മുന്നോട്ടുവെച്ച സിറ്റി ബസുകൾ സൗജന്യമാക്കൽ, യൂണിവേഴ്സൽ ചൈൽഡ് കെയർ, ടോപ്പ് ഇൻകം ടാക്സ് വർധിപ്പിക്കൽ, കോർപ്പറേറ്റ് ടാക്സ് 7.25% മുതൽ 11.5% വരെ ഉയർത്തൽ തുടങ്ങിയ പദ്ധതികളാണ് ബില്യണേഴ്സിനെ ആശങ്കയിലാക്കിയത്.
'ബിൽ ആക്മാൻ, റൊണാൾഡ് ലോഡർ തുടങ്ങിയ ശതകോടീശ്വരന്മാർ ഈ മത്സരത്തിൽ ദശലക്ഷക്കണക്കിന് ഡോളർ ഒഴുക്കി. കാരണം അവർ പറയുന്നത് നമ്മൾ അവരുടെ നിലനിൽപ്പിന് ഭീഷണിയാണ് എന്നാണ്.' മംദാനി പറഞ്ഞു. പണം ചെലവഴിച്ചവരിൽ മുൻനിരയിൽ മുൻ ന്യൂയോർക്ക് മേയർ മൈക്കൽ ബ്ലൂംബെർഗ് (8.3 മില്യൺ ഡോളർ), എയർബിഎൻബി സഹസ്ഥാപകൻ ജോ ഗെബിയ (3 മില്യൺ), ലോഡർ കുടുംബം (2.6 മില്യൺ, റൊണാൾഡ് ലോഡർ 7.5 ലക്ഷം), ഹെഡ്ജ് ഫണ്ട് മാനേജർ ബിൽ ആക്ക്‌മാൻ (1.75 മില്യൺ) എന്നിവരാണ്.
അതേസമയം, സൊഹ്‌റാൻ മംദാനിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപിന്റെ മുൻ സഖ്യകക്ഷിയും അമേരിക്കൻ ശതകോടീശ്വരനുമായ ഇലോൺ മസ്ക് രംഗത്ത് വന്നു. ഡെമോക്രറ്റിക്ക് പാർട്ടിയുടെ ഭാവി എന്നാണ് മസ്ക് മംദാനിയെ വിശേഷിപ്പിച്ചത്. ന്യൂയോർക്ക് ഗവർണർ ഹോചുളിന്റെ എക്സ് പോസ്റ്റിന് മറുപടിയായാണ് മസ്‌കിന്റെ പ്രതികരണം.
Adjust Story Font
16

