Quantcast

എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തിനിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-19 11:05:01.0

Published:

19 Feb 2026 4:29 PM IST

Andrew Mountbatten-Windsor arrested
X

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിനു പിന്നിലെ യഥാര്‍ഥ കാരണമെന്തെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, വിവാദമായ എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ടാണോ അറസ്റ്റ് എന്ന അഭ്യൂഹം ഉയരുന്നുണ്ട്.

66കാരനായ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്റെ ജന്മദിനമാണ് ഇന്ന്. തെംസ് വാലി പൊലീസാണ് ഇന്ന് പ്രാദേശിക സമയം രാവിലെ ആന്‍ഡ്രൂവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെര്‍ക്ഷെയറിലെയും നോര്‍ഫോക്കിലെയും ആന്‍ഡ്രൂ മൗണ്ട്ബാറ്റണുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുകയാണ്.

ലൈംഗികക്കുറ്റവാളിയും അമേരിക്കന്‍ വ്യവസായിയുമായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ളയാളാണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ എന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈയിടെ പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ ആന്‍ഡ്രൂവിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ആന്‍ഡ്രൂവിനെതിരെ എപ്സ്റ്റീന്‍ കേസിലെ ഇരകളിലൊരാളായ സ്ത്രീ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു.

ആന്‍ഡ്രൂ മൗണ്ട്ബാറ്റണൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ അയച്ചെന്നും ഒരു രാത്രി അദ്ദേഹത്തോടൊപ്പം ചെലവഴിച്ചുവെന്നുമാണ് അഭിഭാഷകന്‍ വഴി സ്ത്രീ വെളിപ്പെടുത്തിയത്. തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് സന്ദര്‍ശനത്തിനായി കൊണ്ടുപോയതായും ഇവര്‍ പറയുന്നു. 2010ലാണ് സംഭവമെന്നാണ് ഇവര്‍ പറയുന്നത്. അന്ന് 20 വയസ്സായിരുന്നു. ആന്‍ഡ്രൂ മൗണ്ട്ബാറ്റന്റെ റോയല്‍ ലോഡ്ജ് വസതിയിലാണ് പോയത്. ഒരു രാത്രി ഇവിടെ ചെലവഴിച്ച ശേഷമാണ് ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു. രാജകൊട്ടാരത്തിലേക്ക് വരെ സ്ത്രീകളെ ലൈംഗികവൃത്തിക്കായി കൊണ്ടുപോയെന്ന വെളിപ്പെടുത്തല്‍ രാജകുടുംബത്തിന് കനത്ത നാണക്കേടായിരുന്നു. ഈ സംഭവമാണോ അറസ്റ്റിലേക്ക് നയിച്ചത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

എപ്സ്റ്റീനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന അതിജീവിതകളിലൊരാളായ വിര്‍ജീനിയ ജുഫ്രി എന്ന സ്ത്രീയും നേരത്തെ ആന്‍ഡ്രൂ മൗണ്ട്ബാറ്റണെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2001ല്‍ തനിക്ക് 17 വയസ്സുണ്ടായിരുന്നപ്പോള്‍ ലണ്ടനിലേക്ക് എത്തിച്ചെന്നും ആന്‍ഡ്രൂ മൗണ്ട്ബാറ്റനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതയായെന്നുമാണ് ഇവരുടെ വെളിപ്പെടുത്തല്‍. എപ്സ്റ്റീനുമായുള്ള ബന്ധത്തിനും, എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലിനും പിന്നാലെ ആന്‍ഡ്രൂവിന് കഴിഞ്ഞ ഒക്ടോബറില്‍ രാജപദവികള്‍ നഷ്ടമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആന്‍ഡ്രൂവിനെ വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്കിലെ കൊട്ടാരമായ റോയല്‍ ലോഡ്ജില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

TAGS :

Next Story