ഇസ്രായേലിന് അർജന്‍റീനയുടെ ഉറച്ച പിന്തുണ; ലോകത്തിലെ ഏറ്റവും വലിയ സയണിസ്റ്റ് പ്രസിഡന്‍റാകുന്നതിൽ അഭിമാനമെന്ന് അർജന്‍റീനൻ പ്രസിഡന്‍റ്
അർജന്‍റീനയുടെ പ്രസിഡന്‍റ് ഒരു സൂപ്പർ സ്റ്റാറാണെന്നും അദ്ദേഹം കാരണം ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്‍റീന നേടണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞ ദിവസമാണ് നെതന്യാഹു വെളിപ്പെടുത്തിയത്

- Updated:
2026-07-10 13:42:36

ബ്യൂണസ് ഐറിസ്: ഇസ്രായേലിനും ജൂതജനതയ്ക്കുമുള്ള തന്റെ പിന്തുണ ആവർത്തിച്ചുറപ്പിച്ച് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ. ന്യൂയോർക്കിലെ യെഷിവ സർവകലാശാലയിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ 'സയണിസ്റ്റ് പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മിലെ, തന്റെ ഇസ്രായേൽ അനുകൂല നിലപാടുകളെയും വിദേശനയങ്ങളെയും വിമർശിക്കുന്നവർക്ക് മറുപടി നൽകിക്കൊണ്ടുമാണ് പ്രഭാഷണം നടത്തിയത്. ഈ വർഷം മാർച്ചിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് കൂടുതൽ വിശദമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ഇസ്രായേൽ അനുകൂലിയായ പ്രസിഡന്‍റായതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ലിബർട്ടേറിയൻ സൈദ്ധാന്തികനായ ഹെർമൻ ഹോപ്പി തന്‍റെ ഇസ്രായേൽ അനുകൂല നിലപാടിൽ അതൃപ്തനാണെന്ന് പറഞ്ഞ മിലെ, ഇസ്രായേലിനോടുള്ള തന്‍റെ അചഞ്ചലമായ പിന്തുണയും സഹകരണവും എക്കാലവും തുടരുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. അർജന്‍റീനയുടെ പ്രസിഡന്‍റായി ഹാവിയർ മിലെയ് അധികാരത്തിൽ വന്നതുമുതൽ ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ വലിയ പിന്തുണയാണ് നൽകിവരുന്നത്. തീവ്ര വലതുപക്ഷ നിലപാടുള്ള നേതാവാണ് മിലെ.
മിലെയുടെ ഇസ്രായേൽ അനുകൂല നിലപാടുകളെയും പിന്തുണാ പ്രഖ്യാപനങ്ങളെയുമെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റുപിടിച്ചത്. ജൂതരാഷ്ട്രമായ ഇസ്രായേലുമായി ആദർശപരമായും ആത്മീയപരമായും തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും മിലെ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇസ്രായേലിനുള്ള പിന്തുണക്ക് പുറമെ, ലോകക്രമത്തെ കുറിച്ചുള്ള താത്വികമായ ചില വിശകലനം നടത്താനും മിലെ ശ്രമം നടത്തുകയുണ്ടായി.
'പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാന മൂല്യങ്ങളായ ജീവൻ, സ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവ ബൈബിളിലെ പത്ത് കൽപ്പനകളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മോഷണം, കൊലപാതകം തുടങ്ങിയ പ്രവൃത്തികൾ തെറ്റാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ തന്നെയും വ്യക്തമാക്കിയ കാര്യമാണ്'. അദ്ദേഹം ചൂണ്ടിക്കാട്ടി. അർജന്‍റീനയുടെ വിദേശനയത്തെ അമേരിക്കയുമായും ഇസ്രായേലുമായും കൂടുതൽ അടുപ്പിച്ച മിലെ, നേരത്തെ ഇസ്രായേൽ സന്ദർശിക്കുകയും വെസ്റ്റേൺ വോളിൽ പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. അർജന്‍റീനയുടെ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന വാഗ്ദാനവും ഇയാൾ നൽകിയിട്ടുണ്ട്.
അർജന്‍റീനയുടെ പ്രസിഡന്‍റിനെ പുകഴ്ത്തിക്കൊണ്ട് നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. അർജന്‍റീനയുടെ പ്രസിഡന്‍റ് ഒരു സൂപ്പർ സ്റ്റാറാണെന്നും അദ്ദേഹം കാരണം ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്‍റീന നേടണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞ ദിവസമാണ് നെതന്യാഹു വെളിപ്പെടുത്തിയത്. കേവലമൊരു കായികപരമായ താൽപര്യത്തിനപ്പുറം ഇസ്രായേലും അർജന്‍റീനയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയബന്ധമാണ് നെതന്യാഹുവിന്‍റെയും മിലെയുടെയും വാക്കുകളിലൂടെ വ്യക്തമാകുന്നത്.
Adjust Story Font
16
