Quantcast

വെനസ്വേല ഭൂകമ്പത്തിൽ അർജന്റീന ഫുട്‌ബോൾ താരത്തിന്റെ ഭാര്യക്കും മക്കൾക്കും ദാരുണാന്ത്യം

ജൂൺ 24-നാണ് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായത്

MediaOne Logo

Web Desk

  • Updated:

    2026-06-28 11:43:38

Published:

28 Jun 2026 4:50 PM IST

വെനസ്വേല ഭൂകമ്പത്തിൽ അർജന്റീന ഫുട്‌ബോൾ താരത്തിന്റെ ഭാര്യക്കും മക്കൾക്കും ദാരുണാന്ത്യം
X

കാരാക്കസ്: വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ അർജന്റീന ഫുട്‌ബോൾ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും മരിച്ചു. വെനസ്വേലൻ ടോപ്പ്-ഫ്‌ളൈറ്റ് ക്ലബ്ബായ ഡിപോർട്ടീവോ ലാ ഗൈ്വറയാണ് ഈ ദാരുണമായ വാർത്ത സ്ഥിരീകരിച്ചത്. ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോവ ട്രെജോ എന്നിവരാണ് ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽപ്പെട്ട് മരണപ്പെട്ടത്. വെനസ്വേലൻ സെഗുണ്ട ഡിവിഷൻ ക്ലബായ മാരിറ്റിമോയുടെ പ്രതിരോധതാരമാണ് ട്രെജോ.

വെനസ്വേലയിലെ യാരാകുയ് മേഖലയിലുണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളിലാണ് ഇവരുടെ അപ്പാർട്ട്‌മെന്റ് കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ഇവർക്കായി രക്ഷാപ്രവർത്തകർ വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. സംഭവസമയത്ത് ലൂക്കാസ് ട്രെജോ തന്റെ നിലവിലെ ക്ലബ്ബായ മാരിറ്റിമോയ്ക്കൊപ്പം അടുത്ത മത്സരത്തിന്റെ തയ്യാറെടുപ്പുകൾക്കായി കാരാക്കസിലായിരുന്നു.



''ലൂക്കാസ് ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോവ ട്രെജോ എന്നിവരുടെ വിയോഗത്തിൽ ഡിപോർട്ടീവോ ലാ ഗൈ്വറ കുടുംബം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതിനൊപ്പം ലൂക്കാസിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു''- ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലകളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന റസിഡൻഷ്യൽ കെട്ടിടം ഭൂകമ്പത്തിൽ പൂർണമായും തകർന്നു. ദുരന്തവാർത്ത സ്ഥിരീകരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളും പ്രാദേശിക സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തകരും ചേർന്ന് ഇവർക്കായി തീവ്രമായ തിരച്ചിൽ നടത്തിയിരുന്നു.

തന്റെ കുടുംബത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും അവരെ കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ലൂക്കാസ് ട്രെജോ ഇൻസ്റ്റാഗ്രാമിലൂടെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ''പ്ലായ ഗ്രാൻഡെയിലെ ഞങ്ങളുടെ കെട്ടിടം തകർന്നു വീണു. എന്റെ കുടുംബത്തെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. ദയവായി അവർക്കായി പ്രാർഥിക്കുക. ആരെങ്കിലും അവരെ കണ്ടിട്ടുണ്ടെങ്കിൽ ഈ സന്ദേശം പങ്കുവെക്കുക. അവർ അവിടെ ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദയവായി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക'' എന്നായിരുന്നു ട്രെജോ കുറിച്ചത്.

ജൂൺ 24-നാണ് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ ആയിരത്തോളം പേർ മരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏതാണ്ട് 6.76 ദശലക്ഷത്തോളം (ഏകദേശം 67 ലക്ഷം) ആളുകളെ ഈ ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ടാകാമെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story