'ലോകസമാധാനത്തിന് ഗുരുതര ഭീഷണി': 78% ബ്രിട്ടീഷുകാരും ഇസ്രായേലിനെതിരെന്ന് സർവെ റിപ്പോർട്ട്
20 വർഷം മുമ്പ് 48% ആളുകളാണ് ഇസ്രായേലിനെ ഭീഷണിയായി കണ്ടിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഈ നിരക്കിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്

- Published:
10 Nov 2026 12:35 PM IST

ലണ്ടൻ: ലോകസമാധാനത്തിന് ഇസ്രായേൽ ഗുരുതര ഭീഷണിയാണെന്ന് ബ്രിട്ടനിലെ 78 ശതമാനം ആളുകളും( അഞ്ചില്‍ നാല് പേരും) കരുതുന്നതായി പുതിയ സർവെ റിപ്പോർട്ട്. യുകെയിലെ നാഷണൽ സെന്റർ ഫോർ സോഷ്യൽ റിസർച്ച് (NatCen) നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. 20 വർഷം മുമ്പ് 48% ആളുകൾ മാത്രമാണ് ഇസ്രായേലിനെ ഭീഷണിയായി കണ്ടിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഈ നിരക്കിൽ 10 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
അതേസമയം ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി ബ്രിട്ടീഷുകാർ കാണുന്നത് റഷ്യ(89%)യെയാണ്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ഇസ്രായേൽ ഉള്ളത്. നേരത്തെ രണ്ടാം സ്ഥാനത്ത് ഉത്തര കൊറിയയായരുന്നു. അമേരിക്ക ഭീഷണിയാണെന്ന് കരുതുന്നവരുടെ എണ്ണം 74 ശതമാനമായി ഉയർന്നു. 2024-ൽ ഇത് 35 ശതമാനം മാത്രമായിരുന്നു. വെറും രണ്ട് വർഷത്തിനിടയിലാണ് ഇരട്ടിയിലധികം വർധനവുണ്ടായത്. ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കപ്പെട്ട രാജ്യം റഷ്യയാണ് (89%).
പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളിൽ ഇസ്രായേൽ തുടരുന്ന ഇടപെടലുകളാണ് പ്രതിച്ഛായ തകരാൻ പ്രധാന കാരണമായി നാറ്റ്സെൻ ചൂണ്ടിക്കാണിക്കുന്നത്. "2023 ഒക്ടോബർ 7ലെ ഹമാസിന്റെ മിന്നലാക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ ഇസ്രായേൽ നരനായാട്ട് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. പിന്നീട് ഇറാനുമായുണ്ടായ ബോംബാക്രമണ പരമ്പര കൂടിയായതോടെ ഇസ്രായേൽ വിഷയം മിഡിൽ ഈസ്റ്റിൽ വലിയ പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്നും ആഗോള അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ബ്രിട്ടീഷ് ജനത ഭയപ്പെട്ടു'- സര്‍വേ പറയുന്നു.
അതേസമയം ഇസ്രായേലിനെയും അമേരിക്കയെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടി അനുഭാവികൾക്കിടയിലും വലിയ വ്യത്യാസമുണ്ട്. ഗ്രീൻ, ലേബർ, ലിബറൽ ഡെമോക്രാറ്റ് അനുഭാവികൾ ഇസ്രായേലിനെയും യുഎസിനെയും ലോകസമാധാനത്തിന് ഭീഷണിയായി കാണുന്നവരാണ്. എന്നാല്‍ ഇസ്രായേലിനെക്കാൾ ചൈന, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളെയാണ് കൺസർവേറ്റീവ്, റിഫോം യുകെ അനുഭാവികൾ കൂടുതൽ ഭീഷണിയായി കാണുന്നത്. കഴിഞ്ഞയാഴ്ചയാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Adjust Story Font
16
