ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതും: ജൂറിയുടെ ഗസ്സ പരാമർശത്തിൽ പ്രതിഷേധിച്ച് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
ഗസ്സയിൽ നടക്കുന്നത് ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയാണെന്നും, അമേരിക്കയെപ്പോലെ തന്നെ ഇതിന് ആയുധവും പണവും നൽകി സഹായിക്കുന്ന ജർമ്മനിയും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും അരുന്ധതി റോയ്

നോർവേ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെക്കുറിച്ചുള്ള ജൂറി അംഗങ്ങളുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ്. മേളയിലെ ജൂറി അധ്യക്ഷനും പ്രശസ്ത സംവിധായകനുമായ വിം വെൻഡേഴ്‌സ് ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവനകൾ തന്നെ അങ്ങേയറ്റം ഞെട്ടിച്ചുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് അരുന്ധതി റോയിയുടെ പിന്മാറ്റം. 'ദി വയർ' പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് താൻ മേള ബഹിഷ്കരിക്കുകയാണെന്ന് അരുന്ധതി അറിയിച്ചത്.
ഗസ്സയിൽ ജർമനിയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ചും മനുഷ്യാവകാശ വിഷയങ്ങളിലെ ഇരട്ടത്താപ്പിനെക്കുറിച്ചും വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇതിന് മറുപടിയായി, ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കല രാഷ്ട്രീയത്തിന് വിരുദ്ധമാണെന്നും സംവിധായകനും ജൂറി അംഗവുമായ വിം വെൻഡേഴ്‌സ് പ്രതികരിച്ചു. സിനിമാ പ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും രാഷ്ട്രീയക്കാരുടെ ജോലി സംവിധായകർ ചെയ്യേണ്ടതില്ലെന്നും വെൻഡേഴ്സ് കൂട്ടിച്ചേർത്തു. മറ്റൊരു ജൂറി അംഗമായ പോളിഷ് നിർമ്മാതാവ് എവ പുസ്ചിൻസ്‌കയും ഇത്തരത്തിലുള്ള ചോദ്യം ഉന്നയിക്കുന്നത് അനാവശ്യമാണെന്ന രീതിയിൽ സംസാരിച്ചു. മറ്റ് പലയിടത്തും യുദ്ധങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അവിടെയൊന്നും ഇത്തരം ചർച്ചകൾ ഉയരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ നിലപാടുകളെ അതിശക്തമായ ഭാഷയിലാണ് അരുന്ധതി റോയ് വിമർശിച്ചത്. ജൂറിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് അരുന്ധതി റോയ് പറഞ്ഞു. നമ്മുടെ കൺമുന്നിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിനെതിരായ വലിയൊരു ക്രൂരതയെക്കുറിച്ചുള്ള സംവാദങ്ങളെ അടിച്ചമർത്താനാണ് 'കല രാഷ്ട്രീയമാകരുത്' എന്ന വാദത്തിലൂടെ ഇവർ ശ്രമിക്കുന്നതെന്ന് അരുന്ധതി കുറ്റപ്പെടുത്തി. ഗസ്സയിൽ നടക്കുന്നത് ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയാണെന്നും, അമേരിക്കയെപ്പോലെ തന്നെ ഇതിന് ആയുധവും പണവും നൽകി സഹായിക്കുന്ന ജർമ്മനിയും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും അവർ തുറന്നടിച്ചു. ഇത്തരം സാഹചര്യങ്ങളിൽ യുദ്ധം നിർത്താൻ കലാകാരന്മാരും എഴുത്തുകാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്നും അവർ അഭിപ്രായപ്പെട്ടു.
അരുന്ധതി റോയ് തിരക്കഥയെഴുതിയ 1989-ലെ 'ഇൻ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ്' എന്ന ചിത്രം മേളയിലെ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 12 മുതൽ 22 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ജൂറിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പിന്മാറുകയായിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തുന്ന ജർമ്മൻ സർക്കാരിന്റെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നയങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ള കലാകാരന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Adjust Story Font
16

